ശാസ്താംകോട്ട: ഏറെ പ്രതീഷയോടെ നിർമിച്ച ശാസ്താംകോട്ട-ചവറ പൈപ്പ് റോഡ് തകർന്ന് യാത്ര ദുഷ്കരം. 1957ൽ ഇൻഡോ നോർവീജിനിയൻ പദ്ധതി പ്രകാരം ശാസ്താംകോട്ട തടാകത്തിൽ നിന്ന് കൊല്ലം പട്ടണത്തിലേക്ക് കുടിവെള്ളം കൊണ്ടുപോകുന്നതിന് നിർമിച്ചതാണ് പൈപ്പ് റോഡ്. ശാസ്താംകോട്ട, മൈനാഗപ്പള്ളി, തേവലക്കര, പന്മന പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് ചവറ ടൈറ്റാനിയത്തിന് മുന്നിലാണ് അവസാനിക്കുന്നത്.
15 മീറ്റർ വീതിയിൽ നേർരേഖ പോലുള്ള റോഡിന് 11 കിലോമീറ്ററായിരുന്നു ദൈർഘ്യം. കൈയേറ്റങ്ങൾ അധികൃതർ ശ്രദ്ധിക്കാതിരുന്നത് മൂലം റോഡിന് പല ഭാഗത്തും ആറ് മീറ്റർ പോലും വീതിയില്ല. ആദ്യകാലത്ത് സിമന്റ് പൈപ്പുകളാണ് വെള്ളം കൊണ്ടുപോകുന്നതിന് ഉപയോഗിച്ചിരുന്നത്. അതിനാൽ റോഡിന്റെ ഉടമസ്ഥരായ വാട്ടർ അതോറിറ്റി ഇതിലെ ഗതാഗതം അനുവദിച്ചില്ല.
കാലക്രമേണ റോഡിനിരുവശവും താമസക്കാരുടെയും എണ്ണം വർധിക്കുകയും പ്രദേശം വികസിക്കുകയും ചെയ്തതു. ഇതോടെ ഗതാഗതം അനുവദിക്കണമെന്ന ആവശ്യം ശക്തമായി. എന്നാൽ, കഴിയില്ലെന്ന നിലപാടിൽ വാട്ടർ അതോറിറ്റി ഉറച്ചുനിന്നു. ഇതിനെതിരെ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് ജനകീയ പ്രതിഷേധം ഉയർന്നു. ഇതിനിടയിൽ സിമന്റ് പൈപ്പുകൾ മാറ്റി കാസ്റ്റയൺ പൈപ്പുകൾ സ്ഥാപിച്ചു. ഒടുവിൽ അന്നത്തെ ജലവിഭവ മന്ത്രി എൻ.കെ. പ്രേമചന്ദ്രൻ ഇടപെട്ട് റോഡിന്റെ മധ്യഭാഗത്തുകൂടി മൂന്ന് മീറ്റർ വീതിയിൽ റോഡ് ടാർ ചെയ്യാൻ തീരുമാനിച്ചു. രണ്ടരക്കോടി ചെലവഴിച്ച് 2010ൽ വാട്ടർ അതോറിറ്റി റോഡ് ടാർ ചെയ്തു. പിന്നീട് വർഷങ്ങളോളം അറ്റകുറ്റപ്പണി ചെയ്യാത്തതിനാൽ റോഡ് തകരുകയായിരുന്നു.
പ്രതിഷേധം ശക്തമായതോടെ കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഇടപെട്ട് മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് വികസന ഫണ്ടിൽനിന്ന് 60 ലക്ഷം രൂപ ചെലവഴിച്ച് 2021 ൽ ശാസ്താംകോട്ട മുതൽ വേങ്ങ വരെ മൂന്ന് കിലോമീറ്റർ റോഡ് പുനർ നിർമിച്ചെങ്കിലും നിർമാണത്തിലെ അപാകത മൂലം ഈ ഭാഗവും തകർന്നു. കാൽനടപോലും അസാധ്യമാകുന്ന തരത്തിലാണ് നിലവിലെ അവസ്ഥ.
കുന്നത്തൂർ അടക്കമുള്ള കിഴക്കൻ മേഖലയിലുള്ളവർക്ക് മറ്റ് റോഡുകളെ ആശ്രയിക്കാതെ എളുപ്പത്തിൽ നാഷനൽ ഹൈവേയിൽ എത്തിച്ചേരാൻ കഴിയുന്ന റോഡാണിത്. ഒപ്പം പടിഞ്ഞാറൻ മേഖലയിലുള്ളവർക്ക് ശാസ്താംകോട്ട റെയിൽവേസ്റ്റേഷനിൽ എത്തുന്നതിനും സഹായകരമാണ്. നിരവധി പ്രദേശങ്ങളുടെ വികസനത്തിന് ഏറെ പ്രയോജനം ചെയ്യുന്ന റോഡാണ് അധികൃതരുടെ പിടിപ്പുകേട് മൂലം നവീകരണമില്ലാതെ കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.