കുണ്ടറ: സ്വകാര്യ ബസുകൾ യാതൊരു നിയമവും പാലിക്കാതെ ട്രാഫിക് തടസ്സങ്ങളും കാല്‍നട യാത്രക്കാര്‍ക്കുപോലും ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ പൊലീസും ഗതാഗതവകുപ്പ് അധികൃതരും. കൊട്ടിയത്തുനിന്ന് കുണ്ടറയിലേക്ക് എത്തുന്ന ബസുകള്‍ പാതയോരത്ത് യു-ടേണ്‍ എടുക്കുന്നത് സ്ഥിരം സംഭവമാണ്.
ചവറ ഭാഗത്തുനിന്നും മേവറം ഭാഗത്തുനിന്നും സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടും ചില്ലറയല്ല. ഇവര്‍ സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് പോകാതെ തിരക്കേറിയ ഇളമ്പള്ളൂര്‍ ക്ഷേത്ര ജങ്ഷനില്‍ പലപ്പോഴും നിരനിരയായി കിടക്കുകയാണ്. ഇളമ്പള്ളൂര്‍ ഗവ. യു.പി സ്കൂളിന് മുന്നില്‍ ചില സ്വകാര്യബസുകള്‍ സ്ഥിരമായി പര്‍ക്ക് ചെയ്യുകയാണ്. 800ലധികം കുട്ടികളും നൂറിലധികം അധ്യാപകരും സ്ഥിരമായി എത്തുന്ന സ്കൂളാണിത്. അഞ്ചാലുംമൂട് ഭാഗത്തേക്ക് പോകുന്നതിനുള്ള ബസ് തിരിയുന്ന റെയില്‍വേ ഗേറ്റും ഇളമ്പള്ളൂരിലാണ്.
രണ്ടായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന ഹയര്‍ സെക്കൻഡറി സ്കൂളിന് മുന്നിലും ബസുകൾ സ്ഥിരമായി പാര്‍ക്ക് ചെയ്യുകയാണ്. ഗവ. യു.പി സ്കൂളിനോട് ചേര്‍ന്നുള്ള വീതികുറഞ്ഞ റോഡിലൂടെ സ്വകാര്യ ബസുകള്‍ കയറ്റിക്കൊണ്ട് പോകുന്നതും അപകടത്തിന് കാരണമായിട്ടുണ്ട്. സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് ബസുകള്‍ പോകാതെ ക്ഷേത്രത്തിനും പഞ്ചായത്തോഫിസിനും മധ്യേയുള്ള ഇടറോഡില്‍ തിരിക്കുന്നത് മിക്കപ്പോഴും അപകടങ്ങള്‍ വരുത്തിവെച്ചിട്ടുണ്ട്. ക്ഷേത്രമതിലിനോട് ചേര്‍ന്ന് ബസ് പാര്‍ക്ക് ചെയ്യുന്നതും ഇതുവഴിയുള്ള ഗതാഗത തടസ്സത്തിന് കാരണമാണ്. എല്ലാ ബസുകളും ബസ് സ്റ്റാൻഡില്‍ എത്തുകയും ബസുകൾ അതിന്റെ സമയത്ത് മാത്രം ബസ് സ്റ്റോപ്പില്‍ എത്തുകയും ചെയ്യുന്നവിധത്തില്‍ ക്രമീകരണം നടത്തിയാല്‍ ഗതാഗതക്കുരുക്കിനും ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കത്തിനും അടിപിടിക്കും പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.