കൊട്ടാരക്കര: കഥകളിയെന്ന ശാസ്ത്രീയ കലാരൂപത്തിന്‍റെ പ്രണേതാവായ കൊട്ടാരക്കര തമ്പുരാന്‍റെ സ്മരണ നിലനിർത്തുന്നതിന് സ്ഥാപിച്ച തമ്പുരാൻ സ്മാരക മ്യൂസിയം പരിമിതികളിൽ വീർപ്പുമുട്ടുന്നു. കഥകളിയുടെ ഉപജ്ഞാതാവായ കൊട്ടാരക്കര തമ്പുരാന്‍റെ ജന്മഗൃഹത്തിലാണ് തമ്പുരാൻ സ്മാരക മ്യൂസിയം.
വേണാട് രാജവംശത്തിന്‍റെ ശാഖയായ ഇളയിടത്തു സ്വരൂപത്തിന്‍റെ ആസ്ഥാനമായിരുന്നു കൊട്ടാരക്കര. 350ലേറെ വർഷത്തെ പഴക്കമുള്ളതാണ് ഈ കോവിലകക്കെട്ട്. പ്രസിദ്ധമായ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തോട് ചേർന്നാണ് കേരളീയ ശൈലിയിൽ തീർത്ത കൊട്ടാരം സ്ഥിതിചെയ്യുന്നത്.
ഇത്രയേറെ പാരമ്പര്യവും മഹത്തരവുമായ ഒന്നാണ് വേണ്ടത്ര ശ്രദ്ധിക്കാതെ പൊടിപിടിച്ചിരിക്കുന്നത്. കൊട്ടാരക്കരയെന്ന പേരിന്‍റെ പൂർണത കൊട്ടാരക്കര തമ്പുരാനും കഥകളിയുമാണ്. എന്നാൽ, അത്രയും പ്രാധാന്യം ഇന്ന് ലഭിക്കുന്നതേയില്ല.
തൃക്കണ്ണമംഗൽ തോട്ടംമുക്കിലെ വാടക കെട്ടിടത്തിൽനിന്ന് ഇവിടേക്ക് മാറിയെന്നതല്ലാതെ വലിയ മാറ്റമൊന്നും മാറ്റം ഇപ്പോഴുമുണ്ടായിട്ടില്ല. ക്ലാസിക്കൽ കലകളുടെ സംരക്ഷണം കൂടി ലക്ഷ്യമിടുന്നതാണ് മ്യൂസിയമെങ്കിലും മതിയായ സ്ഥലമോ സംരക്ഷണമോ ഇവിടെയില്ല.
മോഹിനിയാട്ടം, കഥകളി എന്നിവയിലെ മുദ്രകൾ, പ്രയോഗങ്ങൾ, അടവുകൾ, നിലകൾ എന്നിവയോടൊപ്പം ഈ കലാരംഗത്തെ ആചാര്യന്മാർ ഉപയോഗിച്ചിരുന്ന ആടയാഭരണങ്ങളും ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നുണ്ടെങ്കിലും പൊടിപിടിച്ചും തുറന്ന പ്രദർശനമായതിനാലും പല കേടുപാടുകളും രൂപങ്ങൾക്കും വസ്ത്രങ്ങൾക്കും സംഭവിച്ചിട്ടുണ്ട്.
1983ലാണ് തൃക്കണ്ണമംഗലിൽ വാടക കെട്ടിടത്തിൽ കൊട്ടാരക്കര തമ്പുരാന്‍റെ നാമധേയത്തിൽ ക്ലാസിക്കൽ കലാ മ്യൂസിയം ആരംഭിക്കുന്നത്. ആ കെട്ടിടത്തിൽ പെട്ടികൾക്കുള്ളിലായിരുന്നു കലാരൂപങ്ങളും ഉപകാരങ്ങളും വസ്ത്രങ്ങളുമെല്ലാം.
ദീർഘനാൾ ആരും കാണാനില്ലാതെ വാടക കെട്ടിടത്തിൽ കിടന്നിരുന്ന മ്യൂസിയം 2010 ഏപ്രിൽ 15നാണ് ദേവസ്വം ബോർഡിന്‍റെ പൈതൃക കലാ കേന്ദ്രത്തിലേക്ക് മാറ്റിയത്. എന്നാൽ, ഇവിടെനിന്നും മ്യൂസിയം മാറ്റാൻ ചില ശ്രമങ്ങൾ നടന്നെങ്കിലും സർക്കാർ ഇടപെടലിൽ മ്യൂസിയം ഇവിടെ നിലനിന്നു.
അഞ്ച് ഗാലറികളാണ് മ്യൂസിയത്തിലുള്ളത്. ക്ലാസിക്കൽ കലകൾക്ക് പ്രത്യേകിച്ച് കഥകളിക്ക് പ്രാധാന്യം നൽകിയാണ് പ്രദർശന ക്രമീകരണം. നാട്യകരണ മുദ്രകളുടെ ഗാലറി, കഥകളിച്ചമയങ്ങളുടെ (കോപ്പുകൾ) ഗാലറി, നാണയ ഗാലറി, ശിൽപ ഗാലറി, മഹാ ശിലായുഗ ഗാലറി എന്നിവയാണിവിടെയുള്ളത്. പഞ്ചമുഖ മിഴാവ് ഉൾപ്പെടെ അപൂർവ ഇനത്തിൽപെട്ട പ്രദർശന വസ്തുക്കൾ ഇവിടെയുണ്ട്. പ്രദർശനം സൗജന്യമാണ്.
കൊട്ടാരക്കര: പുരാവസ്തു വകുപ്പിനെ കുടിയൊഴിപ്പിക്കാൻ മുന്നിട്ടിറങ്ങി ദേവസ്വം വകുപ്പ്. പുരാവസ്തു വകുപ്പ് ദേവസ്വം ബോർഡിന് ഒരു രൂപ വച്ച് മാസം നൽകുന്നില്ലെന്ന പരാതിയാണ് ആദ്യം നൽകിയത്.
ഇതുപരിഹരിതോടെയാണ് വീണ്ടും പുരാവസ്തു വകുപ്പിനെ ഇവിടെ നിന്ന് മാറ്റാൻ ദേവസ്വം ബോർഡ് തീരുമാനം എടുത്തത്. കഥകളി ഉദയം ചെയ്ത സ്ഥലത്തുനിന്ന് പുരാവസ്തു അധികൃതർ പുരാതന സാധനങ്ങളുമായി ഒഴിയണമെന്ന ദേവസ്വം ബോർഡിന്‍റെ ആവശ്യത്തിനെതിരെ ശകതമായ എതിർപ്പാണ് ഉണ്ടായിരിക്കുന്നത്. കൊട്ടാരക്കരയിൽനിന്ന് കഥകളിയുടെ ഓർമ തന്നെ ഇല്ലാതാക്കുന്ന പ്രവണതയാണ് ഇപ്പോൾ നടക്കുന്നത്.
കൊട്ടാരക്കര: കൊട്ടാരക്കര തമ്പുരാൻ സ്മാരക മ്യൂസിയത്തിന്‍റെ ഓട് പലയിടത്തും തകർന്നതിനാൽ മഴയിൽ പുരാവസ്തുക്കൾ നശിക്കുന്നു. മഴ വെള്ളം മ്യൂസിയത്തിൽ തളം കെട്ടി കിടക്കുന്നത് പതിവാണ്. ഇവിടെനിന്ന് വെള്ളം മാറ്റുന്നത് ബുദ്ധിമുട്ടായിരിക്കുകയാണ്. മ്യൂസിയത്തിന്‍റെ തനത് ശൈലി നിലനിർത്തി അറ്റകുറ്റ പണികൾ നടത്തുമെന്ന് അധികൃതർ അറിയിെച്ചങ്കിലും നടപടി ഉണ്ടായില്ല.
ദേവസ്വം ബോർഡുമായുള്ള തർക്കം മൂലമാണ് മ്യൂസിയത്തിന് തുക അനുവദിക്കാത്തതെന്ന ആരോപണം ശക്തമാണ്. കഥകളിയുടെ വിവിധ രൂപങ്ങളുടെ പ്രതിമകളുടെ മുകളിൽ മഴ വെള്ളം വീണ് നശിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.