പുനലൂർ: കടയനല്ലൂരിൽ തമിഴ്നാട് വനം അധികൃതർ പിടികൂടിയത് അച്ചൻകോവിൽ വനത്തിൽനിന്ന് കവർന്ന ആനക്കൊമ്പ്. കൊമ്പ് കവർന്ന തെങ്കാശി വടകര സ്വദേശി രാജൻ (35) പിടിയിലായി. കൊമ്പ് വിൽക്കാൻ ശ്രമിച്ച വടകര സ്വദേശി പീർ മുഹമ്മദിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽനിന്ന് 15 കിലോ വീതം വരുന്ന രണ്ടു കൊമ്പുകൾ കണ്ടെടുത്തിരുന്നു.
അച്ചൻകോവിൽ വനത്തിന്റെ തമിഴ്നാട് ഭാഗമാണ് വടകര ഉൾപ്പെട്ട വനപ്രദേശം. ഈ പ്രദേശത്തുള്ള ചിലർ അച്ചൻകോവിൽ വനത്തിലെത്തി വനവിഭവങ്ങൾ കവരാറുണ്ട്. പീർ മുഹമ്മദിന് കൊമ്പ് നൽകിയത് രാജനാണ്. അച്ചൻകോവിൽ ഡിവിഷനിലെ കുംഭാവുരുട്ടി വനത്തിൽ തേൻ ശേഖരിക്കാൻ പോയപ്പോഴാണ് ആനയുടെ ജീർണിച്ച ജഡത്തിൽനിന്ന് കൊമ്പ് എടുത്തതെന്ന് രാജൻ പറയുന്നു.
ഒരുവർഷം മുമ്പാണ് അത്. പീർ മുഹമ്മദ് വലിയ വിലക്ക് മറിച്ചുവിൽക്കാനാണ് വാങ്ങിയത്. രാജനെ വനപാലകർ കുംഭാവുരുട്ടി വനത്തിൽ എത്തിച്ച് തെളിവെടുത്തു.
പ്രതികളെ തെങ്കാശി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേസമയം, ഒരുമാസം മുമ്പ് അച്ചൻകോവിലിൽ രണ്ടു ആനകളുടെ ഓരോ കൊമ്പുമായി അഞ്ച് പേർ പിടിയിലായിരുന്നു. മറ്റു രണ്ടു കൊമ്പുകൾ കണ്ടെത്താൻ അച്ചൻകോവിൽ ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചതല്ലാതെ മറ്റ് തുടർനടപടികൾ ഇഴയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.