പുനലൂർ: സംസ്ഥാന അതിർത്തിയായ ആര്യങ്കാവിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന് ചെക് പോസ്റ്റ് ആരംഭിക്കാൻ ജി.എസ്.ടി വകുപ്പ് നൽകിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും തിരിച്ചെടുക്കാൻ നീക്കം. മൂന്നുവർഷമായിട്ടും ചെക് പോസ്റ്റ് തുടങ്ങാൻ ഭക്ഷ്യസുരക്ഷ വകുപ്പ് തയാറാകാത്തതിനെ തുടർന്നാണിത്. അടുത്തിടെ ആര്യങ്കാവ് ചെക്പോസ്റ്റിലെത്തിയ ജി.എസ്.ടി വകുപ്പ് അസിസ്റ്റന്റ് കമീഷണർ ഇത് സംബന്ധിച്ച സൂചന നൽകി. കെട്ടിടം തിരിച്ചെടുക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർക്ക് ഉടൻ കത്ത് നൽകുമെന്നും ഇവർ സൂചിപ്പിച്ചു.
പഴയ ചെക് പോസ്റ്റ് കെട്ടിടവും സ്ഥലങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് അസിസ്റ്റന്റ് കമീഷണറും സംഘവും ഇവിടെ എത്തിയത്. ഭക്ഷ്യസുരക്ഷ വകുപ്പിന് വിട്ടുകൊടുത്ത കെട്ടിടം ഇവർ പുറമേനിന്ന് പരിശോധിച്ചു. ഉപയോഗമില്ലാതെ കിടക്കുന്നതിനാൽ കാടുമൂടി കെട്ടിട ഉൾപ്പെടെ നാശത്തിന്റെ വക്കിലാണ്. മുമ്പ് വാണിജ്യനികുതി വകുപ്പിന്റെ ചെക് പോസ്റ്റ് പ്രവർത്തിച്ചിരുന്ന രണ്ടുനില കെട്ടിടത്തിന്റെ ഒരുനിലയാണ് മൂന്നുവർഷം മുമ്പ് ഭക്ഷ്യസുരക്ഷാ വകുപ്പിന് താൽക്കാലികമായി വിട്ടുകൊടുത്തത്.
ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന ഭക്ഷ്യധാനങ്ങളുടെ ഗുണനിലവാരം അതിർത്തിയിൽതന്നെ പരിശോധിച്ച് ഉറപ്പാക്കാൻ സംസ്ഥാന അതിർത്തികളിൽ സർക്കാർ ഭക്ഷ്യസുരക്ഷ പരിശോധന കേന്ദ്രം അനുവദിച്ചിരുന്നു.
ആര്യങ്കാവിൽ ഇതിനുള്ള സൗകര്യമില്ലാത്തതിനാൽ ജി.എസ്.ടി വകുപ്പിന്റെ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടത്തിന്റെ ഒരുനില ഭക്ഷ്യസുരക്ഷാ വകുപ്പിന് വിട്ടുകൊടുക്കുകയായിരുന്നു.
കെട്ടിടത്തിന്റെ നവീകരണത്തിനായി ഭക്ഷ്യ സുരക്ഷ വകുപ്പ് പണം അനുവദിച്ച് നവീകരണം പൂർത്തിയാക്കി. എന്നാൽ, പരിശോധന കേന്ദ്രത്തിന് ആവശ്യമായ ജീവനക്കാരെ അനുവദിക്കാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ല. ഇത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ല അധികൃതർ പലതവണ കത്ത് നൽകിയെങ്കിലും ജീവനക്കാരെ അനുവദിക്കാത്തതിനാൽ പരിശോധന കേന്ദ്രം തുറക്കാൻ കഴിഞ്ഞില്ലെന്നാണ് പറയുന്നത്.
ജില്ലയിൽ തന്നെയുള്ള ഭക്ഷ്യസുരക്ഷാ ഓഫിസർമാരെ നിയമിച്ച് പരിശോധന കേന്ദ്രം ആരംഭിക്കാൻ ഇടയ്ക്ക് നീക്കം ഉണ്ടായിരുന്നെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ നടന്നില്ല. ജില്ലയിലുള്ള ഓഫിസർമാരെ നിയമിച്ച് കേന്ദ്രം ആരംഭിച്ചാൽ മറ്റ് ഇടങ്ങളിലെ പരിശോധന മുടങ്ങാനിടയുള്ളതുകൊണ്ട് അധികൃതർ ഇതിന് തയാറായില്ല.
അതേസമയം ആര്യങ്കാവ് അതിർത്തിയിൽ യാതൊരുവിധത്തിലുള്ള പരിശോധയും ഇല്ലാത്തതിനാൽ ഗുണമില്ലാത്ത ഭക്ഷ്യസാധനങ്ങൾ സംസ്ഥാനത്തേക്ക് യഥേഷ്ടം കൊണ്ടുവരുന്നു. ഏറ്റവും കൂടുതൽ സാധനങ്ങൾ എത്തിക്കുന്ന ഓണക്കാലത്തും പരിശോധനയില്ലാത്ത സാഹചര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.