കൊട്ടാരക്കര: എം.ഡി.എം.എ ഇനത്തിൽപെട്ട മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കളെ കൊട്ടാരക്കര പൊലീസ് പിടികൂടി. അയിരൂർ കേടാകുളം ചരുവിള വീട്ടിൽ ബാലു (20), ആയിരൂർ പ്ലാവിള വീട്ടിൽ അനന്തു (23) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എ (മെത്തലിൻ ഡയോക്സി മെത്തഫെറ്റാമിൻ) എന്ന മാരക മയക്കുമരുന്ന് പിടിച്ചെടുത്തു. ഒരു ഗ്രാം എം.ഡി.എം.എ 6,000 രൂപ നിരക്കിലാണ് ഇവർ വിൽപന നടത്തിയിരുന്നത്. കോഡ് ഭാഷ ഉപയോഗിച്ചാണ് ഇവർ ആശയവിനിമയം നടത്തിയിരുന്നത്.
17 വയസ്സിനും 25നും ഇടയിലുള്ള വിദ്യാർഥികളും യുവാക്കളുമാണ് ഇവരുടെ പ്രധാന ഉപഭോക്താക്കൾ.
ഒരുതരി ഉപയോഗിച്ചാൽ തന്നെ തലച്ചോറിെൻറ മൊത്തം പ്രവർത്തനത്തെ ഇത് താളംതെറ്റിക്കും. പത്ത് വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇത്തരം മാരക ലഹരിമരുന്ന് കൈവശം വെക്കൽ.
കൊല്ലം റൂറൽ ഡാൻസഫ് ടീം അംഗങ്ങളായ കൊട്ടാരക്കര ഐ.എസ്.എച്ച്.ഒ അഭിലാഷ് ഡേവിഡ്, വനിത എസ്.ഐ ആശ ചന്ദ്രൻ, കൊല്ലം റൂറൽ ഡാൻസഫ് എസ്.ഐ വി.എസ്. വിനീഷ്, ജി.എസ്.ഐമാരായ ശിവശങ്കരപിള്ള, അജയകുമാർ, അനിൽകുമാർ, രാധാകൃഷ്ണപിള്ള, ബിജോ, സി.പി.ഒ ഷിബു എന്നിവർ ചേർന്ന് തൃക്കണ്ണമംഗൽ ഭാഗത്ത് നിന്നുമാണ് പ്രതികളെ പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ഡിസംബറിൽ മൂന്ന് ഗ്രാം എം.ഡി.എം.എ കുണ്ടറയിൽ നിന്നും ഡാൻസാഫ് ടീം പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.