കൊട്ടാരക്കര: താലൂക്ക് ഓഫീസിൽ സർവെയർമാരില്ലാത്തത് പ്രതിസന്ധിയാകുന്നു. 27 വില്ലേജുകളിലെ ആകെ സർവേ പരാതികൾ പരിഹരിക്കാനുള്ളത് ഒരു ഹെഡ് സർവെയറും രണ്ടു സർവെയറും മാത്രം. 10 സ്ഥിരം സർവെയർമാർ വേണ്ടിടത്താണ് മൂന്നുപേർ മാത്രമുള്ളത്. മൂവായിരത്തിലധികം സർവെ അപേക്ഷകളാണ് താലൂക്കിൽ നടപടികാത്ത് കെട്ടിക്കിടക്കുന്നത്. പുതിയ അപേക്ഷകൾ എത്തുകയും ചെയ്യുന്നുണ്ട്. ഭൂമി അളക്കൽ സംബന്ധിച്ച് നവകേരള സദസ്സിൽ നൽകിയ പരാതികൾ പോലും തീർപ്പായിട്ടില്ല. ഡിജിറ്റൽ സൾവെകൾക്കായി സർവെയർമാരെ നിയോഗിച്ചതാണ് താലൂക്കിൽ സർവെയർമാർ കുറയാൻ കാരണമായത്. അഞ്ചു സർവെയർമാർ മുമ്പ് താലൂക്ക് ഓഫീസിൽ ഉണ്ടായിരുന്നു. ഉദ്യോഗ കയറ്റം ലഭിച്ച സ്ഥിരം സർവെയർമാരിൽ ഒരാൾക്ക് പകരം നിയമനമുണ്ടായില്ല. വർക്കിങ് അറേഞ്ച്മെന്റിൽ നിയമിതരായിരുന്നവരെ അഡീഷനൽ ഡയറക്ടറേറ്റുകളിലേക്ക് തിരികെ വിളിച്ചു.
ഡിജിറ്റൽ സർവെക്കും സർക്കാരിന്റെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട സർവെകൾക്കും ഇവരെ നിയോഗിച്ചു. ചുരുക്കത്തിൽ സർവെ സംബന്ധമായ അപേക്ഷ നൽകുന്നവർ ഏറെ നാൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്. താലൂക്കിലെ സർവെ ജോലികൾക്ക് ഐ.ടി വിദ്യാർഥികളുടെ സേവനം ലഭ്യമാക്കണമെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ മുമ്പ് ആവശ്യമുയർന്നിരുന്നു. വിവാദമാകുന്ന ഭൂമി ഇടപാടുകളിലും കോടതിയിലുള്ള ഭൂമി വ്യവഹാരങ്ങളിലും വേഗത്തിൽ സർവെ നടത്തേണ്ടിവരുന്ന സംഭവങ്ങൾ നിരവധിയാണ്. ഉദ്യോഗസ്ഥർ അതിനായി പോകുമ്പോൾ തീർപ്പാകാതിരിക്കുന്നത് സാധാരണക്കാരുടെ അപേക്ഷകളാണ്. പുലമൺ തോട് നവീകരണം പോലെയുള്ള പൊതു പദ്ധതികളിലും സർവെ ജോലി അനിവാര്യമാണ്. അശാസ്ത്രീയവും അടിക്കടിയുമുണ്ടാകുന്ന സ്ഥലം മാറ്റങ്ങൾ സർവെ വിഭാഗത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.