കൊട്ടാരക്കര: ഡേറ്റാ എൻട്രി ജോലിക്ക് പ്രതിഫലം വാഗ്ദാനം ചെയ്ത് കൊട്ടാരക്കര ചെങ്ങമനാട് സ്വദേശിയിൽനിന്ന് പണം തട്ടിയ കേസിൽ പ്രതിയെ ബംഗളൂരുവിൽനിന്ന് കൊല്ലം റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു അഡുഗോഡി സ്വദേശി ബാലസുബ്രഹ്മണ്യൻ (47) ആണ് അഡുഗോഡി നഞ്ചപ്പ ലേഔട്ടിൽനിന്ന് അറസ്റ്റിലായത്.
യു.ആർ.എൽ (ലിങ്ക്), ഇമെയിൽ, മെസഞ്ചർ എന്നിവ വഴി ഡേറ്റാ മാനേജ്മെന്റ് കമ്പനിയിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ആദ്യം ഫോണിലൂടെയും പിന്നീട് മെസഞ്ചറിലൂടെയും ബന്ധപ്പെട്ട് ശമ്പളം അയക്കാനുള്ള യു.പി.ഐ ഐ.ഡി ആവശ്യപ്പെട്ടു.
ഒപ്പം ഫോട്ടോ, ഒപ്പ് എന്നിവ വ്യാജ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യിച്ചു. കരാർ തയാറാക്കി അയച്ചു കൊടുത്ത് വിശ്വാസ്യത നേടി എടുത്തതിനുശേഷമാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
ശമ്പളം ലഭിക്കണമെങ്കിൽ സോഫ്റ്റുവെയർ മാറ്റം, െക്രഡിറ്റ് സ്കോർ ഉയർത്തൽ, ലീഗൽ ചാർജ് എന്നീ ഇനങ്ങളിൽ പണം അയക്കണമെന്ന് ആവശ്യപ്പെട്ടതോടെ ചെങ്ങമനാട് സ്വദേശി അരലക്ഷത്തോളം രൂപ പ്രതിയുടെ യു.പി.ഐ ഐ.ഡിയിലേക്ക് അയച്ചു. പിന്നീട് തട്ടിപ്പാണെന്ന് വ്യക്തമായതോടെ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് ഇടപെടലിൽ തട്ടിപ്പുകാരന്റെ അക്കൗണ്ട് മരവിപ്പിച്ചു. ഇതോടെ പൊലീസ് അന്വേഷിച്ചുവരാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ പ്രതി വീട്ടിൽനിന്ന് മാറി താമസിച്ചു. ഡി.സി.ആർ.ബി, ഡിവൈ.എസ്.പി പി. റെജി എബ്രഹാമിന്റെ നേതൃത്വത്തിൽ ദിവസങ്ങൾ നീണ്ട അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്. പ്രതി ഇലക്ട്രിക്കൽ ആൻഡ് ഇലകേ്ട്രോണിക്സ് എൻജിനീയറിങ് ബിരുദധാരിയും മുൻ പ്രവാസിയുമാണ്. ഇത്തരത്തിൽ 30 ലധികംപേർ ഇയാൾക്ക് പണം അയച്ചു നൽകിയതായി സംശയിക്കുന്നു.
റൂറൽ ജില്ല പൊലീസ് മേധാവി എം.എൽ. സുനിലിന്റെ നിർദേശ പ്രകാരം റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഏലിയാസ് പി. ജോർജ്, എസ്.ഐ സി.എസ്. ബിനു, സി.പി.ഒ രജിത് ബാലകൃഷ്ണൻ എന്നിവർ ചേർന്നാണ് അഡുഗോഡി പൊലീസിന്റെ സഹകരണത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തത്. ബംഗളൂരു സിറ്റി അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ട്രാൻസിറ്റ് റിമാൻഡ് വാങ്ങി.
കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തും. സബ് ഇൻസ്പെക്ടർമാരായ എ.എസ്. സരിൻ, പ്രസന്നകുമാർ, എ.എസ്.ഐ തനൂജ, എസ്.സി.പി.ഒ സൈറസ് ജോബ്, സി.പി.ഒ ജി.കെ. സജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.