പോസിറ്റിവും നെഗറ്റിവും മാറിയും തിരിഞ്ഞും നിറഞ്ഞ മറ്റൊരു വർഷം കൂടി കൊഴിയുന്നു. പ്രതീക്ഷകൾ പലതും പൂവണിഞ്ഞപ്പോൾ അപ്രതീക്ഷിത തിരിച്ചടികളും ദുരന്തങ്ങളും ജില്ലയെ ചൂഴ്ന്നുനിന്ന വർഷമായിരുന്നു 2023. ഈ വർഷം ലോകമെമ്പാടും മലയാളികൾ ചർച്ച ചെയ്ത വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച രണ്ട് സംഭവങ്ങളിലൂടെയും ജില്ല ശ്രദ്ധാകേന്ദ്രമായി.
രണ്ട് സംഭവങ്ങളും നാടിന്റെ ഹൃദയം തകർക്കുന്നതായിരുന്നു, സംസ്ഥാനത്ത് ആദ്യമായി ആശുപത്രിക്കുള്ളിൽ ഡ്യൂട്ടിക്കിടയിൽ ഡോക്ടർ കൊല്ലപ്പെട്ടതും ഓയൂരിൽ വീടിന് മുന്നിൽനിന്ന് ബാലികയെ തട്ടിക്കൊണ്ടുപോയതും. ഈ വർഷത്തെ ഏറ്റവും വലിയ ഹെഡ് ലൈനുകളായി ഈ രണ്ട് സംഭവങ്ങളും മാറി. ഡോ. വന്ദനാദാസ് തീരാനോവായപ്പോൾ ഓയൂരിലെ ആറ് വയസ്സുകാരി സുരക്ഷിതമായി തിരിച്ചെത്തിയത് ആശ്വാസമായി.
നാട് ഏറെ നാളായി കാത്തിരുന്ന പദ്ധതികൾ ചിലത് പൂർത്തിയായപ്പോൾ വികസനപ്രവർത്തനങ്ങൾ പലതും ഇപ്പോഴും പാതിയിൽ നിൽക്കുന്നതും കാണാം. പുതുവർഷം എത്തുന്നത് സംസ്ഥാന സ്കൂൾ കലോത്സവ തിരക്കിലേക്കാണ്. ശാന്തിയും സമാധാനവും നിറഞ്ഞ വർണശബളമായൊരു പുതുവർഷം ആകട്ടെ 2024 എന്ന പ്രതീക്ഷയോടെ 2023ന് വിടപറയാം, ഒപ്പം ആ ദിനങ്ങളിൽ സംഭവിച്ച ചിലകാര്യങ്ങൾ ഓർക്കാം.
േമയ് 10ലെ പ്രഭാതം ആശുപത്രിയിൽ രോഗിയുടെ കുത്തേറ്റ യുവ ഡോക്ടർ മരിച്ചു എന്ന അവിശ്വസനീയ വാർത്തയുമായാണ് പുലർന്നത്. കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ നടന്ന കൊലപാതകം ഏറെ പ്രയാസപ്പെട്ടാണ് ഏവരും ഉൾക്കൊണ്ടത്.
താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ആയി പ്രവർത്തിച്ചുവന്ന കടുത്തുരുത്തി മാഞ്ഞൂർ സ്വദേശിനിയായ ഡോ. വന്ദനദാസിന്റെ (25) ചിരിക്കുന്ന മുഖം മലയാളികളുടെ മുഴുവൻ നെഞ്ചിലെ നോവായി. സംസ്ഥാനത്ത് ആദ്യമായി ആശുപത്രിക്കുള്ളിൽ രോഗിയുടെ ആക്രമണത്തിൽ ആരോഗ്യപ്രവർത്തക മരിച്ച സംഭവമായിരുന്നു. പ്രതി പൂയപ്പള്ളി ചെറുകരക്കോണം ശ്രീനിലയത്തിൽ ജി. സന്ദീപ് ഇന്ന് ജയിലിലാണ്.
പൊലീസ് ആശുപത്രിയിൽ ചികിത്സക്കെത്തിച്ച ഇയാൾ മുറിവ് തുന്നിക്കെട്ടിയതിന് പിന്നാലെ അക്രമാസക്തനാകുകയും കത്രികകൊണ്ട് ഡോ. വന്ദനദാസിനെ കുത്തുകയുമായിരുന്നു.
കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഡോ. വന്ദനയുടെ മാതാപിതാക്കൾ ഹൈകോടതിയെ സമീപിച്ചിരിക്കുന്നതിനാൽ താൽക്കാലികമായി വിചാരണ നടപടി നിർത്തിെവച്ചിരിക്കുകയാണ്. അസീസിയ മെഡിക്കൽ കോളജ് വിദ്യാർഥിനി ആയിരുന്ന ഡോ. വന്ദനക്ക് മരണാനന്തരം എം.ബി.ബി.എസ് ബിരുദം ആരോഗ്യസർവകലാശാല സമർപ്പിച്ചു. ഈ സംഭവത്തിന് ശേഷം ആശുപത്രി സംരക്ഷണ നിയമ ഭേദഗതിയും സർക്കാർ പാസാക്കി.
ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി എന്ന കുറിപ്പിനൊപ്പം തെളിഞ്ഞ ചിത്രം മനസ്സിലിട്ട് മലയാളികൾ 21 മണിക്കൂറുകൾ ആധിയിലായ സംഭവമാണ് നവംബർ 27ന് കൊല്ലം ഓയൂരിലുണ്ടായത്. വൈകീട്ട് നാലരയോടെ ഓയൂർ ഓട്ടുമലയിലെ വീടിന് മുന്നിൽനിന്ന് കാറിലെത്തിയ സംഘം ആറ് വയസ്സുള്ള ബാലികയെ തട്ടിക്കൊണ്ടുപോയി എന്ന വാർത്ത മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചു.
അവൾക്കായി അന്വേഷണം നാലുപാടും നീങ്ങിയപ്പോൾ, കുട്ടിയെ തിരിയെ കിട്ടി എന്ന വാർത്ത കേൾക്കാനായി ഓരോ മനസ്സും കൊതിച്ചു. ഓയൂരിലെ വീട്ടിലേക്ക് നാടൊഴുകി, വാർത്താസംഘങ്ങളും. ഒടുവിൽ 28ന് ഉച്ചക്ക് ഒന്നരയോടെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ അവളെ കണ്ടെത്തുകയായിരുന്നു.
കേസിൽ വൻ അന്വേഷണം ആണ് പൊലീസ് നടത്തിയത്. ഒടുവിൽ ചാത്തന്നൂർ മാമ്പള്ളിക്കോണം കവിതാരാജിൽ കെ.ആർ. പത്മകുമാർ (52), ഭാര്യ എം.ആർ. അനിതകുമാരി (45), മകൾ പി. അനുപമ (20) എന്നിവർ ഡിസംബർ ഒന്നിന് പൊലീസ് പിടിയിലായി. സാമ്പത്തികപ്രശ്നം കാരണം കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ട് പ്രതികൾ ഓയൂരിൽ നിന്ന് കുട്ടിയെ തട്ടിയെടുത്തതാണെന്ന് പൊലീസിന് മൊഴി നൽകി. റിമാൻഡിലായ പ്രതികൾ ഇപ്പോഴും ജയിലിലാണ്.
സർക്കാർ 14 ജില്ലകളിലും നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി സാംസ്കാരികനായകരുടെ പേരിൽ നിർമിച്ച സാംസ്കാരിക സമുച്ചയം നിർമാണം പൂർത്തിയായി സംസ്ഥാനത്ത് ആദ്യമായി പ്രവർത്തനം ആരംഭിച്ചത് കൊല്ലത്ത്. ആശ്രാമത്ത് 56.91 കോടി ചെലവിൽ നിർമിച്ച ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയം േമയ് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. മൂന്നര ഏക്കർ സ്ഥലത്ത് ഒരുലക്ഷത്തോളം അടി വിസ്തീർണത്തിൽ ആണ് സമുച്ചയം നിർമിച്ചത്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ തങ്കശ്ശേരി ബ്രേക്ക് വാട്ടർപാർക്ക് ഏപ്രിൽ 27ന് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. തിരുവനന്തപുരം-ചെങ്കോട്ട അന്തർസംസ്ഥാന പാതയോരത്ത് ഒരുക്കിയ വനം മ്യൂസിയം ആഗസ്റ്റ് 18ന് മന്ത്രി എ.കെ. ശശീന്ദ്രൻ നാടിന് സമർപ്പിച്ചു.
രാജ്യത്ത് ആദ്യമായി സമ്പൂർണ ഭരണഘടന സാക്ഷരത നേടിയ ജില്ലയായി കൊല്ലം മാറിയത് ഈ വർഷമാണ്. ജില്ല പഞ്ചായത്ത് നേതൃത്വം നൽകിയ ‘ദ സിറ്റിസൺ’ പദ്ധതിയിൽ ജില്ലയിൽ സെനറ്റർമാരുടെ സഹായത്തോടെ 10 വയസ്സിന് മുകളിലുള്ളവെര ഭരണഘടന സാക്ഷരരാക്കുന്ന പ്രവർത്തനങ്ങളാണ് നടന്നത്. ജനുവരി 14ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്പൂർണ സാക്ഷരത പ്രഖ്യാപനം നടത്തി. എന്നാൽ, എല്ലാവരിലേക്കും ഈ പദ്ധതി എത്തിയില്ല എന്ന ആക്ഷേപം ബാക്കിയാണ്.
വിദ്യാർഥികളുടെ കലാ-കായിക-ബൗദ്ധിക ആഘോഷമായി മൂന്ന് ഉത്സവമേളകൾ ജില്ലയിൽ നടന്നു. ജില്ല സ്കൂൾ ശാസ്ത്രമേളയാണ് ആദ്യം നടന്നത്. സെപ്റ്റംബർ ഒമ്പത് മുതൽ പുനലൂർ ആതിഥ്യം വഹിച്ച ശാസ്ത്രമേളയിൽ കരുനാഗപ്പള്ളി ഉപജില്ല ഓവറോൾ കിരീടംനേടി. അഞ്ചൽ വെസ്റ്റ് ഗവ.എച്ച്.എസ്.എസ് മികച്ച സ്കൂൾ നേട്ടം കൈവരിച്ചു.
ഒക്ടോബർ ആറ് മുതൽ ഒമ്പത് വരെ കല്ലുവാതുക്കലിൽ നടന്ന മേളയിൽ അഞ്ചൽ ഉപജില്ല ജേതാക്കളായി. പുനലൂർ സെന്റ് ഗൊരേറ്റി എച്ച്.എസ്.എസ് മികച്ച സ്കൂൾ ആയി. നവംബർ 20 മുതൽ കുണ്ടറയിൽ നടന്ന ജില്ല സ്കൂൾ കലോത്സവത്തിൽ കരുനാഗപ്പള്ളി കിരീടം ചൂടി. കരുനാഗപ്പള്ളി ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസ് മികച്ച സ്കൂളിനുള്ള കിരീടം സ്വന്തമാക്കി.
ജില്ല പഞ്ചായത്ത് തലപ്പത്ത് ഈ വർഷം ഭരണമാറ്റമുണ്ടായി. സാം കെ. ഡാനിയേൽ സ്ഥാനമൊഴിഞ്ഞ ഒഴിവിൽ പി.കെ. ഗോപൻ ജില്ല പഞ്ചായത്ത് പ്രസിഡൻറായി. ശ്രീജ ഹരീഷ് വൈസ് പ്രസിഡന്റുമായി. അഫ്സാന പർവീൺ മാറി എൻ. ദേവിദാസ് പുതിയ കലക്ടറായി. സിറ്റിയിൽ മെറിൻ ജോസഫ് മാറി വിവേക് കുമാർ കമീഷണർ പദവിയിലെത്തി. റൂറലിൽ എം.എൽ. സുനിലിന് പകരക്കാരനായി സാബു മാത്യു പൊലീസ് മേധാവിയായി.
വർഷങ്ങൾ നീണ്ട ബംഗളൂരു ‘തടവറ’ വാസത്തിനൊടുവിൽ അബ്ദുന്നാസിർ മഅ്ദനി ജൂലൈ 20ന് വീടണഞ്ഞു. ജൂലൈ 17ന് ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ച സുപ്രീം കോടതിവിധിയാണ് അന്യനാട്ടിലെ ദുരിതജീവിതത്തിന് അറുതിവരുത്തി മഅ്ദനിക്ക് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്താനുള്ള വഴിതുറന്നത്. കേസിന്റെ വിചാരണ പൂർത്തിയായി എന്ന വാദം അംഗീകരിച്ചാണ് സുപ്രീംകോടതി നാട്ടിലേക്ക് മടങ്ങാനുള്ള അനുമതി നൽകിയത്.
പിതാവിനെ സന്ദർശിക്കാൻ ഏപ്രിൽ 17ന് സുപ്രീംകോടതി മൂന്നുമാസത്തെ ജാമ്യഇളവ് നൽകിയെങ്കിലും സുരക്ഷക്ക് ഭീമമായ തുക നൽകേണ്ടിവന്നതോടെ യാത്ര മുടങ്ങി. കർണാടകയിൽ കോൺഗ്രസ് സർക്കാർ ഇളവ് നൽകിയതോടെ ജൂൺ 26ന് കൊച്ചിയിൽ എത്തിയിരുന്നു. എന്നാൽ, കൊല്ലത്തേക്ക് വരാൻ കഴിഞ്ഞില്ല.
കേരളത്തിന്റെ എല്ലാ നിയോജക മണ്ഡലങ്ങളിലും മന്ത്രിസഭ മുഴുവൻ എത്തിയ നവകേരള സദസ്സ് ഡിസംബർ 18 മുതൽ 20 വരെ ജില്ലയിൽ പര്യടനം നടത്തി. രണ്ട് പ്രഭാതസദസ്സുകളും 11 മണ്ഡലങ്ങളിലെ പൊതുസദസ്സുകളുമായി മൂന്ന് ദിനവും ജില്ലയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സജീവമായി.
50938 നിവേദനങ്ങളാണ് ലഭിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥ മാർച്ച് 14 മുതൽ 16 വരെ ജില്ലയിൽ പര്യടനം നടത്തി. 11 മണ്ഡലങ്ങളിലെ 10 കേന്ദ്രങ്ങളിൽ സ്വീകരണപരിപാടികൾ നടന്നു. എൻ.കെ. പ്രേമചന്ദ്രൻ എം.പി നേതൃത്വം നൽകിയ യു.ഡി.എഫ് ജനകീയ ജാഥ നവംബർ ഒമ്പത് മുതൽ ജില്ലയിൽ വിവിധ ജില്ലകളിൽ പര്യടനം നടത്തി.
പൊതുവഴിയിൽ തടഞ്ഞുനിർത്തി മർദിച്ച് മുതുകിൽ നിരോധിത സംഘടനയായ പി.എഫ്.ഐ എന്ന് ചാപ്പകുത്തിയ പരാതിയുമായി എത്തിയ സൈനികനും സുഹൃത്തും ഒടുവിൽ അഴിക്കുള്ളിലായി. സെപ്റ്റംബർ 24ന് രാത്രിയിൽ ആണ് സൈനികനായ കടയ്ക്കൽ ചാണപ്പാറ ബി.എസ് നിവാസിൽ ഷൈൻ പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തിൽ ദുരൂഹത മണത്ത പൊലീസ് നടത്തിയ വിശദ അന്വേഷണത്തിൽ ഷൈനും സുഹൃത്ത് ജോഷിയും ചേർന്ന് നടത്തിയ നാടകം ആണെന്ന് തെളിഞ്ഞു.
പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചെന്നും സർക്കാർ ജോലി ലഭിച്ചെന്നും വീട്ടുകാരെ വിശ്വസിപ്പിച്ച് ജോലിയിൽ പ്രവേശിക്കാനെത്തിയ യുവതി അധികാരികളെയും നാട്ടുകാരെയും ഞെട്ടിച്ചു. ജൂലൈ 16ന് ആണ് കൊല്ലം വാളത്തുംഗൽ സ്വദേശി രാഖി പിടിയിലായത്.വ്യാജ നിയമന ഉത്തരവുമായി കരുനാഗപ്പള്ളി താലൂക്ക് ഓഫിസിൽ ജോലിക്ക് ചേരാൻ എത്തുകയായിരുന്നു.
നീറ്റ് പരീക്ഷ മാർക്ക് ലിസ്റ്റ് തിരുത്തി ഹൈകോടതിയിൽ പോയ വിരുതൻ പിടിയിലായത് ജൂൺ 29ന്. കടയ്ക്കൽ സ്വദേശി സമി ഖാൻ (21) ആണ് പിടിയിലായത്. കോടതി നാഷനൽ ടെസ്റ്റിങ് ഏജൻസിയെ വിളിച്ച് നടത്തിയ പരിശോധനയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ സമി ഖാൻ അകത്താകുകയുമായിരുന്നു.
ജൂൺ അഞ്ച്: മിമിക്രി ആർട്ടിസ്റ്റും സിനിമ, ടിവി സ്റ്റേജ് താരവുമായ കൊല്ലം സുധി
ജൂലൈ എട്ട്: ക്ലാസിക് മലയാള ചലച്ചിത്രങ്ങളുടെ നിർമാതാവും പ്രമുഖ വ്യവസായിയുമായ കെ. രവീന്ദ്രനാഥൻനായർ (അച്ചാണി രവി, 90)
ജൂലൈ 27: കാഥികൻ തേവർതോട്ടം സുകുമാരൻ(82)
ആഗസ്റ്റ് 20: മലങ്കര ഓര്ത്തഡോക്സ് സുറിയാനി സഭ സീനിയര് മെത്രാപോലീത്തയും കൊല്ലം മുൻ ഭദ്രാസനാധിപനുമായ സക്കറിയ മാര് അന്തോണിയോസ് (77)
ഒക്ടോബർ 17: വില്ലൻ, ക്യാരക്ടർ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടൻ കുണ്ടറ ജോണി
നവംബർ 21: കരുനാഗപ്പള്ളി മുൻ എം.എൽ.എയും സി.പി.ഐ നേതാവുമായ ആർ. രാമചന്ദ്രൻ (71)
ഡിസംബർ നാല്: മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ സെക്രട്ടറിയായിരുന്ന മുൻ സിവിൽ സർവിസ് ഉദ്യോഗസ്ഥൻ ക്ലാപ്പന സ്വദേശി ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്(73)
സംസ്ഥാനത്ത് മെഡിക്കൽ സർവിസ് കോർപറേഷൻ ഗോഡൗണുകളിൽ തുടർച്ചയായി ഉണ്ടായ തീപിടിത്തങ്ങളിൽ ആദ്യത്തേത് നടന്ന് കൊല്ലത്ത്. േമയ് 17ന് രാത്രിയിലാണ് നാടിനെ നടുക്കിയ വൻ തീപിടിത്തം ഉണ്ടായത്. ഉളിയക്കോവിലിൽ പ്രവർത്തിച്ചിരുന്ന ജില്ല മരുന്ന് സംഭരണ കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തിൽ എട്ട് കോടിയോളം രൂപയുടെ മരുന്നും മെഡിക്കൽ ഉപകരണങ്ങളും നശിച്ചു.
മൂന്നാം മന്ത്രി
വർഷം അവസാനിക്കുമ്പോൾ സംസ്ഥാന മന്ത്രിസഭയിൽ ജില്ലക്ക് മൂന്നാം മന്ത്രിയെ ലഭിച്ച സന്തോഷമുണ്ട്. കേരള കോൺഗ്രസ് ബി പത്തനാപുരം എം.എൽ.എ കെ.ബി. ഗണേഷ് കുമാർ ഡിസംബർ 29ന് ഗതാഗത മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കൊല്ലത്തിന് ഈ മന്ത്രിസഭയിൽ അങ്ങനെ മൂന്നാം മന്ത്രിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.