ശാസ്താംകോട്ട: മൈനാഗപ്പള്ളി സി.എച്ച്.സിയിൽ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച ഫിസിയോ തെറപ്പി വിഭാഗം കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് ആറുമാസമായിട്ടും തുറന്നുപ്രവർത്തിപ്പിക്കാൻ നടപടിയില്ലെന്ന് ആഷേപം. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണിതത്.
ജനുവരി ഒമ്പതിന് കെട്ടിടം അന്നത്തെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫിയാണ് ഉദ്ഘാടനം ചെയ്തത്. എന്നാൽ കെട്ടിടത്തിലേക്ക് വൈദ്യുതി-വാട്ടർ കണക്ഷനുകൾ ഇതുവരെ ഒരുക്കിയിട്ടില്ല. ശുചിമുറിയോടനുബന്ധിച്ച് ഡ്രെയിനേജ്, ടാങ്ക് എന്നിവ സ്ഥാപിച്ചിട്ടില്ല.
അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാതെ മുന്നണിധാരണപ്രകാരം പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിനുമുമ്പ് കെട്ടിടം ധിറുതിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നെന്നും ആക്ഷേപമുണ്ട്. നിരവധിപേർ ഫിസിയോ തെറപ്പി സംവിധാനം പ്രയോജനപ്പെടുത്തുന്ന ഇവിടെ പുതിയ കെട്ടിടം പണിതിട്ടും ഉപയോഗിക്കാനാവാത്തതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പുതിയ കെട്ടിടത്തിലേക്ക് ഉപകരണങ്ങളുടെ ആവശ്യകതയും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.