പുനലൂർ: കാലിന് സ്വാധീനക്കുറവുള്ള വനിത സ്റ്റേഷൻ മാസ്റ്ററെ ട്രെയിൻ യാത്രക്കിടെ പട്ടാപ്പകൽ കത്തികാട്ടി ആക്രമിച്ച് സ്വർണം കവർന്നു. ആക്രമണം തടുക്കാൻ ശ്രമിക്കുന്നതിനിടെ വീണ് ഇവരുടെ വലതുകൈ ഒടിഞ്ഞു. 6659 ചെങ്കോട്ട- കൊല്ലം പാസഞ്ചറിൽ തിങ്കളാഴ്ച ഉച്ചയോടെ തെന്മലക്കും ഒറ്റക്കല്ലിനും ഇടയിലാണ് സംഭവം.
തെങ്കാശി പാമ്പ്കോവിൽ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ എറണാകുളം തോപ്പുംപടി ചുള്ളിക്കൽ തിയ്യാടി വീട്ടിൽ രശ്മി ആന്‍റണി(28) ആണ് അക്രമത്തിന് ഇരയായത്. ഇവരുടെ താലിമാലയും മോതിരവും അടക്കം 15.5 ഗ്രാം സ്വർണമടങ്ങുന്ന പേഴ്സുമായി മോഷ്ടാവ് കടന്നു. ജോലി സ്ഥലത്ത് നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.
എൻജിനിൽ നിന്നും മൂന്നാമത്തെ കോച്ചിലായിരുന്നു ഇവർ യാത്ര ചെയ്തിരുന്നത്. ഈ കോച്ചിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാർ തെന്മല എത്തിയപ്പോൾ ഇറങ്ങിയതോടെ ഇവർ തനിച്ചായി. ഈ സമയത്ത് തെന്മല സ്റ്റേഷനിൽ നിന്നും മുഷിഞ്ഞ വേഷത്തോടെ കയറിയ യുവാവ് ആദ്യത്തെ തുരങ്കത്തിൽ ട്രെയിൻ എത്തിയപ്പോൾ രശ്മിയെ പേനകത്തി കാട്ടി ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചു. ഇത് തടുക്കാൻ ശ്രമിക്കുമ്പോൾ തള്ളിയിട്ടു. ഈസമയം കൊണ്ട് മോഷ്ടാവ് സീറ്റിലുണ്ടായിരുന്ന പഴ്സുമായി മറ്റ് കോച്ചുകളിലേക്ക് കടന്നുകളഞ്ഞു.
തെന്മലക്കും ഒറ്റക്കല്ലിനും ഇടയിലുള്ള അഞ്ചാം നമ്പർ തുരങ്കത്തിൽ ട്രെയിൻ എത്തിയപ്പോൾ വേഗത കുറഞ്ഞതോടെ മോഷ്ടാവ് ട്രെയിനിൽ നിന്നും ചാടിയിറങ്ങി രക്ഷപ്പെട്ടു. ഈ സമയം ട്രെയിനിൽ റെയിൽവേ പൊലീസോ, പ്രോട്ടക്ഷൻ ഫോഴ്സോ ഡ്യൂട്ടിക്ക് ഇല്ലായിരുന്നു.
രശ്മി പുനലൂർ റെയിൽവേ പൊലീസിനെ വിവരം അറിയിച്ചു. ഇതേ ട്രെയിനിൽ തന്നെ പുനലൂരിലെത്തിയ ഇവരെ റെയിൽവേ പൊലീസ് താലൂക്ക് ആശുപത്രിയിലും തുടർന്ന് ചെമ്മന്തൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു ചികിത്സ നൽകി. വൈകീട്ടോടെ എറണാകുളത്തേക്ക് മടങ്ങി.
പ്രതിക്കായി റെയിൽവേ പൊലീസും തെന്മല പൊലീസും അന്വേഷണം ആരംഭിച്ചു. സംശയം തോന്നിയ ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.