കശുവണ്ടി വ്യവസായികളിൽനിന്ന് 10.25 കോടി തട്ടിയയാൾ പിടിയിൽ

കൊല്ലം: കശുവണ്ടി വ്യവസായികളിൽ നിന്ന് 10.25 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ആളെ ക്രൈംബ്രാഞ്ച് പിടികൂടി. ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി നൽകി വ്യാപാരികളെ പറ്റിച്ച കൊട്ടാരക്കര കുളനട സ്വദേശി പ്രതീഷ്കുമാർ പിള്ളയെ (44) ആണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 2016-17 കാലയളവിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. സമാനരീതിയിൽ നാല് കേസുകളും ഇയാളുടെ പേരിലുണ്ട്.

ആനയടി തങ്കം കാഷ്യൂ ഫാക്ടറി, കൊല്ലം ശ്രീലക്ഷ്മി കാഷ്യൂ, പുനലൂർ കുമാർ കാഷ്യൂ എക്സ്പോർട്സ്, ഗ്ലോറി കാഷ്യൂസ് എന്നീ കശുവണ്ടി വ്യവസായ സ്ഥാപനങ്ങളിൽ നിന്നാണ് പണം തട്ടിയത്.

പരിചയമുള്ള ഇടനിലക്കാരനൊപ്പം വ്യവസായികളെ സമീപിച്ച് നിലവാരമുള്ള തോട്ടണ്ടി താൻസനിയയിൽ നിന്ന് ഇറക്കിനൽകാമെന്ന് വാഗ്ദാനം നൽകി.

മാർക്കറ്റ് വിലെയക്കാൾ 25 ഡോളർ വരെ കുറഞ്ഞ വിലക്ക് മികച്ച തോട്ടണ്ടി നൽകാമെന്നായിരുന്നു വാഗ്ദാനം. നിരന്തരമായി സമീപിച്ച് കരാറൊപ്പിട്ട ശേഷം ഔട്ട് ടൺ 52 എൽ.ബി.എസ് വരുന്ന തോട്ടണ്ടി വാഗ്ദാനം ചെയ്ത് 42 എൽ.ബി.എസിലും താഴെ മാത്രം ഗുണനിലവാരമുള്ള തോട്ടണ്ടിയാണ് നൽകിയതെന്നായിരുന്നു പരാതി.

പണം നഷ്ടമായവർ പലപ്പോഴായി തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. മറ്റിടങ്ങളിലും ഇയാൾ സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പരാതിക്കാർ പറയുന്നു. പണം തട്ടിയ ശേഷം കേരളത്തിന് പുറത്ത് വിവിധ സംസ്ഥാനങ്ങളിലായി ഒളിവിലായിരുന്നു പ്രതി. കൊല്ലത്തെത്തിയതായി വിവരം ലഭിച്ച ക്രൈംബ്രാഞ്ച് ബുധനാഴ്ച വൈകീട്ട് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

സി.ഐ ഉമറുൽ ഫാറൂഖിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനിൽകുമാർ, അമൽ, വേണു, ജോസ്, ഫിറോസ്, വിവേക്, സി.പി.ഒ ഹരീഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് കേസ് കൈകാര്യം ചെയ്യുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Man who cheated 10.25 crores from cashew businessmen arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.