കൊട്ടിയം: കാലത്തിന്റെ പോക്കിനൊപ്പം സാമ്പത്തികമായിവന്ന ഉയർച്ചയിൽ രൂപംമാറിയ ലക്ഷംവീട് കോളനികളാണ് കൊട്ടിയം മേഖലയിലെയും കാഴ്ച. തല ചായ്ക്കാനിടമില്ലാതെ വലഞ്ഞ പാവങ്ങൾക്ക് ആശ്രയമായി മാറിയ ലക്ഷംവീടുകളുടെ സ്ഥാനത്ത് ഇന്ന് വലിയ വീടുകൾ തലയുയർത്തിനിൽക്കുന്നു. ദിവസവും തൊഴിലെടുത്ത് അഷ്ടിക്കുള്ള വക കണ്ടെത്തുന്ന ഏതാനും കുടുംബങ്ങൾ മാത്രമാണ് ഏതാനും ലക്ഷംവീടുകളിൽ ഇന്ന് താമസിക്കുന്നത്. പലയിടത്തും ലക്ഷംവീടുകൾ ഒറ്റ വീടുകളായി മാറി. അതിൽ പലതിലും താമസിക്കുന്നത് വീടുകൾ വിലയ്ക്കുവാങ്ങിയവരാണ്.
കൊല്ലം കോർപറേഷനോട് കൂട്ടിച്ചേർക്കപ്പെട്ട വടക്കേവിള പഞ്ചായത്തിലുണ്ടായിരുന്ന മണക്കാട് കൂറ്റാത്തുവിള ലക്ഷംവീട് കോളനിയിലുള്ളളത് ലക്ഷംവീട് മാതൃകയിലുള്ള ഒരുവീട് മാത്രമാണ്. ബാക്കിയെല്ലാം വലിയ കെട്ടിടങ്ങളായി മാറി. പാട്ടത്തിൽ കാവ്, ശ്രീനാരായണപുരം, പായിക്കുളം എന്നിവിടങ്ങളിൽ വീട്ടുപേരും സ്ഥലപ്പേരും ലക്ഷംവീട് കോളനി എന്നാണെങ്കിലും ഏതാനും വീടുകൾ മാത്രമാണ് ഇവിടെല്ലാം ഉള്ളത്. കോർപറേഷനോട് കൂട്ടിച്ചേർക്കപ്പെട്ട ഇരവിപുരം പഞ്ചായത്തിലുണ്ടായിരുന്ന കയ്യാലക്കൽ ലക്ഷം വീട് നിന്നിരുന്ന സ്ഥലത്തും കോൺക്രീറ്റ് സൗധങ്ങളാണുള്ളത്.
മയ്യനാട് പഞ്ചായത്തിൽ ഉമയനല്ലൂർ കാഞ്ഞാം തലയിലുണ്ടായിരുന്ന 20 വീടുകളിൽ ഒരു വീട് മാത്രമാണ് ഇപ്പോൾ നിലവിലുള്ളത്. ലക്ഷംവീട് നിവാസികൾക്ക് കുടിവെള്ളം ലഭിക്കുന്നതിനായി സ്ഥാപിച്ചിരുന്ന പൊതുകിണറുകൾ പല സ്ഥലത്തും അനാഥമായി കിടപ്പുണ്ട്. വർഷങ്ങൾക്കു മുമ്പ് പഞ്ചായത്തുകൾ ലക്ഷം വീടുകൾ ഒറ്റവീടുകളാക്കുന്നതിനായി 50,000 രൂപ വീതം നൽകിയിരുന്നു. ഈ തുക ഉപയോഗിച്ച് പലരും ഇരട്ട വീടുകളും ഒറ്റ വീടുകളാക്കി വിൽക്കുകയാണ് ചെയ്തത്.
ഏറ്റവും നല്ല ലക്ഷം വീടുകളിലൊന്നായിരുന്ന തൃക്കോവിൽവട്ടം പഞ്ചായത്തിലെ പുതുച്ചിറയിലും ഇപ്പോൾ ഒരു വീട് മാത്രമാണുള്ളത്. ജനകീയാസൂത്രണം, ഇന്ദിരാ ആവാസ് യോജന തുടങ്ങിയ പദ്ധതികളിൽപ്പെടുത്തി ത്രിതല പഞ്ചായത്തുകളിൽ നിന്നും ആനുകൂല്യങ്ങൾ ലഭിച്ചവരും ലക്ഷംവീടുകൾ നിന്നിരുന്ന സ്ഥലത്ത് പുതിയ വീടുകൾ നിർമിക്കുകയായിരുന്നു. നെടുമ്പന പഞ്ചായത്തിലും ലക്ഷം വീടുകൾ നിന്ന സ്ഥലങ്ങളിൽ വലിയ വീടുകളാണ് ഇപ്പോഴുള്ളത്.
വില കുറഞ്ഞതും ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങളുമായിരുന്നു അരനൂറ്റാണ്ട് മുമ്പ് ലക്ഷം വീട് നിർമാണത്തിനായി പഞ്ചായത്തുകൾ കണ്ടെത്തിയത്.
പതിറ്റാണ്ടുകൾ പിന്നിട്ടതോടെ ലക്ഷംവിട് നിന്നിരുന്ന സ്ഥലങ്ങളെല്ലാം വികസനത്തിന്റെ പാതയിലാകുകയും റോഡും വെള്ളവും വെളിച്ചവുമെല്ലാം ഇവിടേക്കെത്തുകയും ചെയ്തു. നിലവിൽ ഒരു വീടെങ്കിലും ഉള്ള സ്ഥലത്ത് കുടിവെള്ളവും വൈദ്യുതിയും അംഗൻവാടിയുമൊക്കെ പഞ്ചായത്തുകൾ എത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.