കടയ്ക്കൽ: ചിതറ ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകർ പാലിന്റെ സബ്സിഡി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രക്ഷോഭത്തിലേക്ക്. ചിതറയിലെ മൂന്ന് ക്ഷീര സഹകരണ സംഘങ്ങളിൽ പാൽ നൽകുന്ന കർഷകർക്കാണ് പഞ്ചായത്ത് അധികൃതർ സബ്സിഡി നിഷേധിച്ചത്.
ചിറവൂർ, മടത്തറ, പേഴുംമൂട് എന്നിവിടങ്ങളിൽ പാലൊഴിക്കുന്ന കർഷകർക്ക് 2022-23 സാമ്പത്തിക വർഷത്തെ സബ്സിഡി ഇതുവരെ നൽകിയിട്ടില്ല. മൂന്ന് സംഘങ്ങളിലെ ക്ഷീരകർഷകർക്ക് കഴിഞ്ഞ വർഷം പാലൊഴിച്ച വകയിൽ 2000 രൂപമുതൽ 25000 രൂപവരെ സബ്സിഡി ലഭിക്കാനുണ്ട്. കഴിഞ്ഞ മാർച്ച് മുതൽ ഈവർഷം ജനുവരിവരെ സംഘങ്ങളിൽ ജില്ല-ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളുടെ വിഹിതമായി ഒരു ലിറ്ററിന് നാല് രൂപ നിരക്കിൽ സബ്സിഡി ലഭിക്കേണ്ടതുണ്ട്.
നേരത്തേ സംസ്ഥാനതലത്തിൽ ക്ഷീര കർഷകർ പ്രതിഷേധത്തിനൊരുങ്ങിയ സാഹചര്യത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി ഇടപെടുകയും ആശങ്കകൾക്ക് പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തതാണ്. ഇതിന്റെ ഭാഗമായി അതത് മാസങ്ങളിൽതന്നെ സബ്സിഡി നൽകുമെന്നായിരുന്നു മന്ത്രി അറിയിച്ചത്. എന്നാൽ, സാമ്പത്തികവർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സബ്സിഡി ലഭിക്കാത്തതിനാൽ കർഷകർ ഉത്കണ്ഠയിലാണ്.
മൂന്ന് സംഘങ്ങളിലും കൂടി 3.75 ലക്ഷം രൂപയാണ് പഞ്ചായത്തിൽനിന്ന് കുടിശ്ശികയായി ലഭിക്കാനുള്ളത്. പഞ്ചായത്തിലെ മറ്റ് ക്ഷീരസഹകരണ സംഘങ്ങൾക്കെല്ലാം സബ്സിഡി നൽകിക്കഴിഞ്ഞു. ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകിയെങ്കിലും ഫണ്ടില്ലെന്ന പതിവ് മറുപടിയാണ് ലഭിച്ചത്.
മൂന്ന് സംഘങ്ങൾക്ക് സബ്സിഡി ഇനിയും നൽകാത്തത് അനീതിയാണെന്നാണ് കർഷകരുടെ അഭിപ്രായം. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സബ്സിഡി നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് ക്ഷീരകർഷകർ. കാലിത്തീറ്റക്കും വയ്ക്കോലിനും വെറ്ററിനറി ഔഷധങ്ങൾക്കും ക്രമാതീതമായി വില വർധിച്ചതോടെ പല കർഷകരും പശുവളർത്തൽ ഉപേക്ഷിച്ചു കൊണ്ടിരിക്കുകയാണ്. വേനൽ കടുത്തതോടെ പാലിന്റെ ലഭ്യതയിലും വലിയ കുറവാണ് അനുഭവപ്പെടുന്നത്.
മൃഗാശുപത്രിയിൽ എത്തുന്ന കർഷകർക്ക് എല്ലാ മരുന്നുകളും സൗജന്യമായി ലഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചിതറ മൃഗാശുപത്രിയിൽ ടി.ടിയ്ക്കുള്ള മരുന്നുപോലും ലഭ്യമല്ലെന്നാണ് ആക്ഷേപം. ആശുപത്രിയിൽ എത്തുന്ന കർഷർക്ക് എല്ലാ മരുന്നുകളും പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയിലാണ്.
എല്ലാംകൊണ്ടും അത്യന്തം ഗുരുതരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ക്ഷീരകർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ചിതറ, കടയ്ക്കൽ മേഖലകളിലെ ക്ഷീരസംഘത്തിലെ കർഷകർ വ്യാപക പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ചിറവൂർ കേന്ദ്രീകരിച്ച് ക്ഷീരകർഷകരുടെ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു.
പ്രക്ഷോഭത്തിന്റെ ആദ്യ പടിയായി തിങ്കളാഴ്ച രാവിലെ 10ന് പ്രദേശത്തെ ക്ഷീരകർഷകർ അതത് സംഘങ്ങളിൽനിന്ന് ജാഥയായി പുറപ്പെട്ട് ചിതറ ഗ്രാമപഞ്ചായത്ത് ഓഫിസിലെ മുന്നിലെത്തുകയും തുടർന്ന് ഓഫിസ് ഉപരോധിക്കുകയും ചെയ്യുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.