ശാസ്താംകോട്ട: വിസ്തൃതി കൊണ്ടും ജനസംഖ്യ കൊണ്ടും ജില്ലയിലെ വലിയ വില്ലേജായ മൈനാഗപ്പള്ളി വില്ലേജ് വിഭജിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം ഉണ്ടങ്കിലും ഇനിയും നടപടിയില്ല. ജനങ്ങളും ഉദ്യോഗസ്ഥരും ഒരുപോലെ ബുദ്ധിമുട്ടുകയാണ്. മൈനാഗപ്പള്ളി പഞ്ചായത്ത് പ്രദേശം പൂർണമായും ഉൾപ്പെടുന്നതാണ് മൈനാഗപ്പള്ളി വില്ലേജ്.
22 വാർഡുകളും 22.42 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുമുള്ള വില്ലേജിൽ ജനസംഖ്യ അമ്പതിനായിരത്തിന് മുകളിലാണ്. അറുപതിനായിരത്തിലധികം തണ്ടപ്പേരുകളുമുണ്ട്. വിവിധ ആവശ്യങ്ങൾക്കും സർട്ടിഫിക്കറ്റുകൾക്കുമായി ദിനംപ്രതി വില്ലേജിൽ വരുന്നത് നൂറുകണക്കിന് ആളുകളാണ്. എപ്പോഴും തിരക്കായതിനാൽ ഉദ്യോഗസ്ഥരും വലയുന്നു.
തെക്ക് തേവലക്കര മുതൽ വടക്ക് ശൂരനാട് കിടങ്ങയം വരെയും പടിഞ്ഞാറ് പള്ളിക്കലാർ മുതൽ കിഴക്ക് ശാസ്താംകോട്ട പഞ്ചായത്തിന്റെ പള്ളിശ്ശേരിക്കൽ- ആഞ്ഞിലിമൂട് വരെയുമാണ് വില്ലേജിന്റെ അതിർത്തി. വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണ് വില്ലേജ് വിഭജനം. താലൂക്ക് വികസന സമിതിയിലും നിരന്തരം ആവശ്യം ഉന്നയിക്കപ്പെടാറുണ്ട്.
മൈനാഗപ്പള്ളി പഞ്ചായത്ത് നിരവധി തവണ പ്രമേയം പാസാക്കി നൽകിയിട്ടുമുണ്ട്. വില്ലേജ് വിഭജിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കലക്ടർ സർക്കാറിന് റിപ്പോർട്ട് നൽകുകയും ചെയ്തതാണ്. 2021ൽ പുതിയ വില്ലേജ് ഓഫിസിന്റെ ഉദ്ഘാടനത്തിനെത്തിയ റവന്യൂമന്ത്രിയുടെ ശ്രദ്ധയിലും വിവരം ധരിപ്പിച്ചിരുെന്നങ്കിലും ഇനിയും നടപടി മാത്രം ഉണ്ടായിട്ടില്ല
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.