പുനലൂർ: മുന്നറിയിപ്പുകൾ അവഗണിക്കുന്നത് കൊല്ലം-ചെങ്കോട്ട ദേശീയപാതയിൽ വാഹനാപകടം വർധിപ്പിക്കുന്നു. ചരക്കുവാഹനങ്ങൾ ഏറ്റവും കൂടുതൽ കടന്നുവരുന്ന അന്തർസംസ്ഥാനപാതയിൽ നിത്യേന നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. തമിഴ്നാട്ടിൽനിന്ന് പാറയുൽപന്നങ്ങളുമായി വരുന്ന കൂറ്റൻ ലോറികളാണ് കൂടുതലും അപകടമുണ്ടാക്കുന്നത്. അവസാനമായി വ്യാഴാഴ്ച രാത്രി ഒമ്പതോടെ ആര്യങ്കാവ് പാൽ ചെക്പോസ്റ്റിന് സമീപം തമിഴ്നാട്ടിൽനിന്ന് പാറയുൽപന്നം കയറ്റിവന്ന ലോറി ഇടിച്ചതുകാരണം കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെ ആറ് വാഹനങ്ങളാണ് അപകടത്തിലായത്.
രണ്ട് കാറിലായുണ്ടായിരുന്ന എട്ടുപേർക്കും പരിക്കേറ്റിരുന്നു. ഡീസൽ ലാഭിക്കാൻ ന്യൂട്രൽ ഗിയറിൽ ഇറക്കമിറങ്ങിയ ലോറി നിയന്ത്രണംവിട്ട് കാറുകളിൽ ഉൾപ്പെടെ ഇടിക്കുകയായിരുന്നു.
ചരക്കുലോറികളിലെ ഡ്രൈവർമാരുടെ അശ്രദ്ധമായ ഡ്രൈവിങ്ങും ഇന്ധനം ലാഭിക്കാൻ ന്യൂട്രലിൽ വരുന്നതുമാണ് കൂടുതൽ അപകടങ്ങളുമുണ്ടാക്കുന്നത്. പുനലൂർ മുതൽ കോട്ടവാസൽ വരെ പലയിടത്തും കിലോമീറ്ററുകൾ നീളുന്ന ഇറക്കമാണ്. ഈ ഇറക്കത്തിൽ ന്യൂട്രൽ ഗിയറിൽ വരുന്ന വാഹനങ്ങൾ വളവുകളിൽ പെെട്ടന്ന് ബ്രേക്ക് ചെയ്യാൻ കഴിയാതെ അപകടത്തിൽപെടുകയാണ് പതിവ്. ഇരുചക്രവാഹനയാത്രികരും കാൽനടയാത്രികരുമാണ് കൂടുതലും അപകടത്തിന് ഇരയാകുന്നത്.
ഒരുവർഷം മുമ്പ് പ്ലാച്ചേരിയിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയതുൾപ്പെടെ നിരവധി വാഹനാപകടം ഇത്തരത്തിൽ ഉണ്ടായിട്ടുണ്ട്. ന്യൂട്രൽ ഗിയറിൽ വരുന്ന വാഹനങ്ങൾക്കതിരെ കർശന നടപടിയുമായി പൊലീസും മോട്ടോർ വെഹിക്കിൾ അധികൃതരും അന്ന് രംഗത്തുണ്ടായിരുന്നു. ഡ്രൈവർമാർക്ക് ബോധവത്കരണവും പരിശോധനയും നടത്തി.
തുടർന്ന് കുറേ ദിവസത്തേക്ക് കാര്യമായ അപകടം ഈ പാതയിൽ ഉണ്ടായിരുന്നില്ല. എന്നാൽ, അധികൃതർ വാഹനപരിശോധനയിൽ നിന്ന് പിന്മാറിയതോടെ വീണ്ടും പഴയ പടിയായി. ഈ പാതയിൽ ഹൈവേ പൊലീസ് പട്രോളിങ് ഉണ്ടെങ്കിലും ചെറിയ വാഹനങ്ങൾ പരിശോധിക്കുന്നതിലും പിഴയിടുന്നതിലുമാണ് താൽപര്യം. ലഹരി ഉൽപന്നങ്ങൾ ഉപയോഗിച്ച് അശ്രദ്ധമായും അപകടകരമായും അധിക ലോഡുമായി വരുന്നതിനെതിരെയും നടപടി സ്വീകരിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.