പുനലൂര്‍: ആര്യങ്കാവില്‍ വീണ്ടും കനത്ത മഴയും ഉരുള്‍പൊട്ടലും. വെള്ളപ്പാച്ചിലില്‍ ജീപ്പിലകപ്പെട്ട രണ്ടുപേരെ നാട്ടുകാര്‍ രക്ഷെപ്പടുത്തി. ജീപ്പ് വടം ഉപയോഗിച്ച് കെട്ടിയിട്ടതിനാല്‍ ഒലിച്ചുപോകുന്നത് ഒഴിവായി. നാശനഷ്ടങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ ആരംഭിച്ച കനത്ത മഴക്കിടെയാണ് രാജകൂപ്പ് വനത്തില്‍ ഉരുള്‍പൊട്ടിയത്. കനത്ത വെള്ളവും മറ്റും മഞ്ഞത്തേരി തോട്ടിലൂടെ ഒഴുകിയെത്തിയപ്പോഴാണ് റോസ് മല റോഡിലൂടെ വിനോദസഞ്ചാരികള്‍ യാത്ര ചെയ്യുകയായിരുന്ന ജീപ്പ് ഒഴുക്കിലകപ്പെട്ടത്. വിവരമറിഞ്ഞെത്തിയ റോസ്മല വാര്‍ഡ് മെംബര്‍ ഉള്‍പ്പെട്ട സംഘം യാത്രക്കാരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പാലരുവി തോട്ടിലും കഴുതുരുട്ടി ആറ്റിലും വെള്ളത്തിെൻറ അളവ് ഉയര്‍ന്നതുമൂലം താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. പഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പെടെയുള്ള സംഘം രാജകൂപ്പിലേക്ക് തിരിച്ചിട്ടുണ്ട്.
കഴിഞ്ഞ 28ന് വൈകീട്ട് ഇടപ്പാളയം ഭാഗത്ത് ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും സംഭവിച്ചിരുന്നു. ആശ്രയ കോളനിയിലടക്കം ആറു വീടുകള്‍ തകര്‍ന്ന് മറ്റ് നഷ്ടങ്ങളുമുണ്ടായി. നാശം നേരിട്ട സ്ഥലങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതിന് റവന്യൂമന്ത്രി സന്ദര്ശനത്തിനെത്താനിരിക്കെ, അടുത്ത പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായത് നാട്ടുകാരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
കെ.എസ്.ആര്.ടി.സി ബസും യാത്രക്കാരും രക്ഷപ്പെട്ടത് തലനാരിഴക്ക്
പുനലൂര്‍: ബുധനാഴ്ച വൈകീട്ട് ആര്യങ്കാവിലെ രാജകൂപ്പിലുണ്ടായ ഉരുള്‍പൊട്ടലിലെ വെള്ളപ്പാച്ചിലില്‍ നിന്നും കെ.എസ്.ആര്.ടി.സി ബസും യാത്രക്കാരും രക്ഷപ്പട്ടത് ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍മൂലം. ആര്യങ്കാവ് ഡിപ്പോയിലെ ബസ് ബുധനാഴ്ച വൈകീട്ട് റോസ്മല പോയി മടങ്ങിവരുംവഴി ശക്തമായ മഴയിലാണ് ഉരുള്‍പൊട്ടിയത്. ബസ് ജീവനക്കാരെ കൂടാതെ രണ്ട് യാത്രക്കാര്‍ ഉണ്ടായിരുന്നു. ആര്യങ്കാവ് റോഡിലെ മഞ്ഞത്തേരി വലിയ ചപ്പാത്തിന് അടുത്തെത്തിയപ്പോള്‍ ചപ്പാത്തില്‍ അമിതമായി മലവെള്ളം ഒഴുകിയെത്തുന്നത് ഡ്രൈവര്‍ വി. റസാക്കിെൻറ ശ്രദ്ധയിൽപെട്ടതോടെ ബസ് നിര്‍ത്തിയിട്ടു.
ഈ സമയം അഞ്ച് ബൈക്കുകളിലായി വിനോദ സഞ്ചാരികളായ പത്തംഗസംഘം ബസിെൻറ പിന്നാലെ ഉണ്ടായിരുന്നു. ചപ്പാത്തിലെ വെള്ളം കാരണം ഇവര്‍ കടന്നുപോകുന്നത് ബസ് ഡ്രൈവര്‍ വിലക്കിയതിനെ തുടര്‍ന്ന് ഇവരും ബസിനുള്ളില്‍ കയറി ബസ് ആര്യങ്കാവിലേക്ക് പുറപ്പെട്ടു. ഇതിനിടയിലാണ് ജീപ്പില്‍ വന്ന രണ്ടുപേര്‍ ചപ്പാത്തില്‍ ഒഴുക്കിൽപെട്ടത്. ഇത് കണ്ട് ബസ് ഡ്രൈവറും പഞ്ചായത്ത് പ്രസിഡൻറുമുള്പ്പെടെയുള്ളവര് ഇറങ്ങി ജീപ്പ് യാത്രക്കാരെ രക്ഷപ്പടുത്തി. കാലിലും മറ്റും പരിക്കേറ്റ ജീപ്പ് യാത്രക്കാരെ ബസില്‍ കയറ്റി ആര്യങ്കാവിലെത്തിച്ച് സ്വകാര്യ ആശുപത്രിയിലാക്കിയ ശേഷമാണ് ബസ് ഡ്രൈവറും സംഘവും മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.