കൊട്ടാരക്കര: റെയിൽവേ സ്റ്റേഷൻ ജങ്ഷനിൽ നിർമിച്ച പൊതുശൗചാലയത്തിന്റെ ഗതികേട് അവസാനിക്കുന്നില്ല. ശുചിത്വ മിഷന്റെ സഹായത്തോടെ നിർമിച്ച ശൗചാലയ സമുച്ചയം ഉദ്ഘാടനത്തിന് മുമ്പേ വിവാദത്തിലായിരുന്നു. നിർമാണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ബി.ജെ.പി സമരവും റീത്ത് വെച്ച് പ്രതിഷേധിക്കലും നടത്തിയിരുന്നു.
നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ശൗചാലയത്തിലേക്ക് പൈപ്പ് കണക്ഷൻ ലഭിച്ചിരുന്നില്ല. ഇവിടെ സ്ഥാപിച്ചിരുന്ന സാനിട്ടറി ഉപകരണങ്ങൾ പലകുറി സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. പ്രതിഷേധങ്ങൾക്കൊടുവിൽ തട്ടിക്കൂട്ടി ഉദ്ഘാടനം നടത്തിയെങ്കിലും അന്നുതന്നെ ജല വിതരണക്കുഴൽ പൊട്ടിയതിനാൽ ശൗചാലയം പൂട്ടി.
രണ്ടുമാസത്തിനുശേഷം ശൗചാലയത്തിന് മുകളിലെ ജലസംഭരണി തകർന്നു വീണിരുന്നു. കൽകെട്ട് ഇളകി സംഭരണി മറിയുകയായിരുന്നു. പുതിയ സംഭരണി സ്ഥാപിച്ചെങ്കിലും ശൗചാലയം പൂട്ടിത്തന്നെ കിടന്നു. കൊട്ടാരക്കര നഗരത്തിൽ ആവശ്യത്തിന് പൊതുശൗചാലയമില്ലാത്തത് ജനങ്ങളെ വല്ലാതെ വലക്കുമ്പോഴും തുറന്നു പ്രവർത്തിക്കാൻ നടപടിയില്ല. സ്വകാര്യ ബസ് സ്റ്റാൻഡിലും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും പണം നൽകി ഉപയോഗിക്കാവുന്ന ശൗചാലയങ്ങളാണുള്ളത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ
ശൗചാലയത്തിന്റെ സെപ്റ്റിക് ടാങ്ക് ചോരുന്നത് പലപ്പോഴും പരാതികൾക്കിടയാക്കുന്നു. നിർമിച്ച ശൗചാലയമെങ്കിലും തകരാറുകൾ പരിഹരിച്ച് തുറന്ന് നൽകണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.