കുണ്ടറ: ചന്ദനത്തോപ്പ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ സ്വയം ഭരണസ്ഥാപനമാക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഇന്‍സ്റ്റിറ്റ്യൂട്ടിലെ പശ്ചാത്തല-വിദ്യാഭ്യാസ പരാധീനതകളെകുറിച്ച് വിദ്യാർഥികളും രക്ഷികർത്താക്കളും നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രശ്നങ്ങള്‍ നേരിട്ട് ബോധ്യപ്പെടാനാണ് മന്ത്രി ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചത്.
രാവിലെ 10 നെത്തിയ മന്ത്രി ഒരു മണിക്കൂറിലധികം സമയം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന പട്ടികജാതി/വർഗ വിദ്യാർഥികള്‍ക്ക് കിട്ടേണ്ട ആനുകൂല്യം ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് വിദ്യാർഥികൾ പരാതി അറിയിച്ചു.
എല്ലാം ശരിയായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചെങ്കിലും ‘എന്നിട്ടുമെന്തേ കുട്ടികള്‍ക്കത് കിട്ടാതിരുന്നത്’എന്ന മറുചോദ്യവും ഇത്തരം ഉദ്യോഗസ്ഥരുടെ രീതികള്‍ മാറ്റാനുള്ള ഇടപെടലുകള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അധ്യാപകരുടെ വലിയ കുറവാണുള്ളത്. ഇത് അടിയന്തരമായി പരിഹരിക്കും.
ഹോസ്റ്റല്‍ സൗകര്യം, കാമ്പസ് വികസനം, ലൈബ്രറി സംവിധാനം തുടങ്ങി എല്ലാം സമയബന്ധിതമായി പരിഹരിക്കും. ആവശ്യങ്ങള്‍ സംബന്ധിച്ച് ഡയറക്ടറോടും പ്രിന്‍സിപ്പലിനോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി അടുത്തമാസം ഒന്നിന് ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തി വിവരങ്ങള്‍ ശേഖരിക്കും.
ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു മാസത്തിനുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തില്‍ സമഗ്രപുരോഗതി ലക്ഷ്യംവെച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു. പരിമിതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനായി തൊഴില്‍ നൈപുണ്യവും വകുപ്പ് സെക്രട്ടറി, കെ.എ.എസ്.ഇ മാനേജിങ് ഡയറക്ടര്‍ കെ.എസ്.ഐ.ഡി. പ്രിന്‍സിപ്പല്‍ എന്നിവരടങ്ങിയ ഈ സമിതിയെ ചുമതലപ്പെടുത്തുകയും മൂന്നുമാസത്തിനുള്ളില്‍ പരിഹാരമാര്‍ഗങ്ങള്‍ നിർദേശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോടൊപ്പം ഡിസൈൻ മേഖലയിലെ കൂടുതല്‍ വിഷയങ്ങളില്‍ ബിരുദ കോഴ്സുകള്‍ അനുവദിക്കുന്നത് പരിഗണനയിലാണ്. പി.ജി ഡിപ്ലോമ കോഴ്സുകളുടെ അഫിലിയേഷന് ലഭ്യമാകുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തി.
വിദ്യാർഥികള്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് കെ.എസ്.ഐ.ഡിയില്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്ക് ഇന്റേൺഷിപ്പിനുള്ള അവസരങ്ങള്‍ ഒരുക്കുന്നതിനും കോഴ്സുകൾ വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് ലഭ്യമാക്കുന്നതിനും മേഖലയിലെ പ്രധാനപ്പെട്ട വ്യവസായ സംരംഭകരുമായി ബന്ധപ്പെടും.
അക്കാദമിക് ബ്ലോക്ക്, ഹോസ്റ്റല്‍ എന്നിവയുടെ നിർമാണം സംബന്ധിച്ച സാങ്കേതികതടസ്സം പരിഹരിക്കാൻ ലേബര്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. അഡ്മിനിസ്ട്രേഷൻ കാര്യക്ഷമമാക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.