കൊല്ലം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമര്ദമാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലയില്‍ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിന് മുന്നൊരുക്കമായതായി കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ജില്ല ദുരന്ത നിവാരണ സമിതി യോഗത്തില്‍ ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
തീരപ്രദേശത്തുനിന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കടലില്‍ പോകുന്നത് പൂര്‍ണമായും നിരോധിച്ചു. അവശ്യ സര്‍വിസുകളായ വൈദ്യുതി ബോര്‍ഡ്, ഫിഷറീസ്, പൊലീസ്, റവന്യൂ വിഭാഗങ്ങള്‍ 24 മണിക്കൂര്‍ കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിച്ചു.
മറൈന്‍ എന്‍ഫോഴ്സ്മെൻറ്, ഫിഷറീസ് വിഭാഗങ്ങള്‍ കരയിലും കടലിലും നിരീക്ഷണം ശക്തമാക്കി. കോസ്റ്റല്‍ പൊലീസ് ജാഗ്രതസമിതി മുഖേന കടലില്‍ പോയവരെ തിരികെ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആളുകളെ മാറ്റി പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ മുന്‍കൂര്‍ മാറ്റി പാര്‍പ്പിക്കുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കല്ലടയാര്‍, പള്ളിക്കലാര്‍ തീരങ്ങളില്‍ അതിജാഗ്രത പുലര്‍ത്തി വരുന്നു. അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ ആംബുലന്‍സ്, ക്രെയിന്‍, എക്സ്കവേറ്റർ ഉള്‍പ്പെടെ വാഹനങ്ങളും ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ കെ.എസ്.ആര്.ടി.സി ബസുകളും തയാറാക്കിയിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്കി. വൈദ്യുതി വകുപ്പ് ഫീല്‍ഡ് ജീവനക്കാര്‍ ഉപകരണങ്ങള്‍ സഹിതം സജ്ജമായിട്ടുണ്ട്.
•പൊതുജനങ്ങള്‍ പരമാവധി വീട്ടിനുള്ളില്‍തന്നെ കഴിയാന്‍ ശ്രദ്ധിക്കണം.
•പ്രളയ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന മേഖലയിലുള്ളവര്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറണം.
•പുഴ, തോട്, ബീച്ച് എന്നിവിടങ്ങളില്‍ ഇറങ്ങരുത്.
•മരങ്ങള്‍ക്ക് താഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.
•പരിശീലനം ലഭിച്ച സന്നദ്ധപ്രവര്‍ത്തകര്‍ അല്ലാതെ ആരും ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്ക സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുത്.
•തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും കൂടുതല്‍ ശ്രദ്ധ ചെലുത്തണം.
•അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ 1077 ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാം. ആശങ്കയില്ലാതെ അടിയന്തര ഘട്ടങ്ങളില്‍ സമചിത്തതയോടെ പ്രവര്‍ത്തിക്കാന്‍ ഏവരും സന്നദ്ധത കാട്ടണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.