കൊട്ടാരക്കര: അവണൂരിലെ സപ്ലൈകോ ഗോഡൗണിൽ പഴകിയ പച്ചരി ക്ലീൻ ചെയ്യുന്നുവെന്ന് ആരോപിച്ച് പ്രതിഷേധം. തുടർന്ന് തഹസിൽദാറിന്റെ നിർദ്ദേശപ്രകാരം വില്ലേജ് ഓഫിസർ ഗോഡൗൺ സീൽ ചെയ്തു. പഴകിയ പച്ചരി ക്ലീൻ ചെയ്യുന്നുവെന്ന് ആരോപിച്ചു കഴിഞ്ഞ ദിവസമാണ് ബി.ജെ.പി പ്രവർത്തകർ ഗോഡൗണിലെത്തിയത്.
വിവരം അറിഞ്ഞ് പൊലീസ് എത്തി പ്രതിഷേധക്കാരെ പിരിച്ചു വിട്ടു. കേന്ദ്ര സർക്കാറിന്റെ എൻ.എഫ്.എസ്.എ ഗോഡൗണിലെ പച്ചരിയാണ് വിവാദമായത്. വൈകീട്ട് 5.30 ഓടെ ജില്ല സപ്ലൈ ഓഫിസർ സി.വി. ഗോപകുമാർ സ്ഥലത്തെത്തി ഗോഡൗൺ തുറന്ന് പച്ചരി പരിശോധിച്ചു. പച്ചരി ക്ലീൻ ചെയ്യാൻ അനുമതിയുണ്ടെന്ന് ജില്ല സപ്ലൈ ഓഫിസർ വ്യക്തമാക്കിയതോടെ പ്രതിഷേധക്കാർ പിരിഞ്ഞുപോയി.
മൊത്തം 2975 ചാക്ക് പച്ചരിയാണ് ഇവിടെയുള്ളത്. ഇതിലെ പച്ചരി ക്ലീൻ ചെയ്യാൻ അനുമതിയില്ലെന്ന് ആരോപിച്ചാണ് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്.
ഇതിനിടെ കൊട്ടാരക്കര സി.ഐ പ്രശാന്ത് ബി.ജെ.പി പ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ വാക്ക് തർക്കമുണ്ടായി. 10 മിനിറ്റോളം നീണ്ട വാക്ക് തർക്കം ചെറിയ ഉന്തിലുംതള്ളിലും കലാശിച്ചു. ഭക്ഷ്യ സുരക്ഷാ വിഭാഗം പച്ചരി സാമ്പിൾ പരിശോധനക്കായി കൊണ്ടു പോയി. ഒരു വർഷം മുമ്പ് കൊട്ടാരക്കര ഗോഡൗണിൽ നിന്ന് 2500 ഓളം ചാക്ക് ചാക്കരി വിഷാംശം കലർന്നതിനെ തുടർന്ന് അധികൃതർ പിടിച്ചെടുത്തിരുന്നു. ആറ് മാസം മുമ്പ് കൊട്ടാരക്കര തൃക്കണ്ണമംഗലിലെ ഗോഡൗണിൽ വെള്ളം കയറി അരി നശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.