പുനലൂർ: കിഴക്കൻമേഖലയിൽ റെയിൽവേ പുറമ്പോക്കുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി സംയുക്ത സർവേ ആരംഭിച്ചു. കൊല്ലം-ചെങ്കോട്ട പാതയിൽ തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലാണ് റവന്യൂവകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച സർവേ തുടങ്ങിയത്.
റെയിൽവേ, വനം വകുപ്പ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥസംഘമാണ് സർവേക്കുള്ളത്. തിങ്കളാഴ്ച ആര്യങ്കാവിൽ നിലവിലെ സ്കെച്ച് അടക്കം രേഖകളുടെ പ്രരാംഭ പരിശോധന നടത്തി. കൂടുതൽ അംഗങ്ങളെ നിയോഗിച്ച് അടുത്ത ദിവസങ്ങളിൽ പൂർണതോതിൽ നടപടി ആരംഭിക്കും.
തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിൽ റെയിൽവേ ലൈനിന് സമീപം താമസിക്കുന്ന നിരവധി കുടുംബങ്ങളെ അന്യായമായി കുടിയൊഴിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. കുടിയൊഴിയാൻ റെയിൽവേ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ പി.എസ്. സുപാൽ എം.എൽ.എ പ്രശ്നം റവന്യൂമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.
വനഭൂമിയായ റെയിൽവേ പുറമ്പോക്ക് സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാൽ സംയുക്ത സർവേ നടത്തി വ്യക്തത വരുത്തുന്നതുവരെ കുടിയൊഴിപ്പിക്കൽ നിർത്തിവെക്കാൻ മന്ത്രി റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ പലതവണ റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലും ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പിന്റെ മേൽനോട്ടത്തിൽ രണ്ട് ജീവനക്കാരെ സർവേ നടത്താൻ നിയോഗിച്ചു. റെയിൽവേയുമായി തർക്കമുള്ള സ്ഥലങ്ങളിൽ സർവേ നടത്തിയശേഷം അർഹരായ കുടുംബങ്ങൾക്ക് പട്ടയം നൽകാനും തീരുമാനമുണ്ട്.
റെയിൽവേ ലൈൻ സ്ഥാപിക്കുന്നതിന് വനത്തിൽ ആവശ്യമായ സ്ഥലം രാജഭരണകാലത്ത് വിട്ടുനൽകിയിരുന്നു. ലൈൻ കടന്നുപോകുന്നതടക്കം ഭൂമി വനംവകുപ്പിന്റെ രേഖകളിൽ ഇപ്പോഴും വനഭൂമിയാണ്. എന്നാൽ, റെയിൽവേയുടെ കൈവശമുള്ള രേഖകൾപ്രകാരം റെയിൽവേ ഭൂമിയാണെന്ന് അവരും വാദിക്കുന്നു.
ലൈനും അനുബന്ധ സൗകര്യങ്ങളും സ്ഥാപിച്ചശേഷം വൻതോതിൽ റെയിൽവേ വനഭൂമി കൈവശം വെച്ചിരിക്കുന്നതായി ആക്ഷേപമുണ്ട്. ഈ ഭൂമിയിൽ വർഷങ്ങളായി താമസിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന കുടുംബങ്ങളെയാണ് നിർദാക്ഷിണ്യം റെയിൽവേ ഒഴിപ്പിക്കാൻ ശ്രമിക്കുന്നത്. മീറ്റർഗേജ് പാത മാറ്റി ബ്രോഡ്ഗേജ് സ്ഥാപിച്ച അവസരത്തിലും കഴുതുരുട്ടിയിലടക്കം നിരവധി കുടുംബങ്ങളെ റെയിൽവേ ഒഴിപ്പിച്ചിരുന്നു. സംയുക്ത സർവേ നടത്തി റെയിൽവേയുടെ ആവശ്യത്തിനുള്ള ഭൂമി വിട്ടുനൽകിയ ശേഷം ശേഷിക്കുന്നത് വനംവകുപ്പ് ഏറ്റെടുക്കാനും താമസക്കാർക്ക് പട്ടയം നൽകാനും നീക്കമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.