ശാസ്താംകോട്ട: കേരളത്തിലെ സ്കൂളുകളിൽ െവച്ച് ഏറ്റവും വലിയ പ്ലാനറ്റേറിയം മൈനാഗപ്പള്ളി ശ്രീചിത്തിരവിലാസം ഗവ. എൽ.പി സ്കൂളിൽ വെള്ളിയാഴ്ച തുറക്കും. അതിവേഗം വികസിക്കുന്ന ശാസ്ത്രസാങ്കേതികവിദ്യയുടെ നേട്ടങ്ങൾ മനസ്സിലാക്കാനും ഉപയോഗിക്കാനും കുട്ടികളെ പ്രാപ്തരാക്കാനുള്ള പുതുകാൽവെപ്പാണ് മൈനാഗപ്പള്ളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പണിപൂർത്തിയായ സ്കൂൾ പ്ലാനറ്റേറിയം എന്ന ആശയം. പ്രപഞ്ചവിസ്മമയങ്ങൾ (സൂര്യൻ, ചന്ദ്രൻ നക്ഷത്രങ്ങൾ, നെബുലകൾ, വാൽനക്ഷത്രങ്ങൾ, ഗ്രഹങ്ങൾ) കൺമുന്നിൽ കണ്ടുംകേട്ടും മനസ്സിലാക്കാൻ ഉതകുന്നതാണ് പ്ലാനറ്റേറിയം.
50 കുട്ടികൾക്ക് ഒരേസമയം ഇരിക്കാൻ കഴിയുന്ന ശീതീകരിച്ച മുറിയാണ് ഇതിനായി പണി പൂർത്തീകരിച്ചിട്ടുള്ളത്. പഞ്ചായത്തിന്റെ തനത് ഫണ്ട് 30 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് 700 സ്ക്വയർ ഫീറ്റ് കെട്ടിടത്തിലാണ് പ്ലാനറ്റേറിയം ഒരുക്കിയിരിക്കുന്നത്.
മനുഷ്യചരിത്രത്തിന്റെ വികാസപരിണാമങ്ങൾ വിശദമാക്കുന്ന വിശാലമായ ചുമർശിൽപവും പ്ലാനറ്റേറിയത്തിന്റെ ചുമരിൽ സജ്ജീകരിച്ചിട്ടുണ്ട്. 30 അടിയിലധികം ഉയരമുള്ള പി.എസ്.എൽ.വി റോക്കറ്റിന്റെ മാതൃകയും തയാറാക്കിയിട്ടുണ്ട്. പ്ലാനേറ്ററിയ നിർമാണത്തിന് സാങ്കേതിക മാർഗനിർദേശങ്ങൾ നൽകിയത് ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ.ജി. ശിവപ്രസാദാണ്.
ഉദ്ഘാടനം വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു. രാവിലെ 11ന് ജ്യോതിശാസ്ത്ര ക്വിസ്, വൈകീട്ട് നാലിന് ഘോഷയാത്ര എന്നിവയും നടക്കും. തുടർന്ന് അഞ്ചിന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവഹിക്കും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അധ്യക്ഷത വഹിക്കും.
ജീവചക്രപരിണാമ ഫലകം കൊടിക്കുന്നിൽ സുരേഷ് എം.പിയും പ്രവർത്തനമാതൃകകളുടെ സ്വിച്ച് ഓൺ കർമം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപനും നിർവഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ കുട്ടികൾക്ക് പ്ലാനറ്റേറിയം സന്ദർശിക്കാമെന്ന് ഭാരവാഹികളായ പി.എം. സെയ്ദ്, ആർ. ബിജുകുമാർ, സജിമോൻ, ജെ.പി. ജയലാൽ, സജിതാ സുരേന്ദ്രൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.