ശാസ്താംകോട്ട: ഗുണ്ടാ ആക്ട് പ്രകാരം മൂന്നുപേർക്കെതിരെ നടപടി. കിഴക്കേകല്ലട കൊടുവിള ഉപഹാരമാതാ ആശുപത്രിക്ക് സമീപം ശോഭ മന്ദിരത്തിൽ ദിലീപ് (36), ശൂരനാട് തെക്ക് കൈരളി ജങ്ഷന് സമീപം ഹാപ്പി നിവാസിൽ അഭിഷേക് (23), കുണ്ടറ പേരയം പടപ്പക്കര നെല്ലിമുട്ടം വിമലവിലാസം വീട്ടിൽ ലിബിൻ (23) എന്നിവർക്കെതിരെയാണ് നടപടി. ദിലീപിനെ കരുതൽ തടങ്കലിൽ വെക്കാനും, ലിബിനെ കൊല്ലം ജില്ലയിലും അഭിഷേകിനെ കൊല്ലം റൂറൽ പൊലീസ് ജില്ലയിലും, പത്തനംതിട്ട ജില്ലയിലും അടുത്ത ആറുമാസത്തേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയാണ് ഉത്തരവിട്ടത്. ദിലീപ് എട്ട് ക്രിമിനൽ കേസുകളിലും, അഭിഷേക് മൂന്നിലും, ലിബിൻ ആറ് കേസിലും പ്രതിയാണ്.
ഇവർ മൂവരും ശാസ്താംകോട്ട, ശൂരനാട്, കുണ്ടറ പൊലീസ് സ്റ്റേഷനുകളിൽ റൗഡി പട്ടികയിലുള്ളവരാണ്. ആളുകളെ അസഭ്യം വിളിക്കൽ, അന്യായതടസ്സം ചെയ്യൽ, നരഹത്യാശ്രമം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, ഭവനങ്ങളിൽ അതിക്രമിച്ചു കയറൽ, തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെടൽ എന്നിങ്ങനെയാണ് ഇവർക്കെതിരായ കേസുകൾ. ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്. ഷെരീഫ്, കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി എം.എൽ. സുനിൽ കലക്ടർക്കും തിരുവനന്തപുരം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലിനും റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദിലീപിനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.