കൊട്ടാരക്കര: വാഹന പരിശോധനയിൽ മൂന്നുപേരെ 3.750 കിലോ കഞ്ചാവുമായി പിടികൂടി. വിളക്കുടി ആവണീശ്വരം ചക്കുപാറ പ്ലാംകീഴിൽ ചരുവിള വീട്ടിൽ ചക്കുപാറ വിഷ്ണു എന്നറിയപ്പെടുന്ന വിഷ്ണു (27), കൊട്ടാരക്കര വല്ലം ശ്രീകൃഷ്ണ മന്ദിരത്തിൽ അരുൺ അജിത്ത് (25), ആവണീശ്വരം ചക്കുപാറ കോളനിയിൽ പുത്തൻവീട്ടിൽ ഗോകുൽ (18) എന്നിവരാണ് അറസ്റ്റിലായത്.
ചക്കുപാറ വിഷ്ണു കാപ നിയമപ്രകാരം ആറുമാസം ജയിൽ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയത് മൂന്നുമാസം മുമ്പാണ്. ഇയാൾ കൊലപാതകം, നരഹത്യ ശ്രമം, കൂട്ടക്കവർച്ച, കള്ളനോട്ട്, അടിപിടി കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ്.
അരുൺ അജിത്ത് മോഷണം, കഞ്ചാവ് കേസുകളിൽ പ്രതിയായിരുന്നു. ഇവർ കൊല്ലം റൂറൽ ജില്ലയിൽ കഞ്ചാവ് മയക്കുമരുന്ന് വിപണത്തിന്റെ പ്രധാനികളാണ്. കൊട്ടാരക്കര ഡിവൈ.എസ്.പി ജി. ഡി. വിജയകുമാർ, കൊല്ലം റൂറൽ ജില്ല സി ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ജോസ് എന്നിവരുടെ മേൽനോട്ടത്തിൽ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.
അന്വേഷണത്തിൽ പ്രതികൾക്ക് അന്തർ സംസ്ഥാന മയക്കുമരുന്ന് ലോബികളുമായി ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. വാഹന പരിശോധനക്കിടെ ഇവരെ തടഞ്ഞപ്പോൾ പൊലീസിനെ വെട്ടിച്ചു കടന്നുകളയാൻ ശ്രമിച്ച വഴി കൊട്ടാരക്കര സ്റ്റേഷൻ എസ്.എച്ച്.ഒ പ്രശാന്ത് വി.എസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു.
സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ കെ.എസ്. ദീപു, കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ എസ്.ഐമാരായ ബാലാജി എസ്. കുറുപ്പ്, സുദർശനൻ, എ.എസ്.ഐ ജിജിമോൾ, സി.പി.ഒ മാരായ സലിൽ, ഷിബു കൃഷ്ണൻ, നഹാസ്, സഹിൽ, ജയേഷ്, അജിത്ത്, കിരൺ, അഭി സലാം എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. കൊല്ലം റൂറൽ ജില്ലയിലെ യോദ്ധാവ് ആൻറി ഡ്രഗ് ക്യാമ്പയിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.