പുനലൂർ: ആര്യങ്കാവ് ക്ഷീരവികസന വകുപ്പ് ചെക് പോസ്റ്റിൽ പിടികൂടിയ പാലിൽ കൊഴുപ്പ് കുറവ്. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ലാബിലെ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം പാലിൽ കണ്ടെത്താനായില്ല. സമയം കഴിഞ്ഞു സാമ്പ്ൾ പരിശോധന നടത്തിയതാണ് ഇതിന് കാരണം. കൊഴുപ്പ് കുറവായതിനാൽ പാൽ ഗുണനിലവാരം ഇല്ലാത്തതാണെന്ന് തെളിഞ്ഞു.
തെങ്കാശിയിൽനിന്ന് പന്തളം മേക്കോണിലേക്ക് കൊണ്ടുവന്ന 15,300 ലിറ്റർ പാലാണ് ബുധനാഴ്ച പുലർച്ച ക്ഷീരവികസന വകുപ്പ് ചെക് പോസ്റ്റിൽ പിടികൂടിയത്. പരിശോധനയിൽ പാൽ കൂടുതൽ സമയം കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം കൂടുതലെന്ന് കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ ടാങ്കർ തടഞ്ഞിട്ടു.
മറ്റുനടപടിക്കായി വിവരം ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതരെ അറിയിച്ചു. ഇവർ രാവിലെ ഒമ്പതോടെയെത്തി പാലും ടാങ്കറും കസ്റ്റഡിയിലെടുത്തു. പാലിന്റെ സാമ്പ്ൾ പരിശോധനക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരം റീജനൽ ലാബിലേക്ക് എത്തിച്ചു.
ഹൈഡ്രജൻ പെറോക്സൈഡ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പാൽ നശിപ്പിച്ചു കളയാൻ ക്ഷീരവികസന മന്ത്രി ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകി. ഇതിന്റെയടിസ്ഥാനത്തിൽ പാൽ ഒഴിച്ച് കളയാൻ ആര്യങ്കാവിൽ റബർ എസ്റ്റേറ്റിൽ കുഴിയും തയാറാക്കി. എന്നാൽ, പാൽ കൊണ്ടുവന്ന കമ്പനിക്കാർ ഇത് തടഞ്ഞു.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലാബിൽനിന്നുള്ള പരിശോധനക്ക് ശേഷം മാത്രം നശിപ്പിച്ചാൽ മതിയെന്ന് ഇവർ ആവശ്യപ്പെട്ടു. തുടർന്ന് പാൽ ടാങ്കർ ഭക്ഷ്യസുരക്ഷാ വകുപ്പ് തെന്മല പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വ്യാഴാഴ്ച വൈകീട്ടാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഫലം പുറത്തുവന്നത്. ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം പാലിൽ കണ്ടെത്താനായില്ല.
എന്നാൽ, വെള്ളിയാഴ്ച വൈകീട്ടുവരെയും പാലിന്റെ കാര്യത്തിൽ മറ്റെന്തെങ്കിലും തീരുമാനമെടുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. അതേസമയം പാലിലെ മായം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ക്ഷീര വികസന വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും തമ്മിൽ അഭിപ്രായവ്യത്യാസം രൂപപ്പെട്ടിട്ടുണ്ട്.
പാലിൽ മായം കണ്ടതിനെ തുടർന്ന് ചെക് പോസ്റ്റ് അധികൃതർ ഉടനെ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതരെ വിവരം അറിയിച്ചിരുന്നു. എന്നാൽ ഇവർ രാവിലെ ഒമ്പതോടെയാണ് ആര്യങ്കാവിലെത്തി സാമ്പ്ൾ ശേഖരിച്ച് ലാബിൽ പരിശോധനക്ക് അയച്ചത്.
ഇത്രയും സമയത്തിനുള്ളിൽ മുമ്പ് കണ്ടെത്തിയ ഹൈഡ്രജൻ പെറോക്സൈഡ് സാന്നിധ്യം പിന്നീടുള്ള പരിശോധനയിൽ കണ്ടെത്താൻ സാധ്യതയില്ലന്നാണ് ക്ഷീരവികസന വകുപ്പ് പറയുന്നത്. ഇതുസംബന്ധിച്ച് ക്ഷീരവികസന മന്ത്രിയും വിമർശനം ഉന്നയിച്ചിരുന്നു.
നാലു മുതൽ ആറു മണിക്കൂർ വരെ മാത്രമേ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം പാലിൽ ഉണ്ടാകൂവെന്നും ശേഷം ഇത് ഓക്സിജനാകുന്നതിനാൽ കണ്ടെത്താൻ കഴിയില്ലെന്നും പാൽ പരിശോധന കേന്ദ്രം അധികൃതർ പറഞ്ഞു. ഇതുസംബന്ധിച്ച് തുടർനടപടിക്ക് അധികാരം ഭക്ഷ്യ സുരക്ഷാ വകുപ്പിനാണ്.
ഭക്ഷ്യ സുരക്ഷാ വകുപ്പ് പറയുന്നത് മറ്റൊന്നാണ്. ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയില്ലെങ്കിലും കൊഴുപ്പ് കുറവ് ഗുണനിലവാരം കുറവിനെ സൂചിപ്പിക്കുന്നുവെന്നും അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.