ശാസ്താംകോട്ട: കരുനാഗപ്പള്ളി-ശാസ്താംകോട്ട റോഡിൽ ബസുകളുടെ മത്സര ഓട്ടം മനുഷ്യജീവന് ഭീഷണിയാകുന്നു; പ്രത്യേകിച്ചും ഇരുചക്രവാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ നിരവധി ബസുകളാണ് ഈ റൂട്ടിൽ സർവിസ് നടത്തുന്നത്. രണ്ട് ബസുകൾ തമ്മിലുള്ള ഇടവേള ഏതാനും മിനിറ്റുകൾ മാത്രമാണ്. ഇതിനോടൊപ്പം മാളിയേക്കൽ മേൽപാലം നിർമാണം നടക്കുന്നതിനാൽ ഈ റൂട്ടിൽ കൂടിയുള്ള ബസ് സർവിസ് ഇടക്കുളങ്ങര വഴിയാണ്. കൂടാതെ മൈനാഗപ്പള്ളി ഗേറ്റ് അടച്ചിട്ടുന്നതുമൂലമുള്ള സമയനഷ്ടം ക്രമീകരിക്കുന്നതിനാണ് ബസുകൾ മത്സര ഓട്ടം നടത്തുന്നത്.
മൈനാഗപ്പള്ളിയിലെ ഗേറ്റ് അടച്ച് തുറക്കുമ്പോൾ 3-4 ബസുകളായിരിക്കും മത്സരിച്ച് ഓടുന്നത്. സ്വകാര്യ ബസുകൾ തമ്മിലും സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി ബസുകൾ തമ്മിലും മത്സര ഓട്ടമാണ്. മത്സര ഓട്ടം തുടങ്ങിക്കഴിഞ്ഞാൽ ബസ് സ്റ്റോപ്പുകളിൽ നിർത്തി ആളുകളെ കയറ്റാനോ ഇറക്കാനോ ശ്രമിക്കാറില്ല. നിർത്തിയാൽതന്നെ ആളുകൾ കയറുന്നതിനും ഇറങ്ങുന്നതിനും മുമ്പ് ബസ് എടുക്കും. ഇതുമൂലം സ്ത്രീകളും കുട്ടികളും വയോധികരുമായ യാത്രക്കാർ മറിഞ്ഞുവീഴുന്നതും അപകടം സംഭവിക്കുന്നതും നിത്യസംഭവമാണ്.
റോഡിൽ കൂടി പോകുന്ന ഇരുചക്രവാഹനയാത്രികരെയും റോഡരികിലൂടെ നടന്നുപോകുന്ന കാൽനടയാത്രികരെയും അപകടപ്പെടുത്തുന്നവിധത്തിലാണ് മത്സര ഓട്ടം. മഴക്കാലമായതോടെ റോഡിലെ വെള്ളക്കെട്ട് പോലും ശ്രദ്ധിക്കാതെ യാത്രക്കാരുടെ ദേഹത്ത് ചളിവെള്ളം തെറിപ്പിച്ചാണ് ബസുകൾ പായുന്നത്. സ്കൂൾ തുറക്കുന്നതോടെ ബസുകളുടെ മത്സര ഓട്ടം കൂടുതൽ അപകടങ്ങൾക്ക് കാരണമാകും. എന്നാൽ പൊലീസോ ആർ.ടി ഉദ്യോഗസ്ഥരോ ബസുകളുടെ മത്സര ഓട്ടത്തിനെതിരെ നടപടി സ്വീകരിക്കാറിെല്ലന്നും സ്കൂൾ തുറക്കുമ്പോൾ പ്രധാന ജങ്ഷനുകളിലും സ്കൂളുകൾക്കുമുന്നിലും പൊലീസിന്റെ സാന്നിധ്യം ഉണ്ടാകണമെന്നുമാണ് പൊതുജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.