കൊട്ടാരക്കര: താലൂക്കാശുപത്രിയിൽ വികസന പദ്ധതികളുടെ നിർമാണ പുരോഗതി വിലയിരുത്താൻ മന്ത്രി കെ.എൻ. ബാലഗോപാലെത്തി. വിവിധ കാരണങ്ങളാലും വകുപ്പുകളുടെ ഏകോപനമില്ലായ്മയാലും പദ്ധതി ഇഴഞ്ഞുനീങ്ങുന്നതായി വിലയിരുത്തിയ മന്ത്രി നിർമാണങ്ങൾ വേഗത്തിലാക്കാൻ നിർദേശം നൽകി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നഗരസഭ എ.ഇ, ആശുപത്രി സൂപ്രണ്ട്, നിർമാണ ഏജൻസിയായ കെ.എസ്.ഇ.ബിയുടെ പ്രതിനിധി എന്നിവർ അടങ്ങിയ സമിതി രൂപവത്കരിക്കാൻ മന്ത്രി നിർദേശിച്ചു.
2020 ആഗസ്റ്റിൽ തുടക്കമിട്ട പദ്ധതിയിൽ ഒരു കെട്ടിടത്തിന്റെ നിർമാണം മാത്രമാണ് പൂർത്തിയായത്. 10 നിലകളോടു കൂടിയ പ്രധാന കെട്ടിടത്തിന്റെ നിർമാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ആശുപത്രി ഓഫിസ് കെട്ടിടം, പേ വാർഡ് ബ്ലോക്ക്, രക്ത ബാങ്ക്, ലാബ് പ്രവർത്തിക്കുന്ന കെട്ടിടം എന്നിവ പൊളിക്കുന്നതിനുള്ള തടസ്സങ്ങൾ ഉദ്യോഗസ്ഥരുമായും ആശുപത്രി, നഗരസഭ അധികൃതർ എന്നിവരുമായും ചർച്ച ചെയ്ത മന്ത്രി പ്രായോഗിക നിർദേശങ്ങൾ നൽകി. നിർമാണം പൂർത്തിയായ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലേക്ക് താൽക്കാലികമായി ഓഫിസ് പ്രവർത്തനം മാറ്റും.
കെട്ടിടത്തിലേക്കാവശ്യമായ ഫർണിചർ നഗരസഭ ലഭ്യമാക്കും. ലാബ് പ്രവർത്തനം മുടങ്ങാതെതന്നെ ഈ കെട്ടിടത്തിന്റെ ഭാഗങ്ങൾ പൊളിച്ചുമാറ്റാനും നിർദേശിച്ചു. പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ 17 ലക്ഷത്തിന്റെ കരാറാണ് നൽകിയിരിക്കുന്നത്. പൊളിച്ചു മാറ്റലും നിർമാണവും വെവ്വേറെ ഏജൻസികളാണ് നടത്തുന്നത്.
നിസ്സാരമായ സാങ്കേതിക തടസ്സങ്ങൾ കാട്ടി നിർമാണങ്ങൾ തടസ്സപ്പെടുത്തുന്ന നിലയാണുള്ളത്. ഉദ്ഘാടനം ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് പ്രവർത്തന സജ്ജമായില്ല. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 90 കോടിയോളം രൂപയുടെ വികസന പദ്ധതികളാണ് താലൂക്കാശുപത്രിയിൽ നടത്തുന്നത്. 10 നിലയുള്ള വാർഡ് ടവർ, അഞ്ച് നിലയുള്ള ഡയഗ്നോസ്റ്റിക് ബ്ലോക്ക് എന്നിവയാണ് ഇനി നടക്കേണ്ട പ്രധാന നിർമാണങ്ങൾ.
ലിഫ്റ്റുകൾ, സാനിറ്റേഷൻ, ജൈവ മാലിന്യ സംസ്കരണം, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, അഗ്നിരക്ഷാ സംവിധാനം, പ്രവേശന കവാടം, ചുറ്റുമതിൽ, നടപ്പാത എന്നിവയടങ്ങുന്നതാണ് പദ്ധതി. കെ.എസ്.ഇ.ബി സിവിൽ വിഭാഗത്തിനാണ് നിർമാണ ചുമതല. 90 കോടിയോളം ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ 67.67 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
നിർമാണങ്ങൾ പൂർത്തിയാകും വരെ സ്ഥലപരിമിതി ഉൾപ്പടെ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വരുമെന്ന് ഓർമിപ്പിച്ച മന്ത്രി എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കണമെന്നും പറഞ്ഞു. നഗരസഭാധ്യക്ഷൻ എസ്.ആർ. രമേശ്, ആശുപത്രി സൂപ്രണ്ട് സിന്ധു ശ്രീധരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.