ശാസ്താംകോട്ട: ലൈഫ് ഭവനപദ്ധതി പ്രകാരം വീട് പ്രതീക്ഷിച്ചിരുന്ന കുടുംബത്തിന് ഒടുവിൽ ഉണ്ടായിരുന്ന കിടപ്പാടവും നഷ്ടമായി. മൈനാഗപ്പള്ളി ഇടവനശ്ശേരി നാലുവിളയിൽ മേരിക്കുട്ടിക്കും കുടുംബത്തിനുമാണ് ഈ അവസ്ഥ. ഇവരുടെ വീട് ജീർണിച്ച് വാസയോഗ്യമല്ലാത്ത അവസ്ഥയിലായിരുന്നു.
അതിനാൽ ഇവർ ലൈഫ് ഭവനപദ്ധതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ലിസ്റ്റിൽ അവസാനമായിട്ടാണെങ്കിലും ഇടം പിടിച്ചു. ഇതോടെ കുടുംബം വീട് കിട്ടുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നു. എന്നാൽ, ഇതു നീണ്ടു. ഇതോടെ നിലവിലുണ്ടായിരുന്ന വീട് പൂർണ തകർച്ചയിലാവുകയും മൂന്നു മാസം മുമ്പ് വീടിന്റെ കുറെ ഭാഗം ഇടിഞ്ഞ് വീഴുകയും ചെയ്തു.
അവശേഷിച്ച ഭാഗം കഴിഞ്ഞ ദിവസം തകർന്ന് വീണതോടെ ഇനി എന്തുചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് കുടുംബം. മേരിക്കുട്ടിയും ഇവരുടെ മകൻ ബിജുവും കുടുംബവും മറ്റൊരു മകനായ രാജുവുമാണ് ഇവിടത്തെ താമസക്കാർ. ആദ്യം വീട് തകർന്ന് വീണ് താമസിക്കാൻ കഴിയാതെ വന്നതോടെ ബിജുവും കുടുംബവും മറ്റൊരു വാടക വീട്ടിലേക്ക് മാറിയിരുന്നു.
മേൽക്കൂര പൂർണമായും തകർന്നു വീണ വീട്ടിൽ ദുരിതപൂർണമായ ജീവിതമാണ് ഇവർക്ക്. പഞ്ചായത്തിൽനിന്ന് ഭവന പുനരുദ്ധാരണ പദ്ധതി ഉണ്ടായിരുന്നങ്കിലും ഇവർക്ക് ഇത് നൽകിയാൽ ലൈഫിന്റെ പട്ടികയിൽനിന്ന് പുറത്താകാൻ സാധ്യതയുള്ളതിനാൽ ആ വഴിക്കുള്ള ശ്രമം നടത്തിയിരുന്നില്ല.
കഴിഞ്ഞ ദിവസം വീട് തകർന്നു വീണതിനെ തുടർന്ന് ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഇവിടെ എത്തുകയും വിവരം വില്ലേജ്-പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇനി ആ ഒരു പ്രതീക്ഷയിലാണ് ഈ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.