വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ കത്തിയ സംഭവം: കുരുക്കഴിക്കാനാകാതെ പൊലീസ്

കൊട്ടാരക്കര: മൊബൈൽ ഫോൺ വഴി മെസേജ് വരുന്നതിന് പിന്നാലെ വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ കത്തിയ സംഭവത്തിൽ കുരുക്കഴിക്കാനാവാതെ പൊലീസ്.

കൊട്ടാരക്കര നെല്ലിക്കുന്നം രാജി വിലാസത്തിൽ സജിതയുടെ വീട്ടിൽ മൊബൈൽ ഫോണിൽ അറിയിപ്പ് ലഭിച്ചാൽ ഉടനെ വൈദ്യുതി ഉപകരണങ്ങൾ കത്തി നശിക്കുന്നുവെന്നാണ് കൊട്ടാരക്കര പൊലീസ്, സൈബർ പൊലീസ്, റൂറൽ എസ്.പി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയത്. കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ നിന്ന് ചെറിയ ചിപ്പ് കണ്ടെത്തിയതിന് ശേഷമാണ് മൊബൈൽഫോണിൽ അറിയിപ്പ് വരുന്നതും ഉപകരണങ്ങൾ കത്തി നശിക്കുന്നതും നിലച്ചത്.

എന്നാൽ, പൊലീസ് ഈ വിവരങ്ങളെ പാടേ നിഷേധിച്ചിരിക്കുകയാണ്. സജിതയുടെ കിടപ്പ് മുറിയിൽനിന്ന് കണ്ടെത്തിയ ചിപ്പ് ബ്ലൂടൂത്തിന്‍റേതാണ്. ഇതിന്‍റെ തരംഗ ദൈർഘ്യം 10 മീറ്റർ മാത്രമാണ്.

ഇതിന്‍റെ പ്രവർത്തനം കൊണ്ടല്ല മൊബൈൽഫോണിൽ സന്ദേശം വരുന്നതും അതനുസരിച്ച് വീട്ടുപകരണങ്ങൾ നശിക്കുന്നതുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ 'മാധ്യമ'ത്തോട് പറഞ്ഞത്. സജിത മൂന്ന് മാസം മുമ്പ് വിദേശത്ത് പോയപ്പോഴാണ് വീടിന്‍റെ വയറിങ്ങിന് തീപിടിച്ചതും വൈദ്യുതി ഉപകരണങ്ങൾ കത്തിയതുമെന്നാണ് പൊലീസ് പറയുന്നത്.

എന്നാൽ, വീട്ടിൽനിന്ന് ചിപ്പ് കണ്ട് കിട്ടിയതിന് ശേഷമാണ് വൈദ്യുതി ഉപകരണങ്ങൾ നശിക്കാത്തതെന്ന് സജിത പറഞ്ഞു. സജിതയുടെ അമ്മ വിലാസിനിയുടെ മൊബൈൽഫോൺ നമ്പർ ഉപയോഗിച്ച് മറ്റൊരാൾ ഇവരുടെ വാഡ്സ്ആപ് കൈകാര്യം ചെയ്യുന്നതായിട്ടാണ് പൊലീസിന്‍റെ നിഗമനം. അതിനാലാണ് വിലാസിനിയുടെ മൊബൈൽ ഫോണിൽ സന്ദേശം വരുന്നത്.

പ്രതി തന്‍റെ മൊബൈൽ ഫോണിൽനിന്ന് ഒ.ടി.പി വഴി ഇതിനായുള്ള ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ നിന്ന് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഇതു വഴിയാണ് വിലാസിനിയുടെ മൊബൈൽഫോണിൽ മേസേജ് വന്നിരുന്നത്.

എന്നാൽ, സന്ദേശത്തിൽ പറയുന്ന കാര്യങ്ങളായ വൈദ്യുതി ഉപകരണങ്ങൾ നശിക്കുമെന്ന് പറയുന്ന മുറക്ക് അത് പ്രാവർത്തികമാകുന്നുവെന്ന വീട്ടുകാരുടെ അവകാശവാദത്തിനോട് യോജിച്ച് പോകാനാകാത്തതാണ് അധികൃതരെ കുഴപ്പിക്കുന്നത്.

മാത്രമല്ല വീട്ടിൽ സംഭവിക്കുന്ന കാര്യങ്ങൾ അതുപോലെ അമ്മയുടെയും സജിതയുടെയും മൊബൈൽഫോണിൽ പലപ്പോഴായി വരുന്നത് എങ്ങനെ തെളിയിപ്പിക്കുമെന്നതും പൊലീസിന് മുന്നിലെ കടമ്പയാണ്.

Tags:    
News Summary - The incident of burning electrical appliances in the house-Police are unable to solve the problem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.