പുനലൂർ: കേരളത്തിലേക്ക് വൻതോതിൽ പാറ ഉൽപന്നങ്ങൾ കൊണ്ടുവരുന്നതിൽ തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമാകുന്നു. അടുത്ത ദിവസങ്ങളിലായി കർഷകകരുടെ കൂട്ടായ്മ അടക്കം ചെങ്കോട്ടയിലും തെങ്കാശിയിലും സമരവുമായി രംഗത്തുവന്നു.
കഴിഞ്ഞദിവസം പ്രതിപക്ഷമായ എ.ഡി.എം.കെയുടെ നേതൃത്വത്തിൽ ചെങ്കോട്ട താലൂക്ക് ഓഫിസിനു മുന്നിലും ഉപരോധവും പ്രതിഷേധ പ്രകടനവും നടത്തി.
അമിതമായി പാറ പൊട്ടിക്കുന്നത് തമിഴ്നാടിന്റെ പ്രകൃതിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഇവരുടെ വാദം. കാലാവസ്ഥയിലടക്കം വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും ചൂട് കഠിനമാകുവാനും ജലക്ഷാമത്തിനും വരെ കാരണമാകുമെന്നും സമരത്തിലുള്ള സംഘടനകൾ പ്രചരിപ്പിക്കുന്നുണ്ട്.
അഞ്ച് വർഷമായി ദിവസവും മുന്നൂറോളം ലോഡ് പാറ ഉൽപന്നം ആര്യങ്കാവ് വഴി കേരളത്തിലേക്ക് എത്തുന്നുണ്ട്. കേരളത്തിൽ വിലവർധനവും ക്ഷാമവും കാരണം അടുത്ത കാലത്തായി സംസ്ഥാനത്തെ സർക്കാരിന്റെയടക്കം പ്രമുഖ നിർമാണ കരാറുകാർ തമിഴ്നാട്ടിൽ നിന്നാണ് പാറ ഉൽപന്നങ്ങൾ കൊണ്ടുവരുന്നത്.
സാധന ലഭ്യതയും വിലക്കുറവുമാണ് കരാറുകാരെ ആകർഷിക്കുന്നത്. ശക്തമായ സമരത്തിലൂടെ കടുത്ത നിയന്ത്രണം കൊണ്ടുവരുന്നതിനാണ് സംഘടനകൾ ലക്ഷ്യമിടുന്നത്. സംഘടനകളുടെ സമ്മർദ്ദത്തെ തുടർന്ന് ചെറിയതോതിൽ നിയന്ത്രണങ്ങൾ ഇതിനകം ഏർപ്പെടുത്തി.
പുളിയറയിലെ ചെക് പോസ്റ്റിൽ വൈകുന്നേരം എത്തുന്ന ലോഡുകൾ പിറ്റേദിവസം രാവിലെയാണ് കയറ്റി വിടുന്നത്. അടുത്തിടെ പത്ത് വീലിൽ കൂടുതലുള്ള വാഹനങ്ങളിൽ ലോഡ് കയറ്റി വരുന്നതും നിരോധിച്ചു.
തെങ്കാശി, തിരുനെൽവേലി ജില്ലകളുടെ പ്രാന്തപ്രദേശങ്ങളിലുള്ള ക്വാറികളിൽ നിന്നും ക്രഷർ യൂനിറ്റുകളിൽ നിന്നുമാണ് ഇപ്പോൾ ഉൽപന്നങ്ങൾ എത്തിക്കുന്നത്. അമിത അളവിൽ ലോഡ് കയറ്റി വാഹനങ്ങൾ വരുന്നത് അവിടെയും റോഡുകൾ തകരുന്നതും നിരവധിയായ അപകടങ്ങൾക്കിടയാക്കുന്നതും നാട്ടുകാരുടെ എതിർപ്പിന് കാരണമായിട്ടുണ്ട്.
കടുത്ത നിയന്ത്രണങ്ങൾ വരുകയാണെങ്കിൽ കേരളത്തിൽ നിർമാണ മേഖലയിൽ പ്രതിസന്ധിയും നിർമാണ ചെലവുകൾ ഉയരുവാനും ഇടയാക്കും. എ.ഡി.എം.കെ തെങ്കാശി തെക്ക്, വടക്ക് ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടന്ന സമരത്തിന് നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. മുൻ മന്ത്രി ആർ.പി. ഉദയകുമാർ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.