പുനലൂർ: കൊല്ലം-ചെങ്കോട്ട ദേശീയപാതയിൽ ആര്യങ്കാവിനു സമീപം ആനച്ചാടി പാലം വാഹന യാത്രികരിൽ ഭീതിയുളവാക്കുന്നു. അടുത്തിടെ മൂന്നുപേർ വാഹനാപകടത്തിൽ മരിക്കുകയും നിരന്തരം അപകടമുണ്ടായിട്ടും പാലത്തോട് ചേർന്നുള്ള അപകടാവസ്ഥ ഒഴിവാക്കാൻ ദേശീയപാത അധികൃതർ തയാറായിട്ടില്ല.
കഴിഞ്ഞദിവസം രാത്രി ആനച്ചാടി സ്വദേശിനിയായ റാബിയത്ത് ബീവി ലോറിയിടിച്ചു മരിച്ചതാണ് അപകടങ്ങളിൽ ഒടുവിലത്തേത്. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള വലിയ ചരക്കുവാഹനങ്ങളടക്കം ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുകടന്നുപോകുന്ന പാതയിലാണ് അപകടാവസ്ഥ. കഴിഞ്ഞ മഴക്കാലത്ത് പാലത്തോട് ചേർന്നുള്ള ഭാഗം ഇടിഞ്ഞു താഴ്ന്നിരുന്നു.
കൂടാതെ, പാതയ്ക്കുള്ളിൽ മണ്ണ് മാറി പൊള്ളയായി കിടക്കുകയാണ്. ഇതുകാരണം റോഡിന്റെ അപകടാവസ്ഥ ഒഴിവാക്കാൻ അധികൃതർ ഇരുവശത്തും ടാർവീപ്പയും മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചു.
ഇതോടുകൂടി ഒരു വാഹനത്തിന് മാത്രം കടന്നുപോകാനുള്ള വീതിയേ ഇവിടുള്ളൂ. വാഹനങ്ങൾ കടന്നുപോകുന്നതിനുള്ള സൗകര്യത്തിനായി വിപ്പകളും ബോർഡുകളും ഡ്രൈവർമാർ തന്നെ പലയിടങ്ങളിലായി മാറ്റിവെച്ചു. അടിയന്തരമായി പാതയുടെ വശം കെട്ടി സുരക്ഷിതമാക്കിയില്ലെങ്കിൽ പാത പൂർണമായി ഇടിഞ്ഞു ആറ്റിലേക്ക് മറിയുന്ന സ്ഥിതിയാണ്. ഈ പാലം തകർന്നാൽ അന്തർ സംസ്ഥാന പാതയിലെ ഗതാഗതം പൂർണമായും മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.