കൊല്ലം: എൻ.സി.പിയെ വഞ്ചിച്ചെന്നാരോപിച്ച് പാർട്ടി നേതാക്കൾ മാണി സി. കാപ്പെൻറ കോലം കത്തിച്ചു. പ്രകടനമായെത്തിയ പ്രവർത്തകർ കോലം കത്തിക്കുകയായിരുന്നു. ഔദ്യോഗികപക്ഷം എന്നവകാശപ്പെട്ടവരാണ് കോലം കത്തിച്ചത്.
അതേസമയം എൻ.സി.പിയിൽ ഇരുവിഭാഗവും തമ്മിലുള്ള എതിർപ്പ് മുറുകി. കോലം കത്തിക്കാൻ നേതൃത്വം നൽകിയവരിൽ 23 പേരിൽ ഏഴ് പേർ ഒഴിച്ചാൽ എൻ.സി.പിയിൽ നിലവിൽ മെംബർഷിപ് ഉള്ളവരല്ലെന്ന് മറുവിഭാഗം ആരോപിച്ചു.
ഇവരിൽ ഭൂരിഭാഗം പേർക്കും പാർട്ടിയുമായി ബന്ധമില്ലെന്ന് എൻ.സി.പിയുടെ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം പെരുമ്പുഴ സുനിൽകുമാറും താമരക്കുളം സലിമും അറിയിച്ചു.
ജില്ല പ്രസിഡൻറ് ശശിധരൻപിള്ള, സംസ്ഥാനസമിതി അംഗം പത്മാകരൻ, ജില്ല ട്രഷറർ കെ. രാജു, ദലിത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് പ്രതാപൻ, ജില്ല പ്രസിഡൻറ് ശിവൻകുട്ടി, ഐ.എൻ.എൽ.സി ജില്ല പ്രസിഡൻറ് ശിവപ്രസാദ്, പാർട്ടി ഇരവിപുരം ബ്ലോക്ക് പ്രസിഡൻറ് രാജൻ, എൻ.വൈ.സി മുൻ ജില്ല പ്രസിഡൻറ് കബീർഷാ എന്നിവരടക്കമാണ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തവർ.
ജില്ലയിൽ ഭൂരിപക്ഷം ബ്ലോക്ക് കമ്മിറ്റികളും പാർട്ടി ദേശീയ നേതൃത്വത്തോടൊപ്പം തന്നെയാണ്. തങ്ങൾ എല്ലാവരും എൻ.സി.പി ദേശീയ നേതൃത്വത്തിനോടൊപ്പവും കേരളത്തിൽ എൽ.ഡി.എഫിനൊപ്പവുമാണെന്നും സംസ്ഥാന എക്സിക്യൂട്ടിവ് അംഗം താമരക്കുളം സലീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.