കോവിഡ് പ്രതിരോധപ്രവർത്തനത്തിലുള്ള ജില്ലയിലെ ഫിസിയോതെറപ്പിസ്​റ്റുകൾ

കോവിഡ് പ്രതിരോധത്തിൽ നിതാന്തജാഗ്രതയിൽ ഈ ഫിസിയോതെറപ്പിസ്​റ്റുകൾ

പുനലൂർ: ലോക ഫിസിയോതെറപ്പി ദിനമാണ് ചൊവ്വാഴ്ച. ജില്ലയിലെ കോവിഡ് പ്രതിരോധത്തിൽ നിയന്ത്രണപ്രവർത്തനത്തിൽ ആറു ഫിസിയോതെറപ്പിസ്​റ്റുകളുടെ സേവനം ഈ ദിനത്തിൽ സ്മരണീയമാണ്. ആറുമാസമായി ഇവർ കർമരംഗത്താണ്. ആർ. അഖിൽ (താലൂക്കാശുപത്രി, ശാസ്താംകോട്ട), സുജേഷ് കെ. സഹദേവൻ (താലൂക്കാശുപത്രി, നെടുങ്ങോലം), എ. റെജി (താലൂക്കാശുപത്രി, കടയ്ക്കൽ), അഫ്സൽ സലാം (താലൂക്കാശുപത്രി, പുനലൂർ), രാഗേഷ് രാജ് (ജില്ല ആശുപത്രി, കൊല്ലം), നിധുനാസർ (സി.എച്ച്.സി, നെടുമ്പന) എന്നിവരാണ് ഇവർ.

കോവിഡ് പ്രതിരോധ തുടക്കത്തിൽ ഇവരുടെ ജോലി കേരള -തമിഴ്നാട് അതിർത്തിയിലെ ആര്യങ്കാവ് ചെക്പോസ്​റ്റിലായിരുന്നു. അതും 24 മണിക്കൂർ നീളുന്നത്. അതിർത്തി കടന്നുവരുന്ന വാഹനങ്ങളിലുള്ളവരെ തെർമൽ സ്ക്രീനിങ് നടത്തുക, അവരുടെ ബയോഡേറ്റ തയാറാക്കുക, കടന്നുപോകുന്ന എല്ലാ വാഹനങ്ങളുടെയും വിവരങ്ങളും അതിലെ യാത്രക്കാർ എവിടെനിന്ന്​ എങ്ങോട്ട് പോകുന്നു, ക്വാറൻറീൻ ആവശ്യമുള്ളവർക്ക് അതിനുള്ള സംവിധാനം തയാറാക്കുക തുടങ്ങിയവയായിരുന്നു ഇവരുടെ ചുമതല.

രണ്ടുമാസത്തെ സേവനശേഷം ഇവർ ഇപ്പോൾ കലക്ടറേറ്റിലെ ഡി.എം ഓഫിസിലെ ആംബുലൻസ് നിയന്ത്രണവിഭാഗത്തിലാണ്. ജില്ലയിലെ കോവിഡ് പ്രതിരോധത്തിനുള്ള ആംബുലൻസ് നിയന്ത്രണവിഭാഗം കുറ്റമറ്റനിലയിൽ കൈകാര്യം ചെയ്യുന്നത് ഇവരാണ്.

കോവിഡ് രോഗികളെ ആശുപത്രിയിലും സുഖപ്പെടുന്നവരെ തിരികെ വീടുകളിലും എത്തിക്കുക, കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിൽനിന്ന്​ വലിയ ആശുപത്രികളിലേക്ക് മാറ്റുക, അവകാശികളില്ലാത്തതും നിർധനകുടുംബങ്ങളിൽനിന്നുള്ളവരുമായ മരണപ്പെട്ട രോഗികളുടെയും മറ്റും സംസ്കാരം, റെയിൽവേ സ്​റ്റേഷൻ, കോവിഡ് ആൻറിജൻ പരിശോധന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള കോവിഡ് വേസ്​റ്റ് സംസ്കരണം, കോവിഡ് ചികിത്സാകേന്ദ്രങ്ങളിലെ സ്​റ്റാഫുകളുടെ ഷിഫ്റ്റിങ്, സ്വാബ് കലക്​ഷൻ ആൻഡ്​ ക്വാറൻറീൻ തുടങ്ങിയവക്ക് കൺട്രോൾ റൂമിൽനിന്ന് ആംബുലൻസ് ലഭ്യമാക്കുന്നത്.

ഇതിനായി ജില്ലയിലെ 108 ആംബുലൻസുകൾ 21ഉം, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്​െമൻറ് ലഭ്യമാക്കിയിട്ടുള്ള നൂറോളം സ്വകാര്യ ആംബുലൻസുകളും സർവിസ് നടത്തുന്നു. ആംബുലൻസ് സേവനം ഓൺലൈനായി ലഭ്യമാക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുന്നതായും ഇവർ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.