കൊട്ടാരക്കര: കേരളത്തിലെ ആദ്യ പുസ്തക ഗ്രാമമായ പെരുങ്കുളത്ത് നാട്ടുകാർക്ക് ഗുണകരമായ രീതിയിൽ ആർക്കും എപ്പോഴും എടുത്ത് വായിക്കുന്നതിന് പൊതുസ്ഥലത്ത് സ്തൂപത്തിൽ സൂക്ഷിച്ചിരുന്ന പുസ്തകങ്ങൾ സാമൂഹികവിരുദ്ധർ തീയിട്ട് നശിപ്പിച്ചു.
ബാപ്പുജി വായനശാല പെരുങ്കുളം ജങ്ഷനിൽ സ്ഥാപിച്ച പുസ്തക സ്തൂപത്തിൽ സൂക്ഷിച്ചിരുന്ന പുസ്തകങ്ങളാണ് കത്തിച്ചത്. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. കോൺക്രീറ്റ് കൂട്ടിൽ കണ്ണാടി വാതിലിനുള്ളിൽ സൂക്ഷിച്ചിരുന്ന പുസ്തകങ്ങൾ സ്തൂപത്തിന് സമീപം പുറത്തിട്ട് കത്തിക്കുകയുമായിരുന്നു.
കൂടാതെ പുസ്തകസ്തൂപത്തിന്റെ ലോഗോ തകർക്കുകയും ചെയ്തു. അറുപതോളം പുസ്തകങ്ങളാണ് സ്തൂപത്തിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ബാപ്പുജി വായനശാല ഭാരവാഹികൾ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സാമൂഹികവിരുദ്ധരാണ് അക്രമത്തിന് പിന്നിലെന്ന് വായനശാല പ്രസിഡന്റ് രാജീവ് ആരോപിച്ചു.
പ്രഭാതസവാരിക്കെത്തിയ നാട്ടുകാരാണ് പുസ്തകങ്ങൾ കത്തിച്ചത് കണ്ടത്. ബാപ്പുജി വായനശാല പ്രവർത്തകർ പെരുങ്കുളത്ത് 12 പുസ്തകക്കൂടുകൾ സ്ഥാപിച്ചതുൾപ്പെടെ പ്രവർത്തനങ്ങളിലൂടെയാണ് ഗ്രാമത്തിന് 2021ൽ പുസ്തകഗ്രാമം പദവി ലഭിച്ചത്.
ഈ പ്രഖ്യാപനത്തെ തുടർന്നാണ് പെരുങ്കുളം ജങ്ഷനിലെ പുസ്തകക്കൂടിന് കോൺക്രീറ്റ് സ്തൂപം രണ്ട് വർഷം മുമ്പ് നിർമിച്ചത്. അടുക്കിവെച്ചിരിക്കുന്ന ഏഴ് പുസ്തകങ്ങൾക്ക് മുകളിൽ സ്ഥാപിച്ച കൂട്ടിൽ ആണ് പുസ്തകങ്ങൾ സൂക്ഷിച്ചിരുന്നത്. സ്തൂപത്തിന് സമീപത്ത് ബെഞ്ചുകൾ സ്ഥാപിച്ചും തണൽമരങ്ങൾ നട്ടും ഇരുന്ന് വായിക്കാനും സൗകര്യമൊരുക്കിയിരുന്നു. ചരിത്രഗവേഷകർക്കും വിദ്യാർഥികൾക്കും ഗുണകരമായിരുന്നു ഈ സ്തൂപത്തിൽ സൂക്ഷിച്ചിരുന്ന വിവിധ പുസ്തകങ്ങൾ.
മുമ്പ് ഈ പുസ്തക സ്തൂപത്തിന് ചുറ്റും മാലിന്യം വലിച്ചെറിഞ്ഞവരെ തിരിച്ചറിഞ്ഞ് അവരെക്കൊണ്ട് വായനശാല പ്രവർത്തകർ മാലിന്യം തിരികെ എടുപ്പിക്കുകയും സമീപത്ത് നെല്ലിമരം നടീപ്പിക്കുകയും ഗാന്ധിജിയുടെ ആത്മകഥ നൽകുകയും ചെയ്തിരുന്നു.
വിലമതിക്കാനാകാത്ത പുസ്തകങ്ങൾ നശിപ്പിച്ചവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് ശിക്ഷ നൽകണമെന്ന ആവശ്യമാണ് പുസ്തകഗ്രാമത്തിലെ നാട്ടുകാർ ഉയർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.