പുനലൂർ: ചെങ്കോട്ട റെയിൽവേ ട്രാക്ഷൻ സബ്സ്റ്റേഷനിൽനിന്ന് വെള്ളിയാഴ്ച പുനലൂർ റെയിൽവേ സ്റ്റേഷന് സമീപം വരെയുള്ള വൈദ്യുതിലൈനിലൂടെ വൈദ്യുതി പ്രവഹിപ്പിച്ചു. വൈദ്യുതീകരണ ജോലികൾ പൂർത്തിയാക്കി മൂന്നുമാസം മുമ്പ് പുനലൂർ-ചെങ്കോട്ട ലൈൻ കമീഷൻ ചെയ്തിരുന്നു. എന്നാൽ, വൈദ്യുതി എത്താത്തതിനാൽ ട്രെയിനുകൾ ഡീസൽ എൻജിനിലാണ് സർവിസ് നടത്തുന്നത്. പുനലൂർ വരെ വൈദ്യുതി എത്തിയതിനാൽ ഇനി വൈദ്യുതി എൻജിനുകൾ ഓടിക്കുന്നതിന് തടസ്സമില്ല.
എന്നാൽ, ഇതുസംബന്ധിച്ച് ദക്ഷിണ റെയിൽവേ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇതിനായി ലോക്കോ പ്രത്യേകം പരീക്ഷണ ഓട്ടം നടത്തുമെന്ന് അറിയുന്നു. പുനലൂർ കൂടാതെ ചെങ്കോട്ട സബ് സ്റ്റേഷനിൽ നിന്ന് ചെങ്കോട്ട സബ്സ്റ്റേഷൻ യാർഡിലും തിരുനെൽവേലി, വിരുദ് നഗർ ഭാഗങ്ങളിലേക്കും വൈദ്യുതി എത്തിച്ചിട്ടുണ്ട്.
ഒരുവർഷം കൊണ്ടാണ് ചെങ്കോട്ട റെയിൽവേ സ്റ്റേഷന് സമീപത്ത് ട്രാക്ഷൻ സബ്സ്റ്റേഷൻ നിർമാണം ആരംഭിച്ച് കഴിഞ്ഞയാഴ്ച കമീഷൻ ചെയ്തത്.
എന്നാൽ, മൂന്നുവർഷം മുമ്പ് നിർമാണം ആരംഭിച്ച പുനലൂർ സബ് സ്റ്റേഷനിൽ ഇതുവരെ വൈദ്യുതി എത്തിയിട്ടില്ല. ഇതിനായി റെയിൽവേ 28 കോടി രൂപ കെ.എസ്.ഇ.ബിക്ക് ഒടുക്കിയിരുന്നു. എന്നാൽ, കെ.എസ്.ഇ.ബിയുടെ പുനലൂർ സബ്സ്റ്റേഷനിൽനിന്ന് 2.7 കിലോമീറ്റർ ഭൂഗർഭ കേബിളുകൾ സ്ഥാപിച്ച് വൈദ്യുതി എത്തിക്കുന്നതിനുള്ള ജോലി തുടങ്ങിയിട്ടേയുള്ളൂ. കേബിൾ സ്ഥാപിക്കാൻ റോഡ് കുഴിക്കുന്നതിന് നിരവധി ഡിപ്പാർട്മെൻറുകളുടെ അനുമതിയും ലഭിക്കാനുണ്ട്. കെ.എസ്.ഇ.ബിയുടെ മെല്ലെപ്പോക്ക് കാരണമാണ് പുനലൂർ സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്താതിരിക്കുന്നതെന്ന് ആക്ഷേപം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.