ശാസ്താംകോട്ട: കൊല്ലം-തേനീ ദേശീയപാതയിലെ പടി. കല്ലട ഗ്രാമ പഞ്ചായത്തിലെ കടപുഴ ഭാഗത്തെ റോഡിനോട് ചേർന്നുള്ള കാട് അപകടഭീഷണി ഉയർത്തുന്നു. ഈ ഭാഗം കൊടുംവളവാണ്. ഇവിടെയുള്ള ഉപരികുന്നിനെ ചുറ്റിയാണ് റോഡ് കടന്നുപോകുന്നത്. ഭരണിക്കാവ് ഭാഗത്തുനിന്ന് കുണ്ടറയിലേക്ക് പോകുമ്പോൾ കുന്നിനോട് ചേർന്നുള്ള ഭാഗമാണ് കാടുകയറിക്കിടക്കുന്നത്. സ്ഥലസൂചികകളും ഇൻറർലോക്ക് ഉപയോഗിച്ച് നിർമിച്ച നടപ്പാതയും വരെ കാടുകയറിയിട്ടുണ്ട്. ഇതുമൂലം റോഡിലേക്ക് കയറി നടക്കേണ്ടി വരുന്ന കാൽനടയാത്രക്കാർക്ക് വളവ് തിരിഞ്ഞു വരുന്ന വാഹനങ്ങൾ ഭീഷണിയാവുകയാണ്. ദേശീയപാത ആയതിനാൽ നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്.
മെച്ചപ്പെട്ട രീതിയിൽ റോഡ് നിർമിച്ചിട്ടുള്ളതിനാൽ വാഹനങ്ങൾ അമിതമായ വേഗത്തിലുമാണ് സഞ്ചരിക്കുന്നത്. ഇത് അപകടസാധ്യത വർധിപ്പിക്കുന്നു. ദേശീയപാത അതോറിറ്റിയാണ് കാട് വെട്ടിത്തെളിക്കേണ്ടത്. മുമ്പ് ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചോ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചോ കാട് വെട്ടിത്തെളിക്കാൻ കഴിയുമായിരുന്നു. എന്നാൽ, ഇപ്പോൾ അതിന് കഴിയാത്തതിനാൽ ഓരോ ദിവസവും കാട് റോഡിലേക്ക് വളർന്നുനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.