പുനലൂർ: ആര്യങ്കാവ് ചെക്പോസ്റ്റ് വഴി മാത്രം കേരളത്തിലേക്ക് ദിവസവും എത്തിക്കുന്നത് രണ്ട് മുതൽ രണ്ടര ലക്ഷം ലിറ്റർ പാൽ. ചെക് പോസ്റ്റ് പരിശോധനയില്ലാതെ ട്രെയിനിലും മറ്റുമായി കാനുകളിൽ വലിയ അളവിൽ പാലും പാലുൽപന്നങ്ങളും ഇവിടേക്ക് കൊണ്ടുവരുന്നുണ്ട്.
തെക്കൻ കേരളത്തിൽ പാൽ എത്തിക്കുന്നത് പ്രധാനമായും തെങ്കാശി, ചെങ്കോട്ട, ആലംകുളം ഭാഗത്തുള്ള ഫാമുകളിൽനിന്നാണ്. ഇതിൽ പലതും മലയാളികളുടെ പങ്കാളിത്തത്തിലുള്ളതാണ്. ടാങ്കറുകളിൽ അതിർത്തികടന്ന് ഇവിടെയെത്തിച്ച് കവറുകളിലാക്കി പല പേരുകളിലും വിറ്റഴിക്കുന്നു.
കവറുകളിൽ ഇവിടെ വിൽക്കുന്ന പാലിന്റെ ഗുണമേന്മ പരിശോധിക്കാൻ സംവിധാനമില്ല. ആര്യങ്കാവിൽ അടുത്ത കാലത്തായി ക്ഷീരവികസന വകുപ്പ് ആരംഭിച്ച പരിശോധന കേന്ദ്രമാണ് ആകെയുള്ള ആശ്രയം. ഇതുവഴി കൊണ്ടുവരുന്ന പാൽ കർശനമായ പരിശോധന നടത്തിയാണ് കയറ്റിവിടുന്നതെന്ന് ചെക് പോസ്റ്റ് അധികൃതർ അവകാശപ്പെടുന്നു. എന്നാൽ, മറ്റ് രീതിയിൽ എത്തിക്കുന്ന പാൽ പരിശോധിക്കാൻ സംവിധാനമില്ല.
ഗുണമില്ലാത്ത ചണ്ടിപ്പാൽ മുമ്പ് വ്യാപകമായി എത്തിച്ചിരുന്നത് അടുത്ത കാലത്തായി കുറവ് വന്നിട്ടുണ്ട്. എന്നാൽ, പാൽ നശിക്കാതെ കൂടുതൽ സമയം സൂക്ഷിക്കുന്നതിനും കൊഴുപ്പ് കൂട്ടുന്നതിനും രാസവസ്തുക്കൾ ചേർക്കുന്നതായി ആക്ഷേപമുണ്ട്. മാരകമായ രോഗങ്ങൾക്ക് ഇടയാക്കുന്നതാണ് ഇത്തരം മായം. ഇത് കണ്ടുപിടിക്കുന്നതിന് ആധുനിക പരിശോധന സംവിധാനം ആര്യങ്കാവിലെ പരിശോധന കേന്ദ്രത്തിൽ ഒരുക്കേണ്ടതുണ്ട്.
അതിർത്തിക്കപ്പുറത്തുനിന്ന്മെത്തിക്കുന്ന എല്ലാ ഭക്ഷ്യസാധനങ്ങളും ഗുണനിലവാരം ഉറപ്പാക്കാൻ ആര്യങ്കാവിൽ രണ്ടുവർഷം മുമ്പ് അനുവദിച്ച ഭക്ഷ്യ സുരക്ഷാ വകുപ്പ് ചെക് പോസ്റ്റ് ഇനിയും പ്രവർത്തനം ആരംഭിച്ചിട്ടില്ല. വാണിജ്യ നികുതിയുടെ കെട്ടിടം ഇതിനായി വിട്ടുകൊടുത്തു നവീകരണം നടത്തിയിരുന്നു. പൊതുമരാമത്ത് കെട്ടിടം കൈമാറാത്തതും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതുമാണ് തടസ്സമെന്ന് അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.