കുളത്തൂപ്പുഴ: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ കുളത്തൂപ്പുഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി; വെള്ളം കയറി 10 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. നീരൊഴുക്ക് വര്‍ധിച്ച് തോടുകളിലും പുഴകളിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. കുളത്തൂപ്പുഴയാറ് കരകവിയുന്ന നിലയിലാണ്. മരങ്ങള്‍ കടപുഴകി വീണ് വീടും ശൗചാലയവും തകര്‍ന്നു.
കുളത്തൂപ്പുഴ ചോഴിയക്കോട് ബീഡിക്കുന്ന് ചരുവിള പുത്തന്‍വീട്ടില്‍ ആര്. ബാബുവിെൻറ വീടിന് സമീപം നിന്ന മരം വൈദ്യുതി ലൈന്‍ തകര്‍ത്ത് വീടിന് മുകളിലേക്ക് പതിച്ചു. മേല്‍ക്കൂരയിലെ ഷീറ്റുകള്‍ തകര്‍ന്നു. വില്ലേജ് അധികൃതരെത്തി നഷ്ടം രേഖപ്പെടുത്തി. സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മരം മുറിച്ചുനീക്കി.
സമീപപ്രദേശത്ത് മറ്റൊരു സംഭവത്തില്‍ മരം വീണ് മതിരകൂപ്പ് കൊടിക്കുന്നില്‍ വീട്ടില്‍ അബ്ദുല്‍ കരീമിെൻറ വീട്ടുവളപ്പിലെ തൊഴുത്തും ശൗചാലയവും തകര്‍ന്നു. ശക്തമായ മഴയില്‍ കണ്ടംചിറ ഏലാതോട് കരകവിഞ്ഞൊഴുകി സമീപത്തെ കൃഷിയിടത്തില്‍ വെള്ളം കയറി. ചോഴിയക്കോട് സുമാമന്ദിരത്തില് മണിയന് ഭൂമി പാട്ടത്തിനെടുത്ത് നടത്തി വന്ന കൃഷിയിടത്തിലാണ് വെള്ളം കയറിയത്.
വാഴയും മരിച്ചീനിയും ചീരയും പച്ചക്കറികളും കിഴങ്ങുവര്‍ഗങ്ങളും അടക്കം ഒട്ടേറെ നാശം നേരിട്ടു. ഏഴംകുളം കൊച്ചാഞ്ഞിലിമൂടിന് സമീപം ഓയില്‍പാം എണ്ണപ്പന തോട്ടത്തിനുള്ളിലായുള്ള പ്രാക്കുളം ചതുപ്പില്‍ വെള്ളം കയറി പത്തുകുടുംബങ്ങള്‍ ഒറ്റപ്പെടുകയും നിരവധി പേരുടെ കാര്‍ഷികവിളകള്‍ വെള്ളത്തിലടിയിലാകുകയും ചെയ്തു.
പ്രക്കുളംതോട് കരകവിഞ്ഞൊഴുകുന്നതാണ് പ്രദേശവാസികള്‍ക്ക് ദുരിതമാകുന്നത്. രക്ഷാപ്രവര്‍ത്തകരുടെ സഹായത്താല്‍ ഒട്ടേറെ പേരെ പ്രദേശത്തുനിന്നു മാറ്റിപാര്‍പ്പിച്ചു. പ്രദേശത്തേക്കുള്ള നടപ്പാത പൂര്‍ണമായി വെള്ളത്തിലടിയിലായതിനാല് നന്നേ പ്രയാസപ്പെട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ കുടുംബങ്ങളെ മറുകരയിലെത്തിച്ചത്.
മത്സ്യകര്‍ഷകരായ സൈനുദീെൻറയും ജോർജുകുട്ടിയുടെയും മീന്വളര്ത്തുകേന്ദ്രങ്ങളില് വെള്ളം കയറി മത്സ്യക്കുഞ്ഞുങ്ങളെല്ലാം ഒലിച്ചുപോയി. വിളവെടുപ്പിന് പാകമായ മത്സ്യങ്ങളെ വളര്‍ത്തിയിരുന്ന കുളത്തിന് മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകിയതോടെയാണ് മത്സ്യങ്ങള്‍ ഒലിച്ചുപോയതെന്നും ഇരുപതു ലക്ഷം രൂപയുടെ നഷ്ടം വരുമെന്നും ഉടമകള്‍ പറഞ്ഞു.
വ്യാപക കൃഷിനാശം
പുനലൂർ: കഴിഞ്ഞദിവസങ്ങളിൽ അനുഭവപ്പെട്ട കനത്ത മഴയിൽ കിഴക്കൻ മേഖലയിൽ വൻ നാശനഷ്ടം. വ്യാഴാഴ്ച പകൽ മഴ മാറിനിന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽനിന്ന് വെള്ളം ഇറങ്ങിയെങ്കിലും കൃഷിനാശം വ്യാപകമാണ്. വെള്ളം കയറിയിരുന്ന വയലേലകളിലെ എല്ലാത്തരം കൃഷികളും നശിച്ചു.
കരവാളൂർ പഞ്ചായത്തിലെ കിഴക്കൻ വാർഡുകളിലും തെന്മല പഞ്ചായത്തിലെ ചാലിയക്കര, ചെറുകടവ് വാർഡുകളിലും പിറവന്തൂരിലെ വന്മള, മൂക്കടവ് ഭാഗങ്ങളിലുമാണ് കൂടുതൽ നാശം ഉണ്ടായത്. ഈ ഭാഗങ്ങളിൽ നൂറുകണക്കിന് ഏക്കർ ഏലാകളിലെ കൃഷിയിടത്തിൽ വെള്ളം കയറി. വാഴ, മരച്ചീനി, പച്ചക്കറി, വെറ്റില തുടങ്ങിയ കൃഷികൾക്കാണ് കൂടുതൽ നാശം ഉണ്ടായത്.
പുനലൂർ താലൂക്കിൽ നിരവധി വീടുകളും ഭാഗികമായി തകർന്നിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് വ്യക്തമായ കണക്കുകൾ താലൂക്ക് ഓഫിസിൽ ലഭ്യമായിട്ടില്ല. കോവിഡ് നിയന്ത്രണം കാരണം ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതും ഫീൽഡിൽ പോകാനുള്ള തടസ്സങ്ങളുമാണ് ഇതിന് കാരണമായി അധികൃതർ പറയുന്നത്.
വീട് തകർന്നു
ഓയൂർ: വെളിയം ഗ്രാമപഞ്ചായത്ത് മാലയിൽ വാർഡ് വൈദ്യൻകുന്നിൽ ചരുവിളവീട്ടിൽ ഓമനയുടെ വീടിെൻറ അടുക്കള ശക്തമായ മഴയിൽ തകർന്നു. ഗ്രാമപഞ്ചായത്ത് മെംബർ അനിൽ മാലയിലിെൻറ സാന്നിധ്യത്തിൽ വെളിയം വില്ലേജ് ഓഫിസർ വീട് സന്ദർശിച്ചു.
അന്തര്‍സംസ്ഥാന പാതയിൽ കൂറ്റന്‍മരം വീണു
കുളത്തൂപ്പുഴ: അന്തര്‍സംസ്ഥാന പാതയോരത്ത് കൂറ്റന്‍ ആഞ്ഞിലി മരം പാതക്ക് കുറുകെ കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. തിരുവനന്തപുരം-ചെങ്കോട്ട അന്തര്‍സംസ്ഥാനപാതയില്‍ കുളത്തൂപ്പുഴ ഡാലി ജങ്ഷനുസമീപം കഴിഞ്ഞദിവസം പുലര്‍ച്ച അഞ്ചരയോടെയായിരുന്നു അപകടം. പാതയോരത്തുകൂടി കടന്നുപോകുന്ന 11 കെ.വി വൈദ്യുതി ലൈന്‍ തകര്‍ത്തുകൊണ്ട് മറുവശത്തുള്ള വീടിനുമുകളിലേക്ക് ചാഞ്ഞ് കമ്പികളില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മരം.
കുളത്തൂപ്പുഴ വൈദ്യുതിവകുപ്പ് ജീവനക്കാരും പൊലീസും സ്ഥലത്തെത്തുകയും അഗ്നിശമന സേനയെ വിവരമറിയിക്കുകയും ചെയ്തു. പുനലൂരില്‍ നിന്ന് അഗ്നിശമനസേനയെത്തി നാട്ടുകാരുടെ സഹായത്തോടെ ചില്ലകള്‍ മുറിക്കാൻ ശ്രമം നടത്തിയെങ്കിലും വൈദ്യുതി കമ്പിയില്‍ തൂങ്ങിനില്‍ക്കുന്ന മരം മുറിക്കുന്നത് കൂടുതല്‍ അപകടത്തിനിടയാക്കുമെന്നു കണ്ട് ക്രെയിന്‍ എത്തിച്ച് പ്രദേശവാസികളായ മരംവെട്ടുകാരുടെ സഹായത്തോടെ സാഹസപ്പെട്ടാണ് മരം മുറിച്ചുനീക്കാനായത്. ഇതിനിടെ ആശുപത്രിയിലടക്കം പോകുന്നതിനായെത്തിയ നിരവധി വാഹനങ്ങള്‍ ഇരുവശത്തും കുടുങ്ങിക്കിടന്നിരുന്നു.
ആര്യങ്കാവിൽ റെയിൽവേ കട്ടിങ് ഇടിഞ്ഞു
പുനലൂർ: കഴിഞ്ഞദിവസങ്ങളിലെ ശക്തമായ മഴയിൽ ആര്യങ്കാവിൽ റെയിൽവേ ലൈനിനോട് ചേർന്ന് സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു. ആര്യങ്കാവ് ഗവ.എൽ.പി.എസിന് സമീപമാണ് സ്വകാര്യ വ്യക്തിയുടെ ഭൂമിയോട് ചേർന്ന് താൽക്കാലികമായി മൺചാക്ക് അടുക്കി നിർമിച്ച ഭിത്തി അമ്പത് അടിയോളം താഴ്ചയിൽ ഇടിഞ്ഞു പോയത്. ട്രാക്കിൽ നിന്ന് രണ്ട് മീറ്റർ അകലം മുപ്പതോളം മീറ്റർ നീളത്തിലാണ് ഇടിഞ്ഞുതാഴ്ന്നത്. മുമ്പ് ഇവിടെ മണൽചാക്ക് അടുക്കി താൽക്കാലികമായി സംരക്ഷണം ഒരുക്കിയിരുന്നതാണ്. ഇതിന് പകരം ഫലവത്തായ സംരക്ഷണ ഭിത്തി നിർമിക്കാൻ റെയിൽവേ തയാറായിട്ടില്ല. മഴ തുടർന്നാൽ ഈ ഭാഗത്ത് പാളത്തോട് ചേർന്നുള്ള ഭാഗം കൂടി തകരുന്ന അവസ്ഥയാണ്.
ചല്ലിമുക്ക് -ചക്കമല റോഡ് തോടായി
കടയ്ക്കൽ: നീന്തലറിയില്ലെങ്കിൽ റോഡ് കടക്കാനാകില്ലെന്ന അവസ്ഥയിൽ നാട്ടുകാർ. ചിതറ പഞ്ചായത്തിെലെ ചല്ലിമുക്ക് ചക്കമല റോഡിൽ താമസിക്കുന്നവർക്കാണ് ഈ ദുരവസ്ഥ. ചല്ലിമുക്ക് ജങ്ഷന് സമീപം എഴുപത് മീറ്ററോളം ദൂരത്തിലാണ് വെള്ളക്കെട്ട്. ഇവിെട കാൽനടയാത്ര പോലും ദുസ്സഹമാണ്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ തിരക്കായതിനാലാണ് പരിഹാരം ഉണ്ടാക്കാൻ വൈകിയതെന്നും ഉടൻ പരിഹാരമുണ്ടാകുമെന്നും പഞ്ചായത്ത് അധികൃതർ പറയുന്നു. കോവിഡ് പ്രതിരോധത്തിെൻറ പേരുപറഞ്ഞ് കാലവർഷത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങളൊന്നും പഞ്ചായത്ത് നടത്തിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കിഴക്കേകല്ലടയില്‍ ദുരിതം പെയ്യുന്നു
കുണ്ടറ: കിഴക്കേകല്ലടയില്‍ വിവിധ പ്രദേശങ്ങൾ മഴക്കെടുതിയിൽ. കൊടുവിള ഗവ.എം.ജി.എല്‍.പി സ്കൂളിന് സമീപമുള്ള അംഗൻവാടി മണ്ണിടിച്ചില്‍ ഭീഷണിയിലാണ്.
രണ്ടുവര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്ത അംഗന്‍വാടി കെട്ടിടത്തോട് ചേര്‍ന്ന് പത്തടിയിലധികം താഴ്ചയില്‍ മണ്ണ് ഇടിഞ്ഞുമാറി. ഇവിടെ സംരക്ഷണഭിത്തി കെട്ടാതെ കുട്ടികളെ എത്തിക്കാൻ സാധ്യമല്ലാത്ത സ്ഥിതിയാണ്. താഴ്ന്ന പ്രദേശത്ത് വെള്ളക്കെട്ടും ചിറ്റുമല ചിറയുടെ വശങ്ങളില് വെള്ളപ്പൊക്കവും ഭീഷണിയുയർത്തുന്നു.ചിറ്റുമല ചിറയുടെ മതിലകം ഭാഗത്തെ ചീപ്പ് കരകവിഞ്ഞൊഴുകുകയാണ്. ഇടക്ക് മണല്‍ചാക്കുകള്‍ അടുക്കി താൽക്കാലിക പരിഹാരം കണ്ടിരുന്നെങ്കിലും പിന്നീട് ജലസേചന വകുപ്പ് അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല. ഈ ഭിത്തി തകര്‍ന്നാല്‍ മതിലകം ഭാഗത്തെ കോളനി ഉള്‍പ്പെടെയുള്ള വീടുകള്‍ വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോകുമെന്ന ഭയവും നാട്ടുകാര്‍ക്കുണ്ട്.
കോടികളുടെ നിർമാണപ്രവര്‍ത്തനം നടത്തുമെന്ന് വര്‍ഷങ്ങളായി പറയുന്നുണ്ടെങ്കിലും അടിസ്ഥാന പരിഹാരം ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കൊട്ടിയം: ഇത്തിക്കരയാർ കരകവിഞ്ഞതിനെ തുടർന്ന് തോട്ടവാരംമേഖലയിൽ മൂന്നുകുടുംബങ്ങളെ ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റി. തുടർച്ചയായി പെയ്യുന്ന മഴയിൽ ഇത്തിക്കരയാർ കരകവിഞ്ഞൊഴുകിയത് മൂലം ചാത്തന്നൂർ തോട്ടവാരം മേഖലയിൽ നിരവധി വീടുകളിൽ വെള്ളം കയറി. മൂന്ന് വീടുകളിൽ നിന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കോയിപ്പാട് സർക്കാർ സ്കൂളിൽ ആരംഭിച്ച ക്യാമ്പിലേക്കാണ് മൂന്ന് കുടുംബങ്ങളിൽ നിന്നുമായി 13 പേരെ മാറ്റിപ്പാർപ്പിച്ചത്.
ഉച്ചക്ക് ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡൻറ് ദിജുവും സംഘവും ക്യാമ്പിലെത്തി കുടുംബങ്ങളെ കാണുകയും ആവശ്യമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. കിഴക്കൻമേഖലയിൽ ശക്തമായ മഴ തുടരുന്നതിനാൽ ഇത്തിക്കരയാറ്റിലെ ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ ഇത്തിക്കരയാറിെൻറ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.