കൊല്ലം: കേരള മുസ്ലിംകളുടെ വിദ്യാഭ്യാസ ഉണർവുകൾ സംഘ്പരിവാറിനെ ഭീതിയിലാക്കിയിരിക്കുന്നെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള പറഞ്ഞു. മേയ് അഞ്ചിന് കാസർകോട് നിന്നാരംഭിച്ച 'ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക' പ്രമേയത്തിലെ യൂത്ത് കാരവന് കൊല്ലത്ത് നൽകിയ സ്വീകരണ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് നിലനിൽക്കുന്ന ഇസ്ലാമോഫോബിയയെ ഭീതിപരത്തുന്ന രീതിയിൽ പ്രചരിപ്പിക്കാനും അത് ഉപയോഗപ്പെടുത്തി മുസ്ലിങ്ങളുടെ വിദ്യാഭ്യാസ മുന്നേറ്റത്തെ തകർക്കാനുമാണ് വിവിധ ശ്രമങ്ങളിലൂടെ അവർ നടത്തുന്നത്. സെൻട്രൽ യൂനിവേഴ്സിറ്റികളിലെ കേരള മുസ്ലിം വിദ്യാർഥി സാന്നിധ്യത്തെ ആശങ്കയുടെ രൂപത്തിൽ ചിത്രീകരിക്കുകയും അവിടങ്ങളിലെ വിദ്യാഭ്യാസ സംവരണമടക്കം പ്രശ്നവത്കരിക്കുകയും ചെയ്യുന്നത് ഇതിെൻറ ഭാഗമാണ്.
മുഴുവൻ പ്രതിബന്ധങ്ങളെയും മറികടന്ന് ഉന്നത വിദ്യാഭ്യാസ കേന്ദ്രത്തിൽ എത്തുന്ന മുസ്ലിം പെൺകുട്ടികളോട് സ്ഥാപന അധികൃതർ അടക്കം പുലർത്തുന്ന സമീപനം ഫാത്തിമ ലത്തീഫ് വിഷയത്തിൽ രാജ്യം കണ്ടതാണ്. കേരളത്തിലെ വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടുകവഴി മുസ്ലിം സമുദായത്തോട് സംസ്ഥാന സർക്കാർ നടത്തിയത് വിവേചനമാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുസമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ടി. ഷുഹൈബ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ല പ്രസിഡന്‍റ് ടി. ശാക്കിർ വേളം മുഖ്യപ്രഭാഷണം നടത്തി. പി.ഡി.പി സംസ്ഥാന സെക്രട്ടേറിയറ്റംഗം കൊല്ലൂർവിള സുനിൽ ഷാ, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് ഇ.കെ. സിറാജുദീൻ, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല പ്രസിഡന്‍റ് കെ.കെ. ആരിഫ, എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ് അൽഅമീൻ, ജി.ഐ.ഒ സെക്രട്ടറി എസ്. ആരിഫ് എന്നിവർ ഐക്യദാർഢ്യ പ്രഭാഷണം നടത്തി. സോളിഡാരിറ്റി ജില്ല പ്രസിഡന്‍റ് എസ്. സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു.
ജില്ല ജനറൽ സെക്രട്ടറി ഡോ. തൻവീർ സ്വാഗതവും ജില്ല സെക്രട്ടറി ഫാസിൽ നന്ദിയും പറഞ്ഞു. സമ്മേളനത്തിെൻറ ഭാഗമായി നടന്ന അഭിവാദ്യപ്രകടനത്തിന് ജില്ല നേതാക്കളായ ബിൻഷാദ്, യാസർ, ദിലീപ് എന്നിവർ നേതൃത്വം നൽകി. സോളിഡാരിറ്റി കലാകാരൻമാർ അവതരിപ്പിച്ച തെരുവുനാടകവും ജില്ലയിൽ വിവിധയിടങ്ങളിൽ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.