കൊല്ലം: സാമ്പത്തിക തട്ടിപ്പ് നടത്തിയത് പുറത്തറിയാതിരിക്കാൻ നടത്തിയ കൊലപാതകമാണ് ബി.എസ്.എൻ.എൽ മുൻ ജീവനക്കാരനായ ആശ്രാമം കൈരളി നഗർ കുളിർമയിൽ സി. പാപ്പച്ചന്റെ (82) ജീവനെടുത്തതെന്ന് പൊലീസ് കുറ്റപത്രം.
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി- രണ്ട് ജഡ്ജി ലക്ഷ്മി ശ്രീനിവാസിന് മുന്നിൽ കൊല്ലം ഈസ്റ്റ് പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് കൊലപാതകക്കുറ്റം സ്ഥാപിക്കുന്ന ചാർജുകൾ നിരത്തിയിരിക്കുന്നത്.
കൊലപാതക കുറ്റത്തിന്റെ ഐ.പി.സി 302 ഉൾപ്പെടെ എട്ടോളം വകുപ്പുകളാണ് പ്രതികളായ പോളയത്തോട് അനിമോൻ മൻസിലിൽ അനിമോൻ (44), കടപ്പാക്കട ശാസ്ത്രി നഗറിൽ വയലിൽ പുത്തൻവീട്ടിൽ മാഹിൻ (47), ഓലയിൽ മുത്തൂറ്റ് മിനി നിധി ലിമിറ്റഡ് മാനേജരായിരുന്ന സരിത (45), പോളയത്തോട് ശാന്തി നഗർ സൽമ മൻസിലിൽ ഹാഷിഫ് (27) എന്നിവർക്കെതിരെ ചുമത്തിയിരിക്കുന്നത്. നാലാം പ്രതിയായ കെ.പി. അനൂപിനെ മാപ്പുസാക്ഷിയാക്കിയാണ് പൊലീസ് കേസിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്.
60 ലക്ഷം രൂപ പാപ്പച്ചനിൽനിന്ന് പ്രതികൾ തട്ടിച്ചതായാണ് 160 പേജുകളുള്ള കുറ്റപത്രത്തിൽ പറയുന്നത്. ഈ 60 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. നൂറോളം സാക്ഷികളാണ് കേസിനുള്ളത്. തട്ടിപ്പ് നടന്ന മുത്തൂറ്റ് ബ്രാഞ്ചിലെ ജീവനക്കാർ, പാപ്പച്ചന്റെ ബന്ധുക്കൾ, പ്രതികളുടെ ബന്ധുക്കൾ, ആശ്രാമത്ത് പാപ്പച്ചനെ കാറിടിച്ച് വീഴ്ത്തിയതിന് സമീപത്തെ താമസക്കാർ ഉൾപ്പെടെയുള്ളവരെ സാക്ഷികളായി ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ബാങ്കിലെ പണമിടപാട്, പ്രതികൾ തമ്മിലുള്ള പണമിടപാട്, തട്ടിച്ച പണം ഉപയോഗിച്ചുള്ള പണമിടപാട്, ഫോൺ സംഭാഷണങ്ങൾ എന്നിവ തെളിയിക്കുന്ന രേഖകൾ, സി.സി.ടി.വി ദൃശ്യങ്ങൾ, ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെയുണ്ട്. 120ഓളം രേഖകളാണ് കുറ്റപത്രത്തിന് അനുബന്ധമായി ഈസ്റ്റ് എസ്.എച്ച്.ഒ എൽ. അനിൽകുമാർ കോടതിയിൽ സമർപ്പിച്ചത്.
മേയ് 23ന് ആശ്രാമത്ത് ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിന് സമീപത്തെ റോഡിലാണ് സൈക്കിളിൽ സഞ്ചരിച്ച പാപ്പച്ചൻ കാറിടിച്ച് മരിച്ചത്.
അപകട മരണത്തിന്റെ 304ാം വകുപ്പിൽ ഒതുങ്ങിപോകേണ്ടിയിരുന്ന കേസ്, പിതാവിന്റെ സാമ്പത്തിക ഇടപാടുകളിൽ സംശയം തോന്നി മകൾ നൽകിയ പരാതിയെ തുടർന്നാണ് കൊലപാതകമാണെന്ന് തെളിഞ്ഞ അന്വേഷണത്തിലേക്ക് വഴിതുറന്നത്. ക്വട്ടേഷൻ കൊലപാതമെന്ന് തെളിഞ്ഞതോടെയാണ് ആഗസ്റ്റ് എട്ടിന് പ്രതികളെ അറസ്റ്റ് ചെയ്തത്. അഞ്ചാം പ്രതി ഒഴികെ എല്ലാവരും ജയിലിലായിരിക്കെ 90 ദിവസത്തിനകം പൊലീസ് കുറ്റപത്രം സമർപ്പിച്ചതിനാൽ പ്രതികളിൽ കസ്റ്റഡിയിലിരിക്കെ വിചാരണ നേരിടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.