പുനലൂർ: പുനലൂർ-പൊൻകുന്നം സംസ്ഥാനപാത നവീകരണ ഭാഗമായി നെല്ലിപ്പള്ളിയിൽ കല്ലടയാറ്റിന്റെ തീരത്ത് ഗാബിയൻ വിത്ത് പാരാഗ്രിഡ് സംരക്ഷണ ഭിത്തി നിർമാണം പൂർത്തിയാകുന്നു. നവീകരണ ഭാഗമായി ഇവിടെ നിർമിച്ചിരുന്ന സംരക്ഷണഭിത്തി 2022 മേയ് മാസത്തെ വേനൽ മഴയിൽ തകർന്നിരുന്നു.
നിർമാണത്തിലെ അപാകത ആരോപണം ഉയർന്നതിനെതുടർന്ന് കരാറുകാരുടെ നഷ്ടോത്തരവാദിത്തത്തിൽ പുതിയ സംരക്ഷണഭിത്തി കഴിഞ്ഞ ജനുവരിയിലാണ് നിർമാണം തുടങ്ങിയത്.
ആറ്റിലെ വെള്ളത്തിന്റെ കുത്തൊഴുക്കനുഭവപ്പെടുന്ന ഇവിടെ ഇനിയും പാറയോ കോൺക്രീറ്റ് ഭിത്തിയോ നിർമിക്കുന്നത് സുരക്ഷിതമല്ലെന്ന് കണ്ടാണ് ആധുനിക രീതിയിലുള്ള ഗാബിയൻ വിത്ത് പാരാഗ്രിഡ് സംരക്ഷണഭിത്തി നിർമാണം തുടങ്ങിയത്. 70 മീറ്റർ നീളവും 10 മീറ്ററോളം പൊക്കവും വരുന്നതാണിത്. നിർമാണം കഴിഞ്ഞാലേ ഈ ഭാഗത്ത് റോഡിന്റെ നവീകരണം പൂർത്തിയാകാൻ കഴിയുകയുള്ളൂ.
മൂന്ന് മാസത്തിനുള്ളിൽ സംരക്ഷണ ഭിത്തിയുടെ നിർമാണം പൂർത്തിയാക്കാൻ ഉദ്ദേശിച്ചെങ്കിലും നീണ്ടുപോകുകയായിരുന്നു. വെള്ളത്തിന്റെ സാന്നിധ്യവും ഒഴുക്കും സ്ഥിരമായി അനുഭവപ്പെടുന്ന ഭാഗങ്ങളിലാണ് ചെലവേറിയ ഇത്തരം സംരക്ഷണ ഭിത്തി നിർമിക്കുന്നത്. ഒരുവശം വളവോടുകൂടിയ ആറ്റുതീരമാണ്.
ആറ്റിലെ കുത്തൊഴുക്ക് സംരക്ഷണ ഭിത്തിയെ ബാധിക്കാതിരിക്കാൻ പാറകൾ അടുക്കിയുള്ള കവചത്തോടുകൂടിയാണിത് നിർമിക്കുന്നത്. തീരത്തും ആറ്റിലേക്കും പാറകൾ നെറ്റിനുള്ളിലാക്കി ഗാബിയൻ രീതിയിൽ അടുക്കും. ഇതിനുശേഷം റോഡ് വശത്തേക്ക് 10 മീറ്ററിൽ പാറ ഉപയോഗിച്ച് പാരാഗ്രിഡ് സംവിധാനം നിർമിക്കുന്നത്.
പാറ അടുക്കിയുള്ള ഓരോ ലെയറും മണ്ണിട്ട് ഉറപ്പിച്ചാണ് മുകളിലേക്ക് എത്തുന്നത്. ഇതിനിടയിൽ വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനും സംരക്ഷണഭിത്തിയിലെ മണ്ണ് ഒലിച്ചുപോകാതിരിക്കാനും ചാക്കിനുള്ളിൽ ചെറുപാറകൾ അടുക്കി (സാക് ഗാബിയൻ) സംരക്ഷണവും പ്രതിരോധം തീർക്കുന്നുണ്ട്. ഈ ഭാഗത്ത് ആറ്റിന്റെ ഒഴുക്കും ആഴവും കൂടുതലുള്ളതിനാൽ 18 മീറ്റർ നീളത്തിൽ പാറകൾ അടുക്കി വെള്ളത്തിന്റെ ശക്തി കുറയ്ക്കാനുള്ള സൗകര്യം ചെയ്യുന്നുണ്ട്.
നിർമാണ പ്രവർത്തനം മുക്കാലും പൂർത്തിയായി. ഇനി പാതനിരപ്പിലും ആറ്റുതീരത്തും ഇരുമ്പ് നെറ്റിൽ പാറകൾ അടുക്കുന്ന കുറച്ചു ജോലികളും തീരാനുണ്ട്. ഇതിനുശേഷം ഈ ഭാഗത്ത് 150 മീറ്ററോളം പാതയുടെ അലൈൻമെന്റ് ക്രമീകരിച്ച് ടാറിങ് പൂർത്തിയാക്കേണ്ടതുണ്ട്. പത്തനാപുരംവരെ പാതയുടെ ബാക്കി ടാറിങ് രണ്ടാം ഘട്ടം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.