കൊല്ലം: ദേശിംഗനാടിന്റെ കലാമനസ്സ് കൊതിച്ചിരുന്ന നൂപുരധ്വനിയുയരാൻ ഇനി ഒരു രാപ്പകൽ മാത്രം.യുവജനോത്സവമായി വന്നുപോയി 16 വർഷങ്ങൾ പൂർത്തിയാകുമ്പോൾ കലോത്സവമായി കൊല്ലത്തിന്റെ മണ്ണിലേക്ക് ആദ്യമായി തിരിച്ചുവരുന്ന കലയുത്സവത്തിന് ബുധനാഴ്ച ആരവമുയരും. തുടർന്ന് അഞ്ച് നാൾ 62ാമത് കേരള സ്കൂൾ കലോത്സവത്തിന്റെ പകിട്ടിൽ കൊല്ലം മിന്നിത്തിളങ്ങും. ഒരുക്കങ്ങളെല്ലാം ജോറാക്കുന്ന തിരക്കിലാണ് കൊല്ലം.
കോഴിക്കോട് നിന്ന് ചൊവ്വാഴ്ച പര്യടനം ആരംഭിച്ച കലോത്സവ സ്വർണക്കപ്പിനെ ബുധനാഴ്ച ജില്ലയിലേക്ക് സ്വീകരിക്കാനുള്ള ഒരുക്കമെല്ലാം പൂർത്തിയായി. ഉച്ചക്ക് 1.30ന് കുളക്കടയിൽ മന്ത്രി കെ.എൻ. ബാലഗോപാൽ സ്വർണക്കപ്പ് ഏറ്റുവാങ്ങും. കുളക്കട ഗവ. ഹൈസ്കൂളിൽ സ്വീകരണത്തിനുശേഷം കൊട്ടാരക്കര മാര്‍ത്തോമ ഹൈസ്കൂള്‍, കൊട്ടാരക്കര പൊലീസ് സ്റ്റേഷന്, നെടുവത്തൂര്‍ ജങ്ഷന്, എഴുകോണ്‍, കുണ്ടറ ആറുമുറിക്കട, കുണ്ടറ ആശുപത്രിമുക്ക്, മുക്കട ജങ്ഷന്, ഇളമ്പള്ളൂര്‍ ജങ്ഷന്, കേരളപുരം ഹൈസ്കൂള്‍, ശിവറാം എന്‍.എസ്.എസ്.എച്ച്.എസ്.എസ് കരിക്കോട്, ടി.കെ.എം.എച്ച്.എസ്.എസ് കരിക്കോട്, മൂന്നാംകുറ്റി, കോയിക്കല്‍, രണ്ടാംകുറ്റി, കടപ്പാക്കട എന്നിവിടങ്ങളിലും സ്വർണക്കപ്പിന് സ്വീകരണം നൽകും. നഗരപ്രദക്ഷിണത്തിനുശേഷം വൈകീട്ട് 6.30ന് ഒന്നാംവേദിയിൽ സ്വർണക്കപ്പ് എത്തിക്കും.
ഒന്നാംവേദിയായ ആശ്രാമത്ത് വേദിയുടെ ഉദ്ഘാടനവും പന്തൽസമർപ്പണവും മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ക്രേവൻ സ്കൂളിലെ രുചിയിടത്തിൽ കലവറയിലെ പാലുകാച്ചൽ ബുധനാഴ്ച രാവിലെ 11ന് നടക്കും. കലവറ നിറക്കലിന്റെ ഭാഗമായി ജില്ലയിലെ സ്കൂളുകളിൽ കുട്ടികൾ കൊണ്ടുവരുന്ന നാളികേരങ്ങൾ ഭക്ഷണകമ്മിറ്റി ഇന്ന് ശേഖരിക്കും. വൈകീട്ട് 6.30ന് കാസർകോട് ജില്ലയിൽ നിന്നുള്ള ആദ്യ സംഘം കൊല്ലത്ത് എത്തും. 25 വിദ്യാർഥികൾ അടങ്ങുന്ന സംഘത്തെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ സ്വീകരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.