പുനലൂർ: കാട്ടാനയുടെ ശല്യം രൂക്ഷമായതോടെ ചാലിയക്കര നിവാസികൾ സമരത്തിന്. തെന്മല പഞ്ചായത്തിലെ പ്രധാന ജനവാസ കേന്ദ്രമായ ചാലിയക്കരയുടെ ഭാഗമായ പത്തേക്കർ, 14 ഏക്കർ, 16 ഏക്കർ എന്നീ പ്രദേശങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായത്. കിഴക്കൻ മേഖലയിലെ പ്രധാന എസ്റ്റേറ്റ് മേഖലയായതിനാൽ നിരവധി കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്.
പട്ടയ ഭൂമിയിലടക്കം ആനയും മറ്റ് വന്യജീവികളും നിരന്തരം നാശം വിതക്കുന്ന സ്ഥിതിയുണ്ട്. കാർഷിക വിളകൾ മൊത്തമായി കാട്ടാന നശിപ്പിക്കുന്നത് കൂടാതെ മനുഷ്യജീവനും ഭീഷണിയായിട്ടും വനം അധികൃതർ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നില്ല.
എലിഫന്റ് സ്ക്വാഡിനെ നിയോഗിച്ച് കാട്ടാനകളെ വിരട്ടി ഉൾവനത്തിലേക്ക് വിടാനും തയാറല്ല. താൽക്കാലിക പരിഹാരമായി സൗരോർജ വേലി കെട്ടി വന്യ മൃഗങ്ങളെ തടയണമെന്ന ആവശ്യവും അവഗണിക്കുകയാണ്. വനം വകുപ്പ് നടപ്പാക്കുന്ന സ്വയം ഒഴിഞ്ഞുപോകൽ പദ്ധതി പ്രകാരം ആളുകൾ ഇവിടംവിട്ടു പോകണമെന്ന നിലപാടാണ് അധികൃതർക്കുള്ളത്. കിഴക്കൻ മേഖലയിൽ റോസ്മല, കടശേരി തുടങ്ങിയ വനമേഖലകളിൽ ഈ പദ്ധതി നടപ്പാക്കി വരികയാണ്.
ചാലിയക്കരയിലും അധികൃതരുടെ നീക്കം ഇത്തരത്തിലായതിനാലാണ് പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിക്കാത്തതെന്ന് നാട്ടുകാർ പറയുന്നു. അധികൃതരുടെ നിഷേധ നിലപാടിനെതിരെ ശക്തമായ സമരം ആരംഭിക്കുമെന്ന് വാർഡ് മെമ്പർ ജി. ഗിരീഷ് കുമാർ അറിയിച്ചു.
പുനലൂർ: ഉറുകുന്നിൽ പുലി ഇറങ്ങി നാല് ആടുകളെ കൊന്നു. ഉറുകുന്ന് ലൂർദ് മാതാ ദേവാലയത്തിന് സമീപം കൊച്ചുകരിപ്പായിൽ വി.എം. കുര്യന്റെ ആടുകളെയാണ് കൊന്നത്. വലിയ ആടിനെയും ഇതിൻറ അഞ്ച് മാസം പ്രായമായ മൂന്ന് കുട്ടികളെയുമാണ് പിടിച്ചത്. ഇതിൽ ഒരു ആടിനെ പുലി കൊണ്ട് പോയി. മൂന്നെണം ചത്ത നിലയിൽ കൂട്ടിൽ ഉണ്ടായിരുന്നു.
തിങ്കളാഴ്ച രാവിലെ ആറൊടെ പാല് പിഴിയാൻ കുര്യൻ എത്തിയപ്പോഴാണ് ആടുകൾ രക്തം വാർന്ന് ചത്തനിലയിൽ കണ്ടെത്തിയത്. വനത്തിൽ നിന്നും വളരെ അകലെയുള്ള പ്രദേശമാണ് ഇവിടം. തെന്മല വനം അധികൃതർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. പുലി പിടിച്ചുകൊണ്ടു പോയ കുഞ്ഞാടിന്റെ അവശിഷ്ടങ്ങൾ മാത്യുവിന്റെ വീടിന് കുറച്ച് അകലെ വനപാലകർ കണ്ടെത്തി. കൂട്ടിലേയും പരിസരത്തേയും മൃഗത്തിന്റെ കാൽപാടുകൾ പരിശോധിച്ചതിൽ നിന്നും ആടുകളെ കൊന്നത് പുലിയാണെന്ന് വനപാലകർ സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.