ശാസ്താംകോട്ട: വെസ്റ്റ്കല്ലട ഫ്ലോട്ടിങ് സോളാർ പദ്ധതി നിർമാണോദ്ഘാടനം ഉടൻ. പദ്ധതിയുടെ എല്ല നടപടികളും പൂർത്തീകരിച്ചു. ഇതിന്റെ ഭാഗമായി നിർമാണ ഏജൻസിയായ എൻ.എച്ച്.പി.സിയും ടെൻഡർ ഏറ്റെടുത്തിട്ടുള്ള അപ്പോളോ കമ്പനിയും സംയുക്തമായി സർവേ നടപടി ആരംഭിച്ചു.
നിർധിഷ്ട പ്രദേശത്ത് സർവേക്ക് തടസ്സമായി സ്ഥാപിച്ചിട്ടുള്ള മീൻ വലകൾ ഉടമകൾ മാറ്റിനൽകണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി ഉണ്ണികൃഷ്ണൻ അഭ്യർഥിച്ചു. 300 കോടി രൂപ ചെലവഴിച്ച് 50 മെഗാ വാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതാണ് പടിഞ്ഞാറെ കല്ലടയിലെ ഫ്ലോട്ടിങ് സോളാർ പദ്ധതി. സ്വകാര്യ വ്യക്തികളുടെയും പഞ്ചായത്തിന്റെയും ഉടമസ്ഥതയിലുള്ള പടിഞ്ഞാറേ കല്ലടയിലെ വെള്ളക്കെട്ടായി മാറിയ 350 ഏക്കർ പാടശേഖരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
സോളാർ പദ്ധതിയിലൂടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകും. ഈയിനത്തിൽ ലഭിക്കുന്ന വരുമാനത്തിൽ നിശ്ചിത ശതമാനം ഭൂ ഉടമകൾക്കും പഞ്ചായത്തിനും ലഭിക്കും. ഭൂ ഉടമകളിൽനിന്ന് 25 വർഷത്തേക്കാണ് കെ.എസ്.ഇ.ബി സ്ഥലം പാട്ടത്തിനെറ്റെടുക്കുന്നത്. വെള്ളക്കെട്ടിന് മുകളിൽ ഫ്ലോട്ടും അതിന് മുകളിൽ സോളാർ പാനലും സ്ഥാപിച്ച് വൈദ്യുതി ഉൽപാദനം നടത്തും. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭൂ ഉടമകളെ ഉൾപ്പെടുത്തി വെസ്റ്റ് കല്ലട നോൺ കൺവെൻഷനൽ എനർജി പ്രമോട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രൂപവത്ക്കരിച്ചിട്ടുണ്ട്. കലക്ടർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, കർഷക പ്രതിനിധികൾ എന്നിവർ ഡയറക്ടടർമാരാണ്. എട്ട് മാസത്തിനുള്ളിൽ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുകയും ഒരു വർഷത്തിനുള്ളിൽ വൈദ്യുതി കൈമാറ്റം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഛത്തീസ്ഗഡ് ആസ്ഥാനമായ അപ്പോളോ കമ്പനിക്കാണ് നിർമാണ ചുമതല. ഇവർക്ക് വർക്ക് ഓർഡർ ലഭിക്കുന്നതോടെ നിർമാണം ആരംഭിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.