കൊട്ടിയം: സുരക്ഷാ സംവിധാനമില്ലാതെ ദേശീയപാത നിർമാണഭാഗമായെടുത്ത വലിയ കുഴികൾ അപകടങ്ങൾക്കിടയാക്കുന്നു. കൊട്ടിയം ഇ.എസ്.ഐ ജങ്ഷനിൽ വെള്ളിയാഴ്ച പുലർച്ചെ റോഡിലെ കുഴിയിലേക്ക് ലോറി വീണു. ലോറിയിലുണ്ടായിരുന്നവർ നിസാര പരിക്കുകളാടെ രക്ഷപ്പെട്ടു.
ദേശീയപാത പുനർനിർമാണം ആരംഭിച്ചശേഷം മൂന്നു ജീവനുകളാണ് മേഖലയിൽ പൊലിഞ്ഞത്. രാത്രി ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടുന്ന രീതിയിൽ റോഡിലെ കുഴി സൂചിപ്പിച്ച് ഒരു സംവിധാനവും സ്ഥാപിച്ചിട്ടില്ല. കൊട്ടിയം മുതൽ പറക്കുളം വരെ നിരവധിയിടങ്ങളിൽ കുഴിയെടുത്തിട്ടിട്ടുണ്ട്.
വാഹനങ്ങളുടെ കാറ്റടിച്ചാൽ നിലംപതിക്കത്തക്ക രീതിയിലുള്ള ചെറിയ പൈപ്പുകളാണ് പലയിടത്തും സുരക്ഷക്കായി സ്ഥാപിച്ചിട്ടുള്ളത്. ആവശ്യമായ റിഫ്ളക്ടിങ് സംവിധാനം ഇല്ലാത്തതിനാലാണ് അപകടങ്ങൾ തുടർകഥയാകാൻ കാരണം.
വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിലെടുത്ത കുഴികൾ മൂടാത്ത അവസ്ഥയുമുണ്ട്. ആവശ്യമായ സുരക്ഷാ സംവിധാനം ഇല്ലാതെ റോഡ് നിർമാണം നടത്തുന്നതായി ചൂണ്ടിക്കാട്ടി ഫെബ്രുവരി 24ന് കൊട്ടിയം പൗര വേദി പ്രസിഡൻറ് അഡ്വ. കൊട്ടിയം അജിത് കുമാർ ലീഗൽ സർവീസ് അതോറിറ്റിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മാർച്ച് എട്ടിന് അതോറിറ്റി സെക്രട്ടറി അപകടകെണിയായ കൊട്ടിയത്തെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് നിലവിലെ സ്ഥിതി വിലയിരുത്തിയിരുന്നു.
അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതലുകൾ സ്വീകരിച്ചതായി കരാർ കമ്പനി അധികൃതർ ലീഗൽ സർവീസ് അതോറിറ്റിയെ അറിയിച്ചിരുന്നു. ഇത് ശരിയല്ലെന്നാണ് നാട്ടുകാരും, സംഘടനകളും പറയുന്നത്. കൊട്ടിയം ജങ്ഷനിലെ മേൽപ്പാലത്തിനുള്ള റോഡിന് ഭിത്തി നിർമിക്കുന്നതിനായാണ് കൊട്ടിയം മുതൽ പറക്കുളം വരെ കുഴിയെടുത്തിട്ടുള്ളത്.
ബൈക്ക് യാത്രക്കാർ ഇവിടെ കുഴിയിൽ വീഴുന്നതും പതിവായിട്ടുണ്ട്. അപകടങ്ങളിൽപ്പെട്ട് ഇനിയും ജീവനുകൾ പൊലിയാതിരിക്കുവാൻ അധികൃതരുടെ ഭാഗത്തു നിന്നും അടിയന്തര നടപടി ഉണ്ടാകണമെന്ന് റൈസിങ് കൊട്ടിയം ഭാരവാഹികളായ സന്തോഷ് പുല്ലാങ്കുഴി, റോയൽ സമീർ, കൊട്ടിയം പൗരവേദി പ്രസിഡൻറ് അഡ്വ. കൊട്ടിയം അജിത് കുമാർ എന്നിവർ ആവശ്യപ്പെട്ടു. മഴക്കാലത്തിന് മുമ്പ് നിർമാണ പ്രവർത്തനങ്ങൾക്കായി എടുത്തിട്ടുള്ള കുഴികൾ മൂടണമെന്ന ആവശ്യമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.