കൊട്ടാരക്കര: അനധികൃത പാറ, മണ്ണ് ഖനനത്തിനു കൂട്ടുനിന്ന ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പരാതി നൽകി മടുത്ത നാട്ടുകാർക്ക് കൊട്ടാരക്കര തഹസിൽദാർ എം.കെ. അജികുമാർ, ഡെപ്യൂട്ടി തഹസിൽദാർ പി. അനിൽകുമാർ, ഡ്രൈവർ മനോജ്, താൽകാലിക ഡ്രൈവർ മനോജ് എന്നിവരെ കൈക്കൂലി കേസിൽ കലക്ടറേറ്റ് റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സസ്പെൻഡ് ചെയ്തപ്പോഴാണ് കള്ളി വെളിച്ചത്തായത്.
കൊട്ടാരക്കര മുതൽ വാളകം വരെ ദേശീയപാതയുടെ ഇരുവശങ്ങളുടെയും കൂറ്റൻ കുന്നുകൾ അനധികൃതമായി നികത്താൻ റവന്യു വകുപ്പ് കൂട്ട് നിന്നു. കൂറ്റൻ മല എസ്കവേറ്റർ ഉപയോഗിച്ച് ഇടിച്ചു കൊണ്ടിരിക്കുന്നതിനാൽ മഴയിൽ മണ്ണ് തകർന്ന് ദേശീയപാതയിലേക്ക് വീഴാൻ സാധ്യത ഏറെയാണ്. ഓടനാവട്ടം പരുത്തിയറയിൽ വൻതോതിൽ വയൽ നികത്തൽ നടന്നിട്ടും തഹസിൽദാറിന്റെഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ല.
കുളക്കട സ്വദേശി രാധാകൃഷ്ണപിള്ള ഇഷ്ടിക നിർമിക്കുന്നതിനായി തഹസിൽദാറിനെ സമീപിച്ചിരുന്നു. ലക്ഷം രൂപ വേണമെന്ന് തഹസിൽദാർ പറഞ്ഞു. തുടർന്ന് രാധാകൃഷ്ണപിള്ള റവന്യൂമന്ത്രിക്ക് പരാതി നൽകി. തുടർന്ന് കലക്ടറേറ്റ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് അന്വേഷണത്തിൽ കള്ളത്തരം പുറത്ത് കൊണ്ടു വന്നത്.
കുമിളിൽ പ്രവർത്തനമില്ലാതെ കിടക്കുന്ന പാറക്വാറി പ്രവർത്തിപ്പിക്കാൻ വേണ്ടി തഹസിൽദാർ ഡ്രൈവർ മനോജ് വഴി 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇതിൽ ഡെപ്യൂട്ടി തഹസിൽദാറിനും വിവിധ റവന്യു ഉദ്യോഗസ്ഥർക്കും പണം നൽകാൻ തഹസിൽദാർ ആവശ്യപ്പെട്ടു. ഖനനത്തിന് പെർമിറ്റ് കിട്ടിയാൽ മാസം ഒന്നു മുതൽ രണ്ടുലക്ഷം രൂപ വരെ നൽകാൻ തഹസിൽദാർ മനോജിനോട് പാറ മാഫിയോട് പറയാൻ ആവശ്യപ്പെട്ടു. ജൂൺ മാസത്തിൽ പണം വാങ്ങാനാണ് തീരുമാനിച്ചത്.
ഇതിന്റെയെല്ലാം വീഡിയോ, ഓഡിയോ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിലെ അണ്ടർ സെക്രട്ടറിക്ക് ലഭിച്ചു. വെളിയം പഞ്ചായത്തിലെ കുടവട്ടൂരിൽ അനധികൃത പാറ ഖനനമാണ് നടക്കുന്നത്. മൂന്ന് മാസം മുമ്പാണ് കൊട്ടാരക്കര താലൂക്കിൽ എം.ജെ. അനിൽകുമാർ തഹസിൽദാറായി ചുമതല എടുക്കുന്നത്. ഇതിനുശേഷം വയൽ നികത്തലും പാറഖനനവും വർധിച്ചു. പലരും റവന്യു വകുപ്പിൽ പരാതി നൽകിയെങ്കിലും അത് പുറത്ത് വരാത്ത രീതിയിൽ ഉന്നതങ്ങളിൽ ഇടപെടീൽ ഉണ്ടായി.
താലൂക്ക് വികസന സമിതിയിൽ തഹസിൽദാർ മണ്ണ്, പാറ മാഫിയയുടെ ഭീഷണിയുണ്ടെന്ന് പറഞ്ഞ് പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറിയിരുന്നു. പാറ, മണ്ണ് ഖനനം നിരുപാധികം തുടരുകയും ചെയ്തു. ഒടുവിൽ പരാതിക്കാർ റവന്യു മന്ത്രിക്ക് നേരിട്ട് പരാതി നൽകിയപ്പോഴാണ് കള്ളി വെളിച്ചത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.