കൊട്ടാരക്കര: ഉമ്മന്നൂർ പഞ്ചായത്തിൽ പ്രതിസന്ധി കടുക്കുന്നു. ബി.ജെ.പി പിന്തുണയിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിയവരെ അന്വേഷണ വിധേയമായി പാർട്ടിയിൽനിന്ന് കോൺഗ്രസ് പുറത്താക്കി.
അതേസമയം, കോൺഗ്രസ് സ്ഥാനാർഥികൾക്ക് വോട്ടുചെയ്ത ബി.ജെ.പി അംഗം സ്ഥാനം രാജിവെച്ചു. ബി.ജെ.പി വോട്ടുവാങ്ങി ജയിച്ച പ്രസിഡന്റ് ഷീബ ചെല്ലപ്പനും വൈസ് പ്രസിഡന്റ് എസ്. സുജാതനും 24 മണിക്കൂറിനകം രാജിവെക്കണമെന്ന ഡി.സി.സി പ്രസിഡന്റിന്റെ നിർദേശം പാലിക്കാൻ തയാറാകാതെ വന്നതോടെയാണ് ജില്ല കോൺഗ്രസ് കമ്മിറ്റി നടപടി സ്വീകരിച്ചത്.
ഡി.സി.സി പ്രസിഡന്റിന്റെ കത്ത് ഇരുവർക്കും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ജി. അലക്സിനും കൈമാറി. പാർട്ടി നിർദേശം ലംഘിച്ച് ബി.ജെ.പി പിന്തുണയോടെ സ്ഥാനത്ത് തുടർന്നതിനാണ് നടപടി. തങ്ങൾ ഒരുകാരണവശാലും രാജിവെക്കില്ലെന്ന ഉറച്ചനിലപാടിലാണെന്നാണ് ഷീബ ചെല്ലപ്പനും എസ്. സുജാതനും ആവർത്തിച്ച് വ്യക്തമാക്കുന്നത്.
എൽ.ഡി.എഫ് ഭരണത്തിലുള്ള പഞ്ചായത്തിൽ മുന്നണി ധാരണപ്രകാരം പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെച്ചതോടെ ബുധനാഴ്ചയാണ് പുതിയ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. 20 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ കോൺഗ്രസ്- എട്ട്, സി.പി.ഐ - അഞ്ച്, സി.പി.എം - മൂന്ന്, ബി.ജെ.പി - മൂന്ന്, കേരള കോൺഗ്രസ്(ബി) - ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
സി.പി.എമ്മിലെ ബിന്ദു പ്രകാശിനെ പ്രസിഡന്റാക്കാനും സി.പി.ഐയിലെ സുനിൽ ടി. ഡാനിയേലിനെ വൈസ് പ്രസിഡന്റാക്കാനുമാണ് ഒമ്പത് അംഗങ്ങളുള്ള ഇടത് മുന്നണി തീരുമാനിച്ചത്. എന്നാൽ, ബി.ജെ.പിയുടെ മൂന്ന് അംഗങ്ങൾ കോൺഗ്രസിന് അനുകൂല നിലപാടെടുത്തതോടെ കണക്കുകൂട്ടലുകൾ തെറ്റുകയായിരുന്നു.
ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പിക്കെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കാൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ ബി.ജെ.പി പിന്തുണയിൽ പഞ്ചായത്ത് ഭരണം വേണ്ടെന്ന തീരുമാനം നേതൃത്വം അറിയിച്ചിട്ടും ഷീബ ചെല്ലപ്പനും എസ്. സുജാതനും അപ്രതീക്ഷിതമായി ലഭിച്ച സഥാനങ്ങൾ രാജിവെച്ചൊഴിയാൻ തയാറായില്ല.
വ്യാഴാഴ്ച പഞ്ചായത്തിലെ പൊതുപരിപാടികളിൽ ഇരുവരും സജീവമായി പങ്കെടുക്കുകയും ചെയ്തു. ഇതോടെയാണ് ഇരുവരെയും പാർട്ടിയിൽനിന്നും പുറത്താക്കാൻ ഡി.സി.സി തീരുമാനിച്ചത്. നിയമപരമായ തുടർനടപടികളും കൈക്കൊള്ളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.