കൊല്ലം: ജില്ലയിൽ പരിശോധിക്കുന്നതിൽ രണ്ടിലൊരാൾ പോസിറ്റിവ് എന്ന സ്ഥിതിയിലാണ് രോഗബാധ. ശനിയാഴ്ച പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളിൽ 100 എണ്ണത്തിൽ 65 എണ്ണവും പോസിറ്റിവായത് ഉൾപ്പെടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 44 ശതമാനമാണ് ശനിയാഴ്ച ജില്ലയിലെ രോഗ സ്ഥിരീകരണ നിരക്ക്. എന്നാൽ, ടി.പി.ആർ നിലവിൽ മാനദണ്ഡമാക്കാതെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്നവരുടെ എണ്ണത്തിനാണ് പുതിയ പരിഗണന. ഇതനുസരിച്ച് ജില്ല ഇപ്പോൾ എ കാറ്റഗറിയിലാണ്.
നിലവിൽ 19 ക്ലസ്റ്ററുകളാണ് ജില്ലയിലുള്ളത്. 13039 ആക്ടീവ് കേസുകളാണ് ഉള്ളത്. സി.എഫ്.എൽ.ടി.സികളിൽ 52 പേരും സി.എസ്.എൽ.ടി.സികളിൽ 25 പേരും ചികിത്സയിലുണ്ട്. ആശുപത്രികളിൽ 415 പേരാണ് ചികിത്സയിലുള്ളത്. 157 പേർക്ക് ഓക്സിജൻ ബെഡിലുണ്ട്. ഐ.സി.യുവിൽ 51 പേരും വെന്റിലേറ്ററിൽ 16 പേരുമാണ് ഉള്ളത്. കാറ്റഗറി എയിൽ 182, കാറ്റഗറി ബി 312, കാറ്റഗറി സി 150 എന്നിങ്ങനെയാണ് രോഗികൾ. 48 കുട്ടികളാണ് ചികിത്സയിലുള്ളത്. ജില്ലയിൽ 62 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചതിൽ ഒരെണ്ണം മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത് എന്നത് വലിയ ആശ്വാസമാണ്.
സ്വകാര്യ ആശുപത്രികളിൽ 25 ശതമാനം കിടക്കകൾ മാറ്റിവെക്കാനാണ് കലക്ടറുടെ നേതൃത്വത്തിലുള്ള യോഗത്തിൽ നിർദേശം നൽകിയിരിക്കുന്നത്. സംസ്ഥാനതലത്തിൽ 50 ശതമാനമാണ് പറഞ്ഞിരിക്കുന്നത്. അതനുസരിച്ച് നിർദേശം വന്നാൽ പുതുക്കിയ നിർദേശം ജില്ലയിലും നൽകും.
ജില്ല ആശുപത്രിയിൽ കോവിഡ് ചികിത്സക്കൊപ്പം കോവിഡേതര ചികിത്സക്കും പ്രാധാന്യം നൽകുന്നതിനാൽ താലൂക്കാശുപത്രികൾ ഉൾപ്പെടെ കൂടുതൽ സെന്ററുകളിൽ കോവിഡ് ചികിത്സ ഉറപ്പുവരുത്താനാണ് തീരുമാനം. നീണ്ടകര, നെടുങ്ങോലം താലൂക്കാശുപത്രികൾ ഇതനുസരിച്ച് കോവിഡ് സെന്ററുകളാകും. കൂടുതൽ സെന്ററുകൾ വരും ദിവസങ്ങളിൽ തുടങ്ങുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
കൊല്ലം: ജില്ലയിൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷം. ജനുവരിയിൽ ഇതുവരെ 243 ആരോഗ്യപ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 155 പേരും കഴിഞ്ഞ ഒരാഴ്ചക്കിടയിലാണ് പോസിറ്റിവ് ആയത്. തുടർച്ചയായി ഒമ്പത് ദിവസമായി രണ്ടക്കത്തിലാണ് രോഗം ബാധിക്കുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം. വെള്ളിയാഴ്ച 27 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച ഇത് 24 ആയി.
ജനുവരി 10ന് ശേഷം 75 ഡോക്ടർമാരാണ് ജില്ലയിൽ പോസിറ്റിവ് ആയത്, ബുധനാഴ്ച മാത്രം 10 ഡോക്ടർമാർ. 10ൽ അധികം സ്റ്റാഫ് നഴ്സുമാർക്കും നിരവധി നഴ്സിങ് വിദ്യാർഥികളും രോഗബാധിതരായി. ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, ഡയറ്റീഷ്യൻ, ഓഫിസ് സ്റ്റാഫുകൾ, ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെ രോഗം ബാധിച്ചിട്ടുണ്ട്. ജോലിക്കിടയിൽനിന്നുള്ള സമ്പർക്കം വഴിയുള്ള പകർച്ചയാണ് കൂടുതലും. എന്നാൽ, കോവിഡിതര ഡ്യൂട്ടിയിലായിരിക്കെ രോഗം ബാധിച്ചവരാണ് അധികം.
ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിക്കുമ്പോഴും സ്ഥാപനങ്ങൾ അടച്ചിടാൻ കഴിയാത്ത സ്ഥിതിയായതിനാൽ പകരം ജീവനക്കാരെവെച്ച് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുകയാണ്. ജീവനക്കാരുടെ കടുത്ത ക്ഷാമം വെല്ലുവിളിയാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഇതിനാലാണ് സ്വകാര്യ നഴ്സിങ് കോളജുകളിലെ 50 ശതമാനം വിദ്യാർഥികളെയും രണ്ട് സ്വകാര്യ മെഡിക്കൽ കോളജുകളിൽനിന്ന് 25 ശതമാനം ഹൗസ് സർജന്മാരെയും ആവശ്യപ്പെട്ടത്. ഹൗസ് സർജന്മാരെ നൽകുന്നതിൽ മെഡിക്കൽ കോളജുകൾ ബുദ്ധിമുട്ട് അറിയിച്ചെങ്കിലും കലക്ടർ കർശന നിർദേശം നൽകി സേവനം ഉറപ്പുവരുത്തുകയായിരുന്നു. തിങ്കളാഴ്ച മുതൽ ഈ വിഭാഗത്തിന്റെ സേവനം ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.