കൊല്ലം: ഹരിതവിപ്ലവത്തിലേക്ക് രാജ്യത്തെ നയിച്ച എം.എസ്. സ്വാമിനാഥന്റെ ജീവിതം രേഖപ്പെടുത്തുമ്പോൾ അത് സമഗ്രമായിരിക്കണമെന്ന് ഡോ. ആർ.ഡി. അയ്യർക്കും ഭാര്യ ഡോ. രോഹിണി അയ്യർക്കും നിർബന്ധമുണ്ടായിരുന്നു. എം.എസ്. സ്വാമിനാഥന്റെ പരിഷ്കരിച്ച ജീവചരിത്രം ‘എം.എസ്. സ്വാമിനാഥൻ-സയന്റിസ്റ്റ്, ഹ്യുമാനിസ്റ്റ്, കൺസർവേഷണിസ്റ്റ്..’ പ്രസിദ്ധീകരിച്ചത് അങ്ങനെയാണ്.
കാസർകോട് സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിരമിച്ച ഇരുവർക്കുമൊപ്പം കാർഷിക ഗവേഷകനായ ഡോ.എൻ. അനിൽകുമാറും പുസ്തകരചനയിൽ പങ്കാളിയായി. ചെന്നൈ എം.എസ്. സ്വാമിനാഥൻ റിസർച് ഫൗണ്ടേഷനും നവശക്തി ട്രസ്റ്റും ചേർന്നായിരുന്നു പ്രസാധനം.
സ്വാമിനാഥന്റെ ശിഷ്യനും ഒപ്പം പ്രവർത്തിക്കുകയും ചെയ്തയാളാണ് രാമനാഥപുരം സ്വദേശി ആർ.ഡി. അയ്യർ. കാസർകോട് സി.പി.സി.ആർ.ഐയിൽ ക്രോപ് ഇംപ്രൂവ്മെന്റ് വിഭാഗം മുൻ മേധാവിയായ ഇദ്ദേഹത്തിന്റെ സ്വാമിനാഥനെക്കുറിച്ചുള്ള ആദ്യ പുസ്തകം 2002ൽ മുംബൈ ഭാരതീയ വിദ്യാഭവൻ പ്രസിദ്ധീകരിച്ചിരുന്നു.
ഇതിന്റെ പരിഷ്കരിച്ച പതിപ്പാണ് 2022ൽ പുറത്തിറക്കിയത്. 13 അധ്യായങ്ങളിലായി എം.എസ്. സ്വാമിനാഥന്റെ ജീവിതം, ഗവേഷണം, സമൂഹത്തിൽ സൃഷ്ടിച്ച മാറ്റങ്ങൾ തുടങ്ങിയവ വരച്ചുകാട്ടുന്നതാണ് പുസ്തകം. ഹരിതവിപ്ലവം രൂപപ്പെട്ട വഴികളും അത് വരുത്തിയ മാറ്റങ്ങളുമൊക്കെ ഇതിലുണ്ട്.
അടുത്ത ബന്ധുവായ സ്വാമിനാഥന്റെ മാർഗനിർദേശപ്രകാരമാണ് കാർഷിക ശാസ്ത്രത്തിൽ താൻ കൂടുതൽ ശ്രദ്ധിച്ചതെന്ന് ഡോ. രോഹിണി അയ്യർ പറഞ്ഞു. ബി.എസ്സി പാസായ ശേഷം ഡൽഹിയിൽ എം.എസ്സി കോഴ്സിന് ചേരാനുള്ള നിർദേശം സ്വാമിനാഥനിൽനിന്നാണ് ലഭിച്ചത്. തുടർന്ന്, പി.ജിയും പിഎച്ച്.ഡിയും പൂർത്തിയാക്കി. സി.പി.സി.ആർ.ഐയിൽനിന്ന് വിരമിച്ചത് ക്രോപ് പ്രൊട്ടക്ഷൻ വിഭാഗം മേധാവിയായാണ്.
കാർഷിക മേഖലയെക്കുറിച്ച് കൂടുതൽ അറിയാനും ഗവേഷണത്തിന് പ്രേരണയായത് സ്വാമിനാഥനായിരുന്നെന്ന് ഇവർ ഓർക്കുന്നു. രാജ്യത്തിന്റെ അഭിമാനമായ ശാസ്ത്രജ്ഞന്റെ ഉപദേശനിർദേശങ്ങൾ സ്വീകരിക്കാനും വരുംതലമുറക്കായി ആ ചരിത്രം അടയാളപ്പെടുത്താനും കഴിഞ്ഞ സംതൃപ്തി ഇവർക്കുണ്ട്.
നിരവധിപേർ സ്വാമിനാഥനെക്കുറിച്ച് ജീവചരിത്രം രചിച്ചിട്ടുണ്ട്. ഏറെപേർക്ക് എഴുതാവുന്ന ജീവിതാനുഭവങ്ങളും ഗവേഷണ സംഭാവനകളും ആ പുസ്തകങ്ങളിലുണ്ട്. സസ്യങ്ങളും ധാന്യങ്ങളും മറ്റാരും ചിന്തിക്കാത്ത രീതിയിൽ മനുഷ്യന് ഗുണകരമാക്കിയ വേറിട്ടൊരു ചരിത്രം രചിച്ചുകൂടിയാണ് സ്വാമിനാഥനെന്ന പ്രതിഭയുടെ മടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.